കേരളത്തിൽ ആർഎസ്‌എസ് കലാപത്തിന് ശ്രമിച്ചു; തമ്മിലടി ഇക്കാരണത്താലെന്ന് കോടിയേരി ബാലകൃഷ്ണന്‍

കേരളത്തിൽ ആർഎസ്‌എസും ബിജെപിയും ശബരിമല വിധിയുടെ മറവിൽ കലാപത്തിന്‌ ശ്രമിച്ചിരുന്നു എന്നതാണ്‌ പുറത്തുവരുന്നതെന്ന്‌ സിപിഐ എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്‌ണൻ.

നേതാക്കന്മാർ തമ്മിൽ സോഷ്യൽ മീഡിയയിലടക്കം നടക്കുന്ന തമ്മിലടി ഇക്കാരണത്താലാണ്‌. കലാപശ്രമം നടക്കാത്തതിന്റെ നിരാശയാണ്‌ ഇതിൽ വെളിവാകുന്നതെന്നും കോടിയേരി പറഞ്ഞു. തിരുവനന്തപുരത്ത്‌ വർത്താസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ആർഎസ്‌എസ്‌ സമരത്തിന്‌ ഉപയോഗിച്ച്‌ പറ്റിച്ചു എന്നാണ്‌ “റെഡി ടു വെയ്‌റ്റ്‌'” നേതാക്കളായ സ്‌ത്രീകൾതന്നെ പറയുന്നത്‌. ശബരിമലയിൽ സ്‌ത്രീ പ്രവേശനം വേണ്ടതിന്റെ ആവശ്യകതയെപ്പറ്റി ആർഎസ്‌എസ്‌ നേതാവ്‌ ആർ ഹരി തന്നെ അവരുടെ ലേഘനങ്ങളിൽ എഴുതിയിട്ടുണ്ട്‌.

അത്‌ മറച്ചുവക്കാൻ പരമാവധി ശ്രമിച്ചെങ്കിലും അവസാനം പൊളിഞ്ഞു. അത്‌ കേരളത്തിൽ ഏറ്റില്ല എന്നറിഞ്ഞപ്പോഴാണ്‌ തൃശ്ശൂർ പൂരത്തിനെ അപകീർത്തിപ്പെടുത്താൻ ശ്രമം തുടങ്ങിയത്‌ ‐ കോടിയേരി പറഞ്ഞു.

സർക്കാരിന്റെ മഴക്കാല പൂർവ്വ ശുചീകരണപ്രവർത്തനത്തിൽ മുഴുവൻ സിപിഐ എം പ്രവർത്തകന്മാരും പങ്കാളികളാകണം. മെയ്‌ 18,19 ദിവസങ്ങളിൽ വാർഡ്‌ തലത്തിൽ ശുചീകരണം നടത്തണം. എല്ലാ പ്രവർത്തകരും ഇതിൽ പങ്കെടുക്കണം.

മുൻസിപ്പാലിറ്റികളിലും പഞ്ചായത്തുകളിലും കൃത്യമായി മാലിന്യക്കൂമ്പാരം നീക്കം ചെയ്യണം. വീട്ടു പരിസരം, ഓഫീസ്‌ പരിസരം, പർട്ടി ഓഫീസും പരിസരങ്ങളും ശുചിയായി വക്കുന്നതിനുള്ള പ്രവർത്തനങ്ങൾ അതത്‌ പ്രദേശത്തെ നേതാക്കൾ ഏറ്റെടുക്കണം. കുളങ്ങളും തോടുകളും കിണറുകളും പുഴകളും മാലിന്യമുക്തമാക്കണം.

കേന്ദ്ര സർക്കാർ ദേശീയപാത വികസനത്തിന്‌ തടസ്സം നിൽക്കുന്ന നിലപാട്‌ മാറ്റിയത്‌ ജനവികാരം ശക്തമായതിനാലാണ്‌. അടിസ്ഥാന സൗകര്യ വികസനത്തിൽ കേരളം പിറകിലാണ്‌. ഗതാഗതക്കുരുക്കില്ലാലെ സഞ്ചരിക്കാനുള്ള സാഹചര്യം ഉണ്ടാകണം.

ദേശീയപാത ഏറ്റവും പിറകിൽ നിൽക്കുന്ന സംസ്ഥാനമാണ്‌ കേരളം. കേരളത്തിന്റെ താൽപര്യങ്ങൾക്ക്‌ എതിരായിരുന്നു ശ്രീധരൻപിള്ളയുടെ കത്ത്‌.

എന്നാൽ അതിനെതിരെ അൽഫോൺസ്‌ കണ്ണന്താനം തന്നെ പരസ്യമായി രംഗത്തുവന്നു. വികസനകാര്യത്തിൽ രാഷ്‌ട്രീയം മറന്ന്‌ എല്ലാവരും യോജിച്ച്‌ നിൽക്കണം. സിപിഐ എം സ്വാഗതം ചെയ്‌തതിന്റെ പേരിൽ ഉത്തരവ്‌ പിൻവലിക്കരുത്‌.

ആൾമാറാട്ടം നടത്തി വോട്ട്‌ ചെയ്‌തിട്ടുണ്ടെങ്കിൽ അത്‌ നിയമവിരുദ്ധ പ്രവർത്തനമാണ്‌. അത്‌ ചെയ്‌തവർ ആരായാലും ശിക്ഷ ഏറ്റെടുക്കുക. സിപിഐ എം കുറ്റക്കാരെ ഒരാളേയും സംരക്ഷിക്കില്ലെന്നും കോടിയേരി പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here