കൊച്ചി: ആലുവ എടയാറിലെ സ്വര്‍ണ്ണശുദ്ധീകരണ ശാലയിലേക്ക് കാറില്‍ കൊണ്ടുപോയ 20 കിലോ സ്വര്‍ണ്ണം കൊളളയടിച്ചു. ബൈക്കിലെത്തിയ രണ്ടംഗ സംഘമാണ് കാര്‍ ആക്രമിച്ച് സ്വര്‍ണ്ണം മോഷ്ടിച്ചത്.
വ്യാഴാഴ്ച രാത്രി 10 മണിയോടെയാണ് സംഭവം. എറണാകുളം സൗത്തിലെ സദനം എന്ന സ്വകാര്യ സ്ഥാപനത്തില്‍ നിന്നും ആലുവ എടയാറിലെ സ്വര്‍ണ്ണശുദ്ധീകരണശാലയിലേക്ക് കൊണ്ടുപോയ ആറ് കോടി വിലമതിക്കുന്ന 20 കിലോ സ്വര്‍ണ്ണമാണ് കൊളളയടിച്ചത്.
സിആര്‍ജി മെറ്റലേഴ്‌സ് എന്ന ശുദ്ധീകരണശാലയിലേക്ക് കൊണ്ടുംപോകുംവഴി ബൈക്കിലെത്തിയ രണ്ടംഗസംഘം കാര്‍ ആക്രമിച്ച് സ്വര്‍ണ്ണം കവരുകയായിരുന്നു.
കാറിന്റെ ഇരുവശങ്ങളിലും പിറകിലുമുളള ചില്ല് തകര്‍ത്താണ് മോഷ്ടിച്ചത്. രണ്ട് സ്റ്റീല്‍ ബോക്‌സുകളിലായി 25 കിലോ സ്വര്‍ണ്ണമാണ് ഉണ്ടായിരുന്നത്. ഇതില്‍ 20 കിലോ സൂക്ഷിച്ചിരുന്ന ബോക്‌സ് മോഷ്ടാക്കള്‍ കവര്‍ന്നു. കാറിലുണ്ടായിരുന്ന നാല് പേരില്‍ ഡ്രൈവറടക്കം രണ്ട് പേര്‍ക്ക് ആക്രമണത്തില്‍ പരിക്കേറ്റു. കവര്‍ച്ച നടത്തിയവരെക്കുറിച്ച് പൊലീസ് അന്വേഷണം ഊര്‍ജ്ജിതമാക്കിയിട്ടുണ്ട്.
ഫൊറന്‍സിക് വിദഗ്ധരും സ്ഥലത്തെത്തി പരിശോധന നടത്തി. സ്വര്‍ണ്ണം കൊണ്ടുവരുന്നുണ്ട് എന്ന് മുന്‍കൂട്ടി അറിവുളളവരാകാം ഇതിന് പിന്നിലെന്നാണ് പൊലീസിന്റെ പ്രാഥമിക വിലയിരുത്തല്‍. സ്വര്‍ണ്ണം കൊണ്ടുവന്ന സ്ഥാപനത്തിലെയും ശുദ്ധീകരണകമ്പനിയിലെയും ജീവനക്കാരെ ചോദ്യം ചെയ്‌തേക്കും.
മുന്‍പ് സംസ്ഥാനത്തിന്റെ പല ഭാഗങ്ങളിലും സമാനമായ രീതിയില്‍ കവര്‍ച്ച നടന്ന സംഭവങ്ങളുമായി ബന്ധപ്പെട്ടവരെ കേന്ദ്രീകരിച്ചും അന്വേഷണം പുരോഗമിക്കുകയാണ്.
എടയാറില്‍ ഇത്തരമൊരു സ്ഥാപനം പ്രവര്‍ത്തിച്ചിരുന്നതായി അറിവുണ്ടായിരുന്നില്ലെന്നാണ് ബിനാനിപുരം പൊലീസ് പറയുന്നത്. 25 വര്‍ഷമായി പ്രവര്‍ത്തിക്കുന്ന സ്ഥാപനമാണെന്ന് പറയുമ്പോഴും സ്ഥാപനത്തിന്റെ ബോര്‍ഡുപോലും ഇല്ലാത്തത് ദുരൂഹത വര്‍ദ്ധിക്കുന്നുണ്ട്. അതിനാല്‍ നഷ്ടപ്പെട്ട സ്വര്‍ണ്ണം അടക്കമുളളവയ്ക്ക് മതിയായ രേഖകള്‍ ഉണ്ടോയെന്നും പൊലീസ് പരിശോധിക്കുന്നുണ്ട്.

Get real time update about this post categories directly on your device, subscribe now.