തൃശൂര്‍ പൂരത്തെ മുന്‍നിര്‍ത്തി സര്‍ക്കാരിനെതിരെ പോര്‍വിളി; സംഘപരിവാര്‍ അനുകൂലികളുടെ ഇരട്ടതാപ്പ് ചര്‍ച്ചയാവുന്നു

തൃശൂര്‍ പൂരത്തെ മുന്‍നിര്‍ത്തി സര്‍ക്കാരിനെതിരെ പോര്‍വിളി നടത്തുന്ന സംഘപരിവാര്‍ അനുകൂലികളുടെ ഇരട്ടതാപ്പ് ചര്‍ച്ചയാവുന്നു.

തെച്ചിക്കോട്ട്കാവ് രാമചന്ദ്രനെ മുന്‍നിര്‍ത്തി സര്‍ക്കാരിനെതിരെ പോര്‍മുഖം തുറക്കുന്ന സംഘപരിവാറിന് അവരുടെ തന്നെ നേതാക്കളുടെ അഭിപ്രായങ്ങള്‍ വിലങ്ങ് തടിയാവുന്നു.

ക്ഷേത്രങ്ങളിലെ വെടിക്കെട്ടും, ആനയെഴുന്നെളളിപ്പും നിരോധിക്കണമെന്ന സ്വാമി ചിദാനന്ദപുരി, ആര്‍എസ്എസ് നേതാക്കളായ ആര്‍ഹരി, ജെ നന്ദകുമാര്‍ എന്നിവരുടെ അഭിപ്രായം ചര്‍ച്ചയാക്കി സോഷ്യല്‍ മീഡിയയില്‍ പേര് കനക്കുകയാണ്.

തൃശൂര്‍ പൂരത്തെ ചൊല്ലി സംഘപരിവാര്‍ അനുകൂലികള്‍ സേഷ്യല്‍ മീഡിയയില്‍ സര്‍ക്കാരിനെതിരെ ആഞ്ഞടിക്കുമ്പോഴാണ് അവരുടെ തന്നെ നേതാക്കളും ആചാര്യന്‍മാരും മുന്‍പ് പറഞ്ഞ കാര്യങ്ങള്‍ തിരിഞ്ഞ് കൊത്തുന്നത്.

ശബരിമല കര്‍മ്മ സമിതിയുടെ രക്ഷാധികാരിയും ആര്‍എസ്എസിന്റെ അദ്ധ്യാത്മിക നേതാവുമായ സ്വാമി ചിദാനന്ദന്തപുരി ആര്‍എസ്എസ് മുഖമാസികയായ കേസരിയില്‍ എഴുതിയ ലേഖനം നോക്കുക. പുറ്റിങ്ങല്‍ വെടിക്കെട്ട് അപകടത്തിന്റെ സമയത്ത് എഴുതിയ മുഖലേഖനത്തിന്റെ തലക്കെട്ട് തന്ന കരിയും വേണ്ട കരിമരുന്നും വേണ്ട എന്നാണ്.

കോടികള്‍ ചിലവിട്ട് നടത്തുന്ന ഇത്തരം ധൂര്‍ത്ത് നിര്‍ത്തണമെന്നാണ് സ്വാമി ചിദാനന്ദപുരി എഴുതിയിരിക്കുന്നത്. ആര്‍എസ്എസ് അഖിലേന്ത്യാ നേതാവും, പ്രജ്ഞാ പ്രവാഹിന്റെ ദേശീയ കോ-ഓര്‍ഡിനേറ്ററുമായ ജെ.നന്ദകുമാരും സമാനമായ അഭിപ്രായം ആണ് ലേഖനത്തില്‍ പങ്ക് വെയ്ക്കുന്നത്. 2016 ചാലക്കുടിയില്‍ വെച്ച് നടന്ന ഹിന്ദു ഐക്യവേദിയുടെ സംസ്ഥാന സമ്മേളനത്തിലാണ് കരിയും, കരിമരുന്നും ക്ഷേത്രങ്ങളില്‍ നിന്ന് അകറ്റി, ആ പണം ഹിന്ദു സമുദായത്തിന്റെ ഉന്നമനത്തിനായി ചെലവഴിക്കണമെന്ന് ആര്‍എസ്എസ് മുന്‍ അഖിലേന്ത്യ ബൗദ്ധിക്ക് പ്രമുഖ് ആര്‍ ഹരി അഭിപ്രായപ്പെട്ടത്.

ഹിന്ദു ഐക്യവേദി സംസ്ഥാന അദ്ധ്യക്ഷ കെ.പി ശശികലയെ വേദിയിലിരുത്തിയാണ് ആര്‍ .ഹരി ഇത്തരം ഒരു അഭിപ്രായം പങ്ക് വെച്ചത് എന്നത് ശ്രദ്ധേയമാണ്. വെടികെട്ടിനും ആനയെഴുന്നളളപ്പിനെയും പറ്റി പുരോഗമനപരായി എഴുതുകയും, പ്രസംഗിക്കുകയും ചെയ്ത ശേഷം അണികളെ കയറൂരി വിട്ട് സര്‍ക്കാരിനെ ആക്രമിക്കുന്നതിന്റെ ഇരട്ടതാപ്പ് ആണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയ ചര്‍ച്ച ചെയ്യുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News