ബാഴ്‌സ കോച്ച് വാല്‍വര്‍ദെ പുറത്തേക്ക്; തന്ത്രങ്ങള്‍ പിഴച്ച കോച്ചിന് ഡ്രസിങ്ങ് റൂമിലും സ്വീകാര്യതയില്ലെന്ന് റിപ്പോര്‍ട്ട്

യുവേഫ ചാമ്പ്യന്‍സ് ലീഗ് രണ്ടാംപാദ സെമിയില്‍ ലിവര്‍പൂളിനോടേറ്റ നാണംകെട്ട തോല്‍വിയുമായി ഇപ്പോഴും താദാത്മ്യം പ്രാപിക്കാനായിട്ടില്ലാത്ത ബാഴ്സലോണയുടെ പരിശീലക സ്ഥാനം ഏണസ്റ്റോ വാല്‍വെര്‍ദെയ്ക്ക് നഷ്ടമായേക്കും.

യൂറോപ്യന്‍ ലീഗില്‍ തുടര്‍ച്ചയായ രണ്ടാം വട്ടവും പരാജയപ്പെട്ട വാല്‍വര്‍ദെ രാജിവെയ്ക്കുമെന്നാണ് ബാഴ്‌സ അധികൃതര്‍ കരുതുന്നത്. സ്ഥാനമൊഴിഞ്ഞില്ലെങ്കില്‍ നിര്‍ബന്ധിത രാജി ആവശ്യപ്പെടാന്‍ ക്ലബ് തയ്യാറായേക്കുമെന്നും സ്പാനിഷ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ബാഴ്സയുമായുള്ള വാല്‍വെര്‍ദെയുടെ കരാര്‍ അവസാനിക്കാന്‍ ഒരു വര്‍ഷം കൂടി ബാക്കിയുണ്ട്.

2017 മെയില്‍ ലൂയിസ് എന്റിക്വിന്റെ പിന്‍ഗാമിയായിട്ടായിരുന്നു വാല്‍വെര്‍ദെ ബാഴ്സയുടെ പരിശീലകനായി എത്തിയത്. രണ്ട് സീസണില്‍ ബാഴ്സക്ക് ലാ ലിഗ കിരീടം നേടിക്കൊടുത്തെങ്കിലും ചാമ്പ്യന്‍സ് ലീഗില്‍ വാല്‍വെര്‍ദെ പരാജയമായി. ഇതോടെ വാല്‍വെര്‍ദെ ആരാധകരുടെ നീരസം സമ്പാദിച്ചു.

അയാക്സിനെ ചാമ്പ്യന്‍സ് ലീഗ് സെമി ഫൈനല്‍ വരെയെത്തിച്ച പരിശീലകന്‍ എറിക് ടെന്‍ഹാഗ്, പി.എസ്.ജിയുടെ പരിശീലകന്‍ ലോറന്റ് ബ്ലാങ്ക്, റയല്‍ ബെറ്റിസ് പരിശീലകന്‍ ക്വിക് സെറ്റീന്‍ എന്നിവരേയാണ് ബാഴ്സ പരിശീലക സ്ഥാനത്തേക്ക് പരിഗണിക്കുന്നതെന്നും റിപ്പോര്‍ട്ടുകളില്‍ പറയുന്നു.

ചാമ്പ്യന്‍സ് ലീഗില്‍ ഇതുവരെ കിരീട നേട്ടമില്ലാത്ത യുവന്റ്‌സ് കോച്ച് മാസിമിലാനോ അല്ലെഗ്രിയെയും ബാഴ്‌സ പരിഗണിക്കുന്നതായി സൂചനയുണ്ട്. അഞ്ച് വര്‍ഷത്തെ കരാറിന് ശേഷം യുവന്റസിനോട് വിടപറയുന്ന അല്ലെഗ്രി ബാഴ്‌സലോണയുമായി ചര്‍ച്ചയിലാണെന്നും റിപ്പോര്‍ട്ടുകളുണ്ട്.

ലാ ലിഗ കിരീടവും കോപ്പ ഡെല്‍റേ കീരീടവും സ്വന്തമാക്കിയ വാല്‍വര്‍ദെയ്ക്ക് തുടര്‍ച്ചയായ രണ്ടാം വട്ടമാണ് സ്‌പെയിനിന് പുറത്ത് കാലിടറുന്നത്. കഴിഞ്ഞ കുറി ക്വാര്‍ട്ടറില്‍ റോമയ്ക്ക് മുന്നിലായിരുന്നു മെസിയുടെയും സംഘത്തിന്റെയും തോല്‍വി. ഇത്തവണ ആന്‍ഫീല്‍ഡില്‍ ഇംഗ്ലണ്ടിലെ ചുവന്ന ചെകുത്താന്‍മാരായ ലിവര്‍പൂളിന് മുന്നിലും.

അതും മുന്നേറ്റ നിരയിലെ കൊമ്പന്മാരായ മുഹമ്മദ് സലായും ഫിര്‍മ്യാനോയും പരുക്ക് മൂലം കളിക്കാത്ത മത്സരത്തില്‍. രണ്ട് വര്‍ഷവും ആദ്യപാദത്തിലെ വിജയത്തിന് പിന്നാലെയായിരുന്നു വാല്‍വര്‍ദെയുടെ കുട്ടികളുടെ തോല്‍വി. ലിവര്‍പൂളിനെതിരായ തോല്‍വിയോടെ ഡ്രസ്സിങ് റൂമിലും ക്ലബ് ആരാധകര്‍ക്കിടയിലും വാല്‍വെര്‍ദെയ്ക്ക് സ്വീകാര്യത നഷ്ടപ്പെട്ടെന്നും സ്പാനിഷ് മാധ്യമങ്ങളുടെ റിപ്പോര്‍ട്ടില്‍ പറയുന്നു.

വാല്‍വര്‍ദെയുടെ ഡിഫന്‍സീവ് ഗെയിമാണ് ലിവര്‍പൂളിനെതിരായ തോല്‍വിക്ക് കാരണങ്ങളിലൊന്ന്. ആദ്യപാദത്തില്‍ നേടിയ മൂന്ന് ഗോള്‍ ലീഡില്‍ ഫൈനല്‍ പ്രവേശനമായിരുന്നു ബാഴ്‌സയുടെ ലക്ഷ്യം.

ഗോളടിക്കുന്നതിന് പകരം ലിവര്‍പൂളിനെ ഗോളടിപ്പിക്കാതിരിക്കുക എന്നതായിരുന്നു വാല്‍വര്‍ദെയുടെ തന്ത്രം. സൂപ്പര്‍ താരം മെസിയടക്കം പ്രതിരോധത്തിലേക്ക് പിന്‍വലിഞ്ഞ് കളിച്ചത് ഇതിനുദാഹരണം. ഈ തന്ത്രം യുര്‍ഗന്‍ ക്ലോപ്പിന്റെ കുട്ടികള്‍ക്ക് നല്‍കിയത് ‘ഞങ്ങളെ ആക്രമിക്കൂ’ എന്ന സന്ദേസശമാണ്. ഈ നെഗറ്റീവ് തന്ത്രത്തെ തുടര്‍ന്ന് ആദ്യ പകുതിയിലെ കളി പൂര്‍ണമായും ബാഴ്‌സയുടെ കളത്തില്‍ തന്നെ ഒതുങ്ങി.

മറ്റൊന്ന് അതിവേഗ ഗെയിമിന് മുന്നില്‍ കറ്റാലന്‍ ടീം നിരന്തരമായി പതറുന്നുവെന്നതാണ്. മുന്‍നിര പ്രതിരോധത്തിലേക്ക് പിന്മാറിയതോടെ മധ്യഭാഗത്ത് ആറുപേര്‍ മതില്‍പോലെ കളിച്ചു. ഇതോടെ ലിവര്‍പൂളിന്റെ മുന്നേറ്റങ്ങളെ ഒരുപരിധി വരെ തടയാന്‍ ബാഴ്‌സയ്ക്കായി. ആദ്യപകുതിയിലെ അനുഭവങ്ങളില്‍ നിന്ന് ക്ലോപ്പ് രണ്ടാം പകുതിയിലേക്കുള്ള തന്ത്രം മാറ്റിയപ്പോള്‍ വാല്‍വര്‍ദെയും കളിക്കാരുമാകട്ടെ ഡിഫന്‍സീവ് ഗെയിം മാറ്റാന്‍ തയ്യാറായില്ല.

ആദ്യ പാദ ലീഡിലെ അമിത ആത്മവിശ്വാസമായിരുന്നു കാരണം. പ്ലാന്‍ ബിയുടമായെത്തിയ ലിവര്‍പൂള്‍ ബാഴ്‌സയുടെ സ്‌പേസ് അടച്ചുള്ള കളിയെ തകര്‍ക്കാന്‍ ഇരുവിങ്ങുകളിലേക്ക് നീങ്ങി. മില്‍നറും മാനേയും വലതുഭാഗത്തും ഷാക്കിരിയും ഹെന്‍ഡേഴ്‌സണും ഇടതുഭാഗത്തും സ്‌പേസ് കണ്ടെത്തിയതോടെ ബാഴ്‌സയുടെ പ്രതിരോധ നിരയില്‍ വിള്ളലുണ്ടായി. ഫലമോ രണ്ടാം പകുതിയില്‍ പകരക്കാരനായെത്തിയ ജോര്‍ജിനോ വിനാല്‍ഡം 54ാം മിനിട്ടില്‍ ലിവര്‍പൂളിന്റെ രണ്ടാം ഗോള്‍ കണ്ടെത്തി.

മുന്നേറ്റനിരക്കാരെ പൂട്ടാന്‍ ബാഴ്‌സയുടെ പ്രതിരോധം ശ്രമിച്ചപ്പോള്‍ തുറന്നുകിട്ടിയ വഴിയിലൂടെ വിനാള്‍ഡം മൂന്ന് മിനിട്ടിനുള്ളില്‍ രണ്ടാമതും സ്‌കോര്‍ ചെയ്തതോടെ ഇരു ടീമുകളും ഒപ്പമെത്തി. മൂന്നാം ഗോള്‍ വഴങ്ങിയതോടെ ബാഴ്‌സ തളര്‍ന്നു. നിര്‍ണായക എവേ ഗോളിനുള്ള തന്ത്രം വെല്‍വര്‍ദെയ്ക്കില്ലാതെ പോയി. ലിവര്‍പൂളാകട്ടെ വിജയഗോളിനായി കുതിപ്പ് തുടര്‍ന്നു.

കോര്‍ണര്‍, ഫ്രീ കിക്ക് സമയത്ത് ബാഴ്‌സ താരങ്ങള്‍ അലസരാകാറുണ്ടെന്ന മാച്ച് അനലിസ്റ്റുകളുടെ കണ്ടെത്തലിലൂടെയാണ് ലിവര്‍പൂളിന്റെ നാലാം ഗോള്‍ പിറന്നത്. കോര്‍ണറിനായി ബോള്‍ ബോയ് കനോനിയര്‍ വേഗം പന്തിട്ടുകൊടുത്തതോടെ ബാഴ്‌സ താരങ്ങള്‍ അലസതം കൈവിടുന്നതിന് മുമ്പ് തന്നെ അര്‍നോള്‍ഡിന് കിക്കെടുക്കാനായി.

ഡിവേക് ഒറിജിയാകട്ടെ ഇതില്‍ നിന്ന് വിജയഗോള്‍ കണ്ടെത്തുകയും ചെയ്തു. വേഗവും ശാരീരിക ക്ഷമതയും കൊണ്ട് മെസിപ്പടയെ നിയന്ത്രിക്കാമെന്ന ഗൃഹപാഠം സൂപ്പര്‍ താരങ്ങളില്ലാത്ത ചുവന്ന ചെകുത്താന്‍മാര്‍ കാട്ടിത്തന്നു.

വേഗവും ശാരീരിക ക്ഷമതയും കണക്കിലെടുക്കുമ്പോള്‍ ഇരുടീമുകളുടെയും ശരാശരി പ്രായവും നോക്കേണ്ടി വരും. ക്ലോപ്പിന്റെ കുട്ടികളുടെ ശരാശരി പ്രായം 26.7 ആണ്. ടീമിലെ ഏറ്റവും മുതിര്‍ന്ന അംഗത്തിന്റെ പ്രായം മുപ്പതിനടുത്ത പ്രായമുള്ളത് ജെയിംസ് മില്‍നര്‍ക്ക് മാത്രം.

മറുവശത്താകട്ടെ ബാഴ്‌സയുടെ ശരാശരി പ്രായം തന്നെ മുപ്പതിനടുത്താണ്. മെസിയടക്കം മുപ്പതിന് മുകളില്‍ പ്രായമുള്ള ഏഴ് പേര്‍ ബാഴ്‌സ ടീമിലുണ്ട്. ഹൈ പ്രസിങ്ങ് യൂറോപ്യന്‍ കളികളില്‍ പിടിച്ചുനില്‍ക്കാന്‍ ഈ 30പ്ലസ് ടീമിന് കഴിയില്ല.

രണ്ട് വര്‍ഷത്തിനിടയ്ക്ക് ഒരേ തെറ്റ് ആവര്‍ത്തിക്കാനാവില്ലെന്ന് ബാഴ്‌സയുടെ സ്‌ട്രൈക്കര്‍ ലൂയിസ് സുവാരസ് പറയുന്നു. ഒരു ടീം എന്ന നിലയില്‍ ബാഴ്‌സ ആത്മപരിശോധന നടത്തേണ്ട സമയമാണിത്. ഒരേ തരത്തിലുള്ള തോല്‍വി സംഭവിക്കുന്നത് രണ്ടാം തവണയാണ്.

എവിടെയൊക്കെയാണ് പിഴച്ചതെന്ന് മുഖം നോക്കാതെ തന്നെ പറയേണ്ടതുണ്ട്. ഒരു മിനിറ്റിനുള്ളില്‍ രണ്ട് ഗോള്‍ വഴങ്ങുക എന്ന അസാധ്യമാണ്. ലിവര്‍പൂള്‍ നാലാം ഗോള്‍ നേടുമ്പോള്‍ ഞങ്ങള്‍ സ്‌കൂള്‍ കുട്ടികളെപ്പോലെയാണ് കളിച്ചതെന്നും സുവാരസ് പറയുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here