വാക്ക്‌ പാലിച്ച്‌ സർക്കാർ; ക്ഷാമബത്ത കുടിശ്ശിക 15 മുതൽ നൽകും

സർക്കാർ ജീവനക്കാർക്കും അധ്യാപകർക്കും ക്ഷാമബത്ത കുടിശിക പണമായി നൽകുമെന്ന വാഗ്ദാനം പാലിച്ച്‌ സംസ്ഥാന സർക്കാർ.

വരുന്ന 15 മുതൽ മൂന്നു ദിവസങ്ങളിലായി ശമ്പളവിതരണത്തിലെ ക്രമീകരണത്തിന് അനുസരിച്ച് ജീവനക്കാരുടെ ക്ഷാമബത്ത കുടിശിക പണമായി നൽകും.

മന്ത്രി തോമസ്‌ ഐസക്കാണ്‌ ഫെയ്സ്ബുക്ക് പോസ്റ്റിലൂടെ ഇക്കാര്യം അറിയിച്ചത്‌. കുടിശ്ശിക വിതരണം സംബന്ധിച്ച്‌ വ്യാജ പ്രചരണങ്ങൾ നടക്കുന്നതിനിടെയാണ്‌ മന്ത്രി ഇക്കാര്യം അറിയിച്ചത്‌.

1100 കോടി രൂപയാണ് ഇതിനായി വേണ്ടിവരിക. പെൻഷൻകാരുടെ ക്ഷാമബത്ത കുടിശിക പണമായിത്തന്നെ അവരുടെ അക്കൗണ്ടുകളിൽ ക്രെഡിറ്റ് ചെയ്തുകഴിഞ്ഞു. 603 കോടി രൂപയാണ് ഇതിനായി വേണ്ടിവന്നത്.

ആകെ 1700 ലധികം കോടി രൂപയാണ് ജീവനക്കാർക്കും പെൻഷൻകാർക്കുമായി ഇപ്പോൾ കുടിശിക ഇനത്തിൽ വിതരണം ചെയ്യുന്നത്. പുതിയ അധ്യായവർഷാരംഭത്തിൽ ഇത് വലിയൊരു കൈത്താങ്ങാകും.

2018 ജനുവരി ഒന്ന് മുതൽ കുടിശികയായിരുന്ന രണ്ട് ശതമാനവും ജൂലൈ ഒന്ന് മുതൽ കുടിശികയായിരുന്ന മൂന്ന് ശതമാനവും ക്ഷാമബത്തയാണ് ഏപ്രിൽ മാസത്തെ ശമ്പളത്തോടൊപ്പം നൽകിയത്.

തെരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തിൽ വിഭവസമാഹരണത്തിൽ കേന്ദ്രസർക്കാർ ഏർപ്പെടുത്തിയ ചില നിയന്ത്രണങ്ങൾമൂലമാണ് 15 ദിവസത്തേയ്ക്ക് ഇത് മാറ്റിവയ്ക്കേണ്ടി വന്നത്.

എന്നാൽ കുടിശിക പണമായി നൽകുമെന്ന ബജറ്റ് വാഗ്ദാനത്തിൽ നിന്നും സർക്കാർ ഒരിക്കൽപ്പോലും പിന്നോട്ടു പോയിട്ടില്ലെന്നും തോമസ്‌ ഐസക്ക്‌ ഫേസ്‌ബുക്ക്‌ പോസ്‌റ്റിൽ പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here