അഞ്ജനപ്പുഴ ഒരു കാത്തിരിപ്പിലാണ്; പ്രിയപ്പെട്ടവരുടെ കൂടിച്ചേരലിനായി നിമിഷങ്ങള്‍ എണ്ണിയുള്ള കാത്തിരിപ്പ്

അഞ്ജനപ്പുഴ ഒരു കാത്തിരിപ്പിലാണ്.പ്രിയപ്പെട്ടവരുടെ കൂടിച്ചേരലിനായി നിമിഷങ്ങള്‍ എണ്ണിയുള്ള കാത്തിരിപ്പ്.

കലപ്പപ്പെട്ടിയിലെ കറുപ്പ് സാമിയെപ്പോലെ കാലചക്രത്തില്‍ കൈവഴികളായി പിരിഞ്ഞു പോയവര്‍, ഗംഗാധരന്‍ മാഷെപ്പോലെ അഞ്ജനപ്പുഴയെ വിട്ടു പിരിയാത്തവര്‍.അഞ്ജനപ്പുഴയിലെ കുട്ടന്‍മാര്‍. ഇവരെല്ലാം ഒരുമിച്ച് ഈ മണ്ണില്‍ ചവിട്ടി നടക്കുന്നത് കാണാനുള്ള കാത്തിരിപ്പാണത്.

പുഴയുടെയും നാടിന്റെയും പേര് ഒന്നായ അഞ്ജനപ്പുഴയെന്ന ഗ്രാമത്തിന് എക്കാലവും ഓര്‍ത്തു വയ്ക്കാനുള്ള മുഹൂര്‍ത്തങ്ങള്‍ സമ്മാനിക്കുന്നതായിരിക്കും ഈ അപൂര്‍വ സംഗമദിനം.

മാധ്യമപ്രവര്‍ത്തകനായ പി വി കുട്ടന്‍ രചിച്ച പടവിറങ്ങി അഞ്ജനപ്പുഴയിലേക്ക് എന്ന പുസ്തകത്തിലെ കഥാപാത്രങ്ങള്‍ ഒരുമിച്ച് അഞ്ജനപുഴയുടെ പടവിറങ്ങും.

തമിഴ് നാട്ടുകാരനായ കലപ്പപ്പെട്ടിയിലെ കറുപ്പ് സാമി,വലിയ പാറക്ക് എസ്റ്റേറ്റിലെ കാവല്‍ക്കാരന്‍ സുര,താറ്റിയേരിയിലെ ഗിരിജ,ജയരാജന്‍ മാഷ്,ഗംഗാധരന്‍ മാഷ്,ഗോപാലന്‍ മാഷ് ചെറുപ്പകാലത്തെ കളിക്കൂട്ടുകാരി സുധ ,അഞ്ജനപ്പുഴയിലെ പട്ടാളക്കാര്‍ തുടങ്ങി പി വി കുട്ടന്റെ ഓര്‍മ്മകള്‍ക്കൊപ്പവും അഞ്ജനപ്പുഴയുടെ ചരിത്രത്തിനൊപ്പം സഞ്ചരിച്ചവരാണ് ഒരുമിച്ച് ചേരുന്നത്.

ചിരിയമ്മ ,ചൊങ്കന്‍ അഛാഛന്‍ ,കുഞ്ഞപ്പ കാരണവര്‍ മൂത്തപ്പന്‍ ,ഉച്ചിരച്ചമ്മ തുടങ്ങി മരിച്ചിട്ടും മറവിയിലേക്ക് മായാത്തവരുടെ ദീപ്ത സ്മരണകള്‍ അദൃശ്യ സാന്നിദ്ധ്യത്തില്‍ അനുഗ്രഹവുമായി പറശിനി മുത്തപ്പനും ,മുണ്ടപ്രത്തച്ചിയും, തൊണ്ടച്ചനും ,ഈശ്വരനും.
കര്‍ക്കിടകത്തിലെ കോരിച്ചൊരിയുന്ന മഴയത്ത് അഞ്ജനപ്പുഴക്കാരെയൊന്നാകെ പേടിപ്പെടുത്താനെത്തുന്ന കൂളികള്‍ കാലം തെറ്റി എത്തിയേക്കാം..

ഈ അപൂര്‍വ സംഗമത്തിന് സാക്ഷിയാകാന്‍ മന്ത്രി ഇ പി ജയരാജന്‍,ടി വി രാജേഷ് എം എല്‍ എ,എന്‍ പി ചന്ദ്രശേഖരന്‍ കെ വി സുമേഷ്,പി പി ദിവ്യ,,സി സത്യപാലന്‍ തുടങ്ങിയ പ്രമുഖരും എത്തും.ഞായറാഴ്ചയുടെ സായാഹ്നം ആട്ടവും പാട്ടുമായി ഉത്സവമാക്കാന്‍ ഒരുങ്ങുകയാണ് അഞ്ജനപ്പുഴയെന്ന ഗ്രാമം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here