അയോധ്യ തര്‍ക്ക ഭൂമി കേസ്; മധ്യസ്ഥ ചര്‍ച്ചയ്ക്ക് സമയം നീട്ടി നല്‍കി സുപ്രീംകോടതി

ദില്ലി: അയോധ്യ തര്‍ക്ക ഭൂമി കേസില്‍ മധ്യസ്ഥ ചര്‍ച്ചയ്ക്ക് സമയം നീട്ടി നല്‍കി സുപ്രീംകോടതി. ആഗസ്റ്റ് 15 വരെയാണ് സമിതിക്ക് സമയം നീട്ടി നല്‍കിയത്. മധ്യസ്ഥ ചര്‍ച്ചയില്‍ പുരോഗതി ഉണ്ടെന്നും സമയം നീട്ടി നല്‍കണം എന്നും ഇടക്കാല റിപ്പോര്‍ട്ടില്‍ മധ്യസ്ഥ സമിതി ആവശ്യപ്പെട്ടു.

അയോധ്യ തര്‍ക്ക ഭൂമി കേസില്‍ മധ്യസ്ഥ ചര്‍ച്ച നടത്തുന്ന മുന്‍ സുപ്രീം ജസ്റ്റിസ് ഇബ്രാഹിം ഖലീഫുള്ള അധ്യക്ഷനായ സമിതിയുടെ ഇടക്കാല റിപ്പോര്‍ട്ട് പരിഗണിച്ച ശേഷമാണ് ചര്‍ച്ചയ്ക്ക് കൂടുതല്‍ സമയം അനുവദിക്കാനുള്ള സുപ്രീം കോടതി തീരുമാനം. ചര്‍ച്ചയില്‍ പുരോഗതി ഉണ്ടെന്നും ആഗസ്റ്റ് 15 വരെ സമയം നീട്ടി നല്‍കണം എന്നുമായിരുന്നു സമിതിയുടെ ആവശ്യം.

വര്‍ഷങ്ങളായി തീര്‍പ്പക്കാതെ കിടക്കുന്ന കേസ് ആണ് ഇത്. മധ്യസ്ഥ ചര്‍ച്ച നടത്തുന്നവര്‍ക്ക് ശുഭാപ്തി വിശ്വാസം ഉണ്ടെങ്കില്‍ കോടതി എന്തിന് എതിര് നില്‍ക്കണം. അത് കൊണ്ട് ചര്‍ച്ചയെ വെട്ടിച്ചുരുക്കാന്‍ ആഗ്രഹിക്കുന്നില്ല എന്നും ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗാഗോയി പറഞ്ഞു.

എന്നാല്‍ രഹസ്യ സ്വഭാവം ഉളളതിനാല്‍ ചര്‍ച്ചയില്‍ എന്ത് പുരോഗതി ഉണ്ടായി എന്ന് പറയാന്‍ ആകില്ല എന്നും ചീഫ് ജസ്റ്റിസ് കൂട്ടിച്ചേര്‍ത്തു. റംസാന്‍ മാസം ആയതിനാല്‍ ചര്‍ച്ചകള്‍ ഇപ്പോള്‍ നടക്കുന്നില്ല. ജൂണില്‍ ചര്‍ച്ചകള്‍ പുനരാരംഭിക്കും എന്ന് മധ്യസ്ഥ സമിതി കോടതിയെ അറിയിച്ചു.

മധ്യസ്ഥ ചര്‍ച്ചയില്‍ സഹകരിക്കുന്നുണ്ട് എന്ന് മുസ്‌ളീം – ഹിന്ദു സംഘടനകള്‍ കോടതിയെ അറിയിച്ചു. മാര്‍ച്ച് 8ന് മധ്യസ്ഥ ചര്‍ച്ചയ്ക്ക് ഭരണ ഘടനാ ബഞ്ച് ഉത്തരവിട്ട ശേഷം ഇത് ആദ്യമായാണ് കേസ് കോടതിയുടെ പരിഗണനയില്‍ വന്നത്. സമയം നീട്ടി നല്‍കിയത് മൂലം ലോക്‌സഭാ തെരഞ്ഞെടുപ്പ് ചര്‍ച്ചകളില്‍ വിഷയം സജീവമാകാനുള്ള സാധ്യതകളും ഇതോടെ കുറഞ്ഞു

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News