ആദ്യമായി പാലക്കാട് കൊല്ലങ്കോട് റെയില്‍വേ സ്‌റ്റേഷനില്‍ നിര്‍ത്തിയ മധുര തിരുവനന്തപുരം അമൃത എക്‌സ്പ്രസ്സിന് വന്‍ വരവേല്‍പ്

സ്റ്റോപ്പ് അനുവദിച്ച ശേഷം ആദ്യമായി പാലക്കാട് കൊല്ലങ്കോട് റെയില്‍വേ സ്‌റ്റേഷനില്‍ നിര്‍ത്തിയ മധുര തിരുവനന്തപുരം അമൃത എക്‌സ്പ്രസ്സിന് വന്‍ വരവേല്‍പ്. കൊല്ലങ്കോട് സ്റ്റേഷനില്‍ നിന്ന് ജനപ്രതിനിധികളുള്‍പ്പെടെ ട്രെയിനില്‍ യാത്രക്കാരായി.

ആവേശം നിറഞ്ഞ അന്തരീക്ഷത്തില്‍ രാത്രി 7.20 ന് കൊല്ലങ്കോട് റെയില്‍വേ സ്‌റ്റേഷനില്‍ മധുരയില്‍ നിന്നെത്തിയ അമൃത എക്‌സ്പ്രസ്സ് നിര്‍ത്തി. നൂറു കണക്കിന് പേരാണ് ആദ്യ ദിനം ട്രെയിനിന് വരവേല്‍പേകാന്‍ സ്റ്റേഷനിലേക്കെത്തിയത്.

പി കെ ബിജു എം പി , കെ ബാബു എം എല്‍ എ, പാലക്കാട് നഗരസഭാ ചെയര്‍മാന്‍ പ്രമീളാ ശശിധരന്‍ ഉള്‍പ്പെടെയുള്ള ജനപ്രതിനിധികളും വിവിധ രാഷ്ട്രീയ പാര്‍ടി നേതാക്കളും സ്വീകരണത്തിനെത്തി.

പാലക്കാട് പൊള്ളാച്ചി പാതയിലെ ഗേജ് മാറ്റത്തിനു ശേഷം അമൃത എക്‌സ്പ്രസ്സ് ആദ്യം പൊള്ളാച്ചി വരെയും പിന്നീട് മധുര വരെയും നീട്ടിയിരുന്നെങ്കിലും പാലക്കാട് ടൗണ്‍ സ്‌റ്റേഷന്‍ വിട്ടാല്‍ കേരളത്തിലെ വിടെയും സ്റ്റോപ്പുണ്ടായിരുന്നില്ല.

പി കെ ബിജു എം പി ഉള്‍പ്പെടെയുള്ളവരുടെ നിരന്തരമായ ഇടപെടലിനെ തുടര്‍ന്നാണ് കൊല്ലങ്കോട് സ്റ്റേഷനില്‍ സ്റ്റോപ്പെന്ന സ്വപ്നം സാക്ഷാത്ക്കരിച്ചത്

ആദ്യ ദിനത്തില്‍ കൊല്ലങ്കോട് സ്റ്റേഷനില്‍ ഇറങ്ങാനും കയറാനും നിരവധി യാത്രക്കാരുണ്ടായിരുന്നു. അമൃതയില്‍ നിന്ന് വേര്‍പെടുത്തി നിലമ്പൂരില്‍ നിന്നുള്ള രാജ്യറാണി എക്‌സ്പ്രസ്സ് പുതിയ ട്രെയിനായി സര്‍വ്വീസ് തുടങ്ങിയതിനൊപ്പമാണ് അമൃതക്ക് കൊല്ലങ്കോട് സ്റ്റോപ്പ് അനുവദിച്ചത്.

അമൃതക്ക് പുറമെ തിരുച്ചെന്തൂര്‍ എക്‌സ്പ്രസ്സിനും നിലവില്‍ കൊല്ലങ്കോട് സ്റ്റോപ്പുണ്ട്. പാലക്കാടിന്റെ കിഴക്കന്‍ മേഖലയിലെ യാത്രാ ക്ലേശം പരിഹരിക്കാന്‍ പകല്‍ സമയത്ത് സര്‍വ്വീസ് നടത്തുന്ന പാലക്കാട് പഴനി ചെന്നൈ എക്‌സ്പ്രസ്സിനും കൊല്ലങ്കോട് സ്റ്റോപ്പനുവദിക്കണമെന്നും, നവീകരണത്തിന് മുമ്പ് പാലക്കാട് നിന്ന് രാമേശ്വരം വരെ സര്‍വ്വീസ് നടത്തിയിരുന്ന പാസഞ്ചര്‍ ട്രെയിന്‍ പുന: സ്ഥാപിക്കണമെന്ന ആവശ്യവും നിലനില്‍ക്കുന്നുണ്ട്

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News