തെരഞ്ഞെടുപ്പ് കമ്മീഷന്‍ നിക്ഷ്പക്ഷമായി പ്രവര്‍ത്തിക്കണമെന്ന് രാഹുല്‍; മോദിയും അമിത് ഷായും വിവാദ പ്രസ്താവനകള്‍ നടത്തിയിട്ടും നടപടി എടുത്തില്ല

ദില്ലി: തെരഞ്ഞെടുപ്പ് കമ്മീഷന്‍ നീതി പൂര്‍വവും നിക്ഷ്പക്ഷവുമായി പ്രവര്‍ത്തിക്കണം എന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി.

നരേന്ദ്ര മോദിക്കും അമിത് ഷായ്ക്കും എതിരെ നടപടി എടുക്കാത്ത കമ്മീഷന്‍ ഏകപക്ഷീയ സമീപനം കൈക്കൊള്ളുന്നത് അവസാനിപ്പിക്കണം എന്നും രാഹുല്‍ ഗാന്ധി ആവശ്യപ്പെട്ടു. ചട്ട ലംഘനപരാതിക്ക് നല്‍കിയ മറുപടിയിലാണ് തെരഞ്ഞെടുപ്പ് കമ്മീഷനെതിരായ രാഹുലിന്റെ വിമര്‍ശനങ്ങള്‍.

തെരഞ്ഞെടുപ്പ് കമ്മീഷനെതിരെ നിയമപരവും രാഷ്ട്രീയവുമായ വിമര്‍ശനങ്ങള്‍ കോണ്‍ഗ്രസ് തുടരവെയാണ് പാര്‍ട്ടി അധ്യക്ഷന്‍ തന്നെ പരസ്യമായി കമ്മീഷന്റെ വിശ്വാസ്യതയെ ചോദ്യം ചെയ്ത് രംഗത്തെത്തിയത്.

തെരഞ്ഞെടുപ്പ് കമ്മീഷന്‍ നീതി പൂര്‍വവും നിക്ഷ്പക്ഷവുമായി പ്രവര്‍ത്തിക്കണം. കോണ്‍ഗ്രസിനോട് വിവേചനം കാണിക്കരുത് എന്നായിരുന്നു ചട്ടലംഘന പരാതിക്കുള്ള മറുപടിയില്‍ രാഹുല്‍ ഗാന്ധി ആവശ്യപ്പെട്ടത്. ഏപ്രില്‍ 23ന് രാഹുല്‍ ഗാന്ധി മധ്യപ്രദേശിലെ ഷാദോളില്‍ നടത്തിയ പ്രസംഗം ചട്ടലംഘനമാണെന്ന് ചൂണ്ടിക്കാട്ടി ബിജെപി നല്‍കിയ പരാതിയിലാണ് രാഹുലിന്റെ മറുപടി.

ആദിവാസികള്‍ക്ക് നേരെ വെടിവയ്ക്കാന്‍ അനുവദിക്കുന്ന നിയമം മോദി സര്‍ക്കാര്‍ കൊണ്ടുവന്നുവെന്നായിരുന്നു പ്രസ്താവന. പരാമര്‍ശത്തില്‍ ചട്ട ലംഘനം ഇല്ല, സര്‍ക്കാര്‍ നയത്തെയാണ് വിമര്‍ശിച്ചത്.

സ്വതന്ത്രമായ രാഷ്ട്രീയ അഭിപ്രായ പ്രകടനം വിലക്കരുത് അതിനാല്‍ പരാതി തള്ളണമെന്നും 11 പേജുള്ള മറുപടിയില്‍ രാഹുല്‍ പറഞ്ഞു. തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഏകപക്ഷീയമായ സമീപനം കൈക്കൈാള്ളുകയാണെന്നും കത്തില്‍ വിമര്‍ശനമുണ്ട്.

പ്രധാനമന്ത്രി നരേന്ദ്ര മോദിയും ബിജെപി അധ്യക്ഷന്‍ അമിത് ഷായും വിവാദ പ്രസ്താവനകള്‍ നടത്തിയിട്ടും കമ്മീഷന്‍ നടപടി എടുത്തില്ല. പരാതിയില്‍ നടപടി എടുക്കാന്‍ കാലതാമസം ഉണ്ടായതായും രാഹുല്‍ കുറ്റപ്പെടുത്തുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here