വ്യാജരേഖാ കേസ‌്; തിരുവഞ്ചൂരിന്റെ പിഎയും കോൺഗ്രസ്‌ നേതാവും പിടിയിൽ

ചൂർണിക്കരയിൽ കൃഷിനിലം പുരയിടമാക്കാൻ വ്യാജരേഖ ചമച്ച കേസിൽ ഇടനിലക്കാരനായ കോൺഗ്രസ‌് നേതാവ‌് അറസ‌്റ്റിൽ. ഇയാളുടെ മൊഴിയുടെ അടിസ്ഥാനത്തിൽ മുൻമന്ത്രി തിരുവഞ്ചൂർ രാധാകൃഷ‌്ണന്റെ പേഴ‌്സണൽ സ‌്റ്റാഫ‌് അംഗമായിരുന്ന ലാൻഡ‌് റവന്യൂ ഉദ്യോഗസ്ഥനെയും കസ‌്റ്റഡിയിൽ എടുത്തു.

ഉമ്മൻചാണ്ടി മന്ത്രിസഭയിൽ തിരുവഞ്ചൂർ റവന്യൂമന്ത്രിയായിരുന്നപ്പോൾ അദ്ദേഹത്തിന്റെ പേഴ‌്സണൽ സ‌്റ്റാഫിൽ പ്രധാനിയായിരുന്നു അരുൺകുമാറിനെയാണ‌് കസ‌്റ്റഡിയിലെടുത്തത‌്.

കേസിൽ ഒളിവിലായിരുന്ന കോൺഗ്രസ‌് നേതാവ‌് ശ്രീമൂലനഗരം പഞ്ചായത്തിൽ ശ്രീഭൂതപുരം അപ്പോലിവീട്ടിൽ അബൂട്ടി എന്ന അബുവിനെ ആലുവ ഡിവൈഎസ‌്പി വിദ്യാധരന്റെ നേതൃത്വത്തിലുള്ള സംഘം വ്യാഴാഴ‌്ച രാത്രിയാണ‌് അറസ‌്റ്റ‌് ചെയ‌്തത‌്. തുടർന്ന‌് ആലുവ പൊലീസ‌് ക്ലബ്ബിലെത്തിച്ച‌് ചോദ്യംചെയ‌്തു.

നിലം പുരയ‌ിടഭൂമിയാക്കി തരംമാറ്റിയുള്ള റവന്യൂ കമീഷണറുടെ ഉത്തരവ‌് ചമയ്ക്കാൻ തിരുവനന്തപുരം ലാൻഡ‌് റവന്യൂ ഓഫീസിലെ ഉദ്യോഗസ്ഥനായ കെ അരുൺകുമാറിന്റെ സഹായം കിട്ടിയതായി അബു മൊഴിനൽകി. ഇതിന്റെ അടിസ്ഥാനത്തിലാണ‌് അരുൺകുമാറിനെ കസ‌്റ്റഡിയിലെടുത്തത‌്.

സ്ഥലം ഉടമയിൽ നിന്ന‌് താൻ ഏഴുലക്ഷം രൂപ കൈപ്പറ്റിയതായി അബു പൊലീസിനോട‌് സമ്മതിച്ചു. അബുവിൽനിന്ന‌് വേറെയും പ്രമാണങ്ങളും വ്യാജരേഖകളും കണ്ടെടുത്തിട്ടുണ്ട‌്. ഇവ ഉപയോഗിച്ച‌് ആലുവയിലും പരിസരത്തും ഭൂമി ഇടപാടുകൾ നടത്തിയതായും പൊലീസ‌് കണ്ടെത്തി.

അബുവിന്റെ മൊബൈലും പൊലീസ‌് പിടിച്ചെടുത്തു. ഫോണിലെ സന്ദേശങ്ങളും പരിശോധിച്ചു. ഇയാളുടെ മൊഴിയിലെ സത്യാവസ്ഥ പരിശോധിക്കാൻ ആലുവ താലൂക്ക‌് ഓഫീസിലെയും ചൂർണിക്കര പഞ്ചായത്തിലെയും രണ്ട‌് ഉദ്യോഗസ്ഥരുടെയും മൊഴിയെടുത്തു.

അൻവർ സാദത്ത‌് എംഎൽഎയുടെ അടുപ്പക്കാരനാണ‌് അബു. തിരുവൈരാണിക്കുളം സഹകരണ ബാങ്കിന്റെ ഡയറക‌്ടർബോർഡിലേക്ക‌് കോൺഗ്രസിന്റെ പാനലിൽ മത്സരിച്ചിരുന്നു. വില്ലേജ‌് ഓഫീസിലും താലൂക്ക‌് ഓഫീസിലുംനിന്ന‌് ഭൂമിയുമായി ബന്ധപ്പെട്ട രേഖകൾ സംഘടിപ്പിച്ച‌് കൊടുക്കുകയാണ‌് പ്രധാന ജോലി.

തട്ടിപ്പ‌ുസംബന്ധിച്ച‌് വിജിലൻസും ലാൻഡ‌് റവന്യൂ കമീഷണറേറ്റും വെവ്വേറെ അന്വേഷണം നടത്തുന്നുണ്ട‌്. ചൂർണിക്കര പഞ്ചായത്തിലെ 14–-ാംവാർഡിൽ ദേശീയപാതയോട‌് ചേർന്നുള്ള 25 സെന്റ‌് തണ്ണീർത്തടം വർഷങ്ങൾക്ക‌ുമുമ്പ‌് ഉടമ മണ്ണിട്ട‌ുനികത്തി ഗോഡൗൺ നിർമിച്ചിരുന്നു.

ദേശീയപാതയോട‌് ചേർന്ന‌് കോടികൾ വിലയുള്ള ഭൂമിയിൽ വീണ്ടും നിർമാണം നടത്താൻ ഉടമ ശ്രമിച്ചപ്പോഴാണ‌് അബു ഇടപെട്ട‌് പണം വാങ്ങി വ്യാജരേഖ ചമച്ചുകൊടുത്തത‌്. തൃശൂർ മതിലകം മുളംപറമ്പിൽവീട്ടിൽ ഹംസയുടെ കുടുംബാംഗങ്ങളുടെ പേരിലുള്ളതാണ‌് വസ‌്തു.

ഭൂമി തരംമാറ്റിയതായി ലാൻഡ‌് റവന്യൂ കമീഷണറുടെ പേരിലുള്ള വ്യാജ ഉത്തരവ‌ാണ‌് അബു ആദ്യം തയ്യാറാക്കി വില്ലേജ‌് ഓഫീസിൽ നൽകിയത‌്.

തരംമാറ്റൽ ഉത്തരവ‌് ആർഡിഒയാണ‌് നൽകേണ്ടതെന്ന‌് വില്ലേജ‌് ഓഫീസർ അറിയിച്ചപ്പോൾ അബു അതിനും വ്യാജരേഖയുണ്ടാക്കി നൽകി. ഇതിൽ സംശയം തോന്നിയ വില്ലേജ‌് ഓഫീസ‌ർ ആർഡിഒയോട‌് വിവരം തിരക്കി.

തെരഞ്ഞെടുപ്പ‌ുഡ്യൂട്ടിയിൽ സംസ്ഥാനത്തിന‌് പുറത്തായിരുന്ന ആർഡിഒ, താൻ അത്തരം അനുമതി നൽകിയിട്ടില്ലെന്ന‌് ഫോണിൽ വില്ലേജ‌് ഓഫീസറെ അറിയിച്ചു. തുടർന്ന‌് വില്ലേജ‌് ഓഫീസർ തഹസിൽദാർക്ക‌് റിപ്പോർട്ട‌് ചെയ്യുകയായിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here