മുംബൈയില്‍ തെരുവിന്റെ ‘സുരക്ഷ’യില്‍ ആശ്രയം തേടി ഒരമ്മ

കഴിഞ്ഞ 9 വര്‍ഷമായി ജീവിതം തെരുവിലായിട്ട്. എന്നാല്‍ കൊച്ചിക്കാരി ശോഭന ബ്രിട്ടാനിയ തുടങ്ങിയ കമ്പനികളില്‍ ജോലി ചെയ്തു ജീവിച്ചിരുന്ന ഒരു കാലമുണ്ടായിരുന്നു.

ഭര്‍ത്താവ് കൃഷ്ണന്‍കുട്ടിയുടെ മരണത്തോടെയാണ് ജീവിതവും കൈവിട്ടു പോയത്. 1994 ല്‍ ആയിരുന്നു മുംബൈയില്‍ വച്ച് കായംകുളം സ്വദേശിയായ കൃഷ്ണന്കുട്ടിയെ ശോഭന വിവാഹം കഴിക്കുന്നത്. നവി മുംബൈയില്‍ ഒരു വാടക വീട്ടിലായിരുന്നു അന്നവര്‍ താമസിച്ചിരുന്നത്.

ആകസ്മികമായി കൃഷ്ണന്‍കുട്ടി മരണപെട്ടതോടെ 2010 ല്‍ വാടക വീട് ഒഴിഞ്ഞു കൊടുക്കേണ്ടി വന്നു. ആരെയും ബുദ്ധിമുട്ടിക്കാതെ ജീവിക്കണമെന്ന ചിന്തയായിരുന്നു ബന്ധുക്കളെ പോലും തേടി പോകാതെ അന്തിയുറക്കം റെയില്‍വേ സ്റ്റേഷനിലാക്കിയത്.

നവി മുംബൈയിലെ സാന്‍പാഡ റെയില്‍വേ സ്റ്റേഷനില്‍ കുറെ നാള്‍ കഴിഞ്ഞു. പിന്നീടാണ് ഒരാള്‍ താനേ റെയില്‍വേ സ്റ്റേഷനില്‍ എത്തിക്കുന്നത്. അഞ്ചാറ് വര്‍ഷമായി താനെയിലെ നടപ്പാലമാണ് ഇവരുടെ വീട്.

യാത്രക്കാരും കച്ചവടക്കാരും മനസറിഞ്ഞു കൊടുക്കുന്നതാണത്രേ ഏക വരുമാനവും ഭക്ഷണവും. പ്രദേശത്തെ പരിചയക്കാരുടെയും റെയില്‍വേ പോലീസിന്റെയും സംരക്ഷണം നടപ്പാലത്തെ ജീവിതത്തിന് കൂടുതല്‍ സുരക്ഷ നല്‍കുന്നുവെന്നാണ് ഈ അമ്മ പറയുന്നത്.

പോയ വാരം ഒരു മലയാളി യുവാവാണ് ശോഭനയുടെ വീഡിയോ എടുത്തു സമൂഹ മാധ്യമങ്ങളില്‍ പങ്കു വച്ചത്. അങ്ങിനെയാണ് പുറം ലോകം ഈ അമ്മ മലയാളിയാണെന്നറിയുന്നത്. വിവരമറിഞ്ഞ മലയാളി സംഘടനാ പ്രതിനിധികളും, സന്നദ്ധ സംഘടനകളും സഹായവാഗ്ദാനവുമായി ശോഭനയെ സമീപിച്ചെങ്കിലും ആരുടെയും സഹായമില്ലാതെ ജീവിക്കാനാണിഷ്ടമെന്നും ഇനിയുള്ള ജീവിതം ഇങ്ങിനെ ജീവിച്ചു തീര്‍ക്കാനാണ് ആഗ്രഹമെന്നും പറയുമ്പോള്‍ വാക്കുകളില്‍ ദൃഢനിശ്ചയമായിരുന്നു.

താന്‍ ഇങ്ങിനെ കഴിയുന്നത് ബന്ധുക്കള്‍ പോലും അറിയരുതെന്നാണ് വൃദ്ധ സദനത്തിലേക്ക് പോകുവാന്‍ പോലും താല്പര്യമില്ലാതെ ശോഭന അറിയിച്ചത്. ഈ ജീവിതമാണ് ഇപ്പോള്‍ തനിക്ക് സുഖവും സമാധാനവും നല്‍കുന്നതെന്ന് പറഞ്ഞാണ് സാമൂഹിക പ്രവര്‍ത്തകരെ ഇവര്‍ സമാധാനിപ്പിച്ചു മടക്കി അയക്കുന്നതും.

നഗരത്തിലെ ഭിക്ഷാടന മാഫിയകളുടെ ബലിയാടാകാതെ ഈ അമ്മയുടെ സുരക്ഷയും ക്ഷേമവും ഉറപ്പാക്കാനുള്ള നടപടികളെ കുറിച്ചാണ് ബന്ധപ്പെട്ട അധികൃതരുമായി പ്രദേശത്തെ മലയാളികളായ സാമൂഹിക പ്രവര്‍ത്തകര്‍ ശ്രമിച്ചു കൊണ്ടിരിക്കുന്നത്

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News