അബ്ദുള്ള നേടിയ പത്തരമാറ്റ് പത്താം ക്ലാസ്സ് വിജയത്തിന് തിളക്കമേറെ; ഇനി ആഗ്രഹം മുഖ്യമന്ത്രിയെയും ക്രിസോസ്റ്റം തിരുമേനിയേയും കാണണമെന്നത്

ശാരീരിക വൈകല്യങ്ങളെ അനായാസം മറികടന്ന് എസ്എസ്എല്‍സി പരീക്ഷയില്‍ അബ്ദുള്ള നേടിയ പത്തരമാറ്റ് വിജയത്തിന് തിളക്കമേറെയാണ്. സെറിബ്രല്‍ പള്‍സി ബാധിച്ച കുട്ടിയുടെ പരിചരണം ജീവിത ലക്ഷ്യമാക്കിയ മാതാപിതാക്കളുടെ വിജയമെന്ന് പറയുന്നതാവും കൂടുതല്‍ ശരി.

സ്വന്തം വൈകല്യങ്ങളെയും വൈദ്യ ശാസ്ത്രത്തെയും തോല്‍പിച്ച് പത്തനംതിട്ട റാന്നി സ്വദേശിയായ പിഎസ് അബ്ദുള്ള നേടിയ പത്തരമാറ്റ് പത്താം ക്ലാസ്സ് വിജയത്തിന് തിളക്കമേറെയാണ്.

സെറിബ്രല്‍ പള്‍സി ബാധിച്ച അബ്ദുള്ളയ്ക്ക് മൂന്നു മാസം മാത്രമായിരുന്നു ഡോക്ടര്‍മാര്‍ വിധിച്ച ആയുസ്സ്. തുടര്‍ന്നും ജീവിക്കുകയാണെങ്കില്‍ കൃത്രിമ ശ്വസന സംവിധാനങ്ങളുടെ സഹായത്തോടെ മാത്രമായിരിക്കുമെന്നും ഡോക്ടര്‍മാര്‍ വിധിയെഴുതി.

എന്നാല്‍ എല്ലാം വിധിക്ക് വിട്ടുകൊടുക്കാന്‍ അബ്ദുല്ലയുടെ മാതാപിതാക്കളായ പി എസ് ഷൂജയും, റെജീന ബീഗവും തയ്യാറായിരുന്നില്ല. അബ്ദുള്ള എല്ലാ കാര്യങ്ങള്‍ക്കും അവര്‍ കൂടെ നിന്നു. റാന്നി ബിആര്‍സിയുടെ കീഴില്‍ ഓട്ടിസം സെന്റര്‍ തുറന്ന് ഭിന്നശേഷിക്കാരായ കുട്ടികള്‍ക്ക് വേണ്ടി പ്രവര്‍ത്തിക്കാന്‍ ഇവര്‍ക്ക് പ്രേരണയായതും അബ്ദുള്ള തന്നെ.

പല തിക്താനുഭവങ്ങളും മറികടന്നാണ് ഇതുവരെ എത്തി ചേര്‍ന്നതെന്ന് മാതാപിതാക്കളും സാക്ഷ്യപ്പെടുത്തുന്നു. ശാസ്ത്രമേളകളില്‍ ഉള്‍പ്പടെ പങ്കെടുത്ത് വിജയം വരിച്ച അബ്ദുള്ളയുടെ വിജയം അഭിനന്ദനാഹര്‍ മെന്ന് അധ്യാപകരും സാക്ഷ്യപ്പെടുത്തുന്നു.

സോഫ്ട് വെയര്‍ എന്‍ജിനിയറോ, സിവില്‍ സര്‍വന്റോ ആകണമെന്ന് ആഗ്രഹമുള്ള അബ്ദുള്ളയ്ക്ക് മുഖ്യമന്ത്രി പിണറായി വിജയനേയും മാര്‍ ക്രിസോസ്റ്റം തിരുമേനിയേയും അടുത്ത് കണ്ട് സംസാരിക്കണമെന്നാണ് ആഗ്രഹം. അതിനായിട്ടാണ് അബ്ദുള്ള കാത്തിരിക്കുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here