സ്‌കൂളുകളില്‍ കുട്ടികള്‍ ഭക്ഷണം പാഴാക്കുമ്പോള്‍, ഒരു നേരത്തെ ഭക്ഷണത്തിനായി അലയുന്ന കുട്ടികളുടെ നേര്‍ക്കാഴ്ചയാണ് ലഞ്ച് ബ്രേക്ക് എന്ന മലയാളം ഹ്രസ്വചിത്രം.

തമന്ന സോള്‍ എന്ന ഏഴാം ക്‌ളാസുകാരിയുടെ ഈ കൊച്ചു ദൃശ്യാവിഷ്‌കാരം കുട്ടികളുടെ ചലച്ചിത്രമേളയിലെ മത്സരവിഭാഗത്തില്‍ മാറ്റുരയ്ക്കുകയാണ്. ഇതിനോടകം തന്നെ നിരവധി രാജ്യാന്തര മേളകളുടെ പ്രശംസയും ഹ്രസ്വചിത്രം നേടി.

തലചായ്ക്കാനൊരു തണല്‍ പോലുമില്ലാതെ അലയുന്ന ഒരുപാടു ബാല്യങ്ങളുണ്ട് നമ്മുടെ രാജ്യത്ത്. നമ്മുടെ കുഞ്ഞുങ്ങള്‍ സുഖ സൗകര്യത്തോടെ ജീവിക്കുമ്പോള്‍ ഒരു നേരത്തെ ഭക്ഷണത്തിനായി ഈ ബാല്യങ്ങള്‍ തെരുവില്‍ അലയുന്നു. ഭക്ഷണത്തിന്റെ പ്രാധാന്യവും ആ നേര്‍ക്കാഴ്ചയുമാണ് ലഞ്ച് ബ്രേക്ക് എന്ന മലയാളം ഹ്രസ്വചിത്രം.

ഏഴാം ക്ലാസുകാരിയായ തമന്ന സോള്‍ എന്ന കൊച്ചു മിടുക്കി തന്റെ ആദ്യ സംരംഭത്തിലൂടെ സാമൂഹ്യ പ്രസക്തമായ വിഷയമാണ് കൈകാര്യം ചെയ്തത്. ദൃശ്യാവിഷ്‌കാരം രാജ്യാന്തര കുട്ടികളുടെ ചലച്ചിത്ര മേളയിലെ മത്സരവിഭാഗത്തില്‍ മാറ്റുരയ്ക്കുന്നതിന്റെ ആവശത്തിലുമാണ് തമന്ന.

തിരുവനന്തപുരം കഴക്കൂട്ടം സ്വദേശികളായ ആശാ – അരുണ്‍ സോള്‍ ദമ്പതികളുടെ മകളാണ് തമന്ന. തന്റെ സ്‌കൂളായ അലന്‍ ഫെഡ്മാന്‍ പബ്‌ളിക് സ്‌കൂളിന്റെ പൂര്‍ണ പിന്തുണയിലാണ് തമന്ന തന്റെ ആശയം പകര്‍ത്തിയത്. സ്വന്തം സ്‌കൂളില്‍ മൊബൈല്‍ ക്യാമറയിലായിരുന്നു ചിത്രീകരണം. കഥ, തിരക്കഥ, ക്യാമറ, എഡിറ്റിങ്, സംവിധാനം എല്ലാം തമന്ന തന്നെ.

തമന്നയുടെ സഹോദരി തന്‍മയയും ചിത്രത്തില്‍ അഭിനയിച്ചിട്ടുണ്ട്. ഇതിനോടകം തന്നെ നിരവധി രാജ്യാന്തര മേളകളുടെ പ്രശംസയും ഹ്രസ്വചിത്രം നേടിക്കഴിഞ്ഞു.