ചൂര്‍ണിക്കര വ്യാജരേഖകേസ്: പുറത്തുവരുന്നത് വന്‍ തട്ടിപ്പിന്റെ കഥകള്‍

കൊച്ചി: ചൂര്‍ണിക്കര വ്യാജരേഖകേസില്‍ അറസ്റ്റിലായ ഇടനിലക്കാരന്‍ അബുവിന്റെയും റവന്യൂ ഉദ്യോഗസ്ഥന്‍ അരുണിന്റെയും മൊഴികളിലൂടെ പുറത്തുവരുന്നത് വന്‍ തട്ടിപ്പിന്റെ കഥകള്‍.

ഇടനിലക്കാരന്‍ അബു വ്യാജരേഖകള്‍ ഉണ്ടാക്കുമ്പോള്‍ അവയില്‍ ലാന്‍ഡ് റവന്യൂ കമ്മീഷണറുടെ സീല്‍ വയ്ക്കുന്നത് റവന്യൂ ഓഫീസറായ അരുണ്‍ ആയിരുന്നു. അരുണ്‍ തിരുവഞ്ചൂര്‍ രാധാകൃഷ്ണന്റെ മുന്‍ പഴ്‌സണല്‍ സ്റ്റാഫംഗവും അബു സജീവ കോണ്‍ഗ്രസ് പ്രവര്‍ത്തകനുമാണ്.

ചൂര്‍ണിക്കര വ്യാജരേഖ കേസുമായി ബന്ധപ്പെട്ട് റവന്യൂ ഉദ്യോഗസ്ഥന്‍ അരുണ്‍ അറസ്റ്റിലാകുന്‌പോള്‍ പുറത്തുവരുന്നത് വന്‍ തട്ടിപ്പിന്റെ കഥകളാണ്. ഇടനിലക്കാരനും കോണ്‍ഗ്രസ് പ്രവര്‍ത്തകനുമായ അബു ആവശ്യക്കാരനില്‍ നിന്നും അപേക്ഷ എഴുതി വാങ്ങുകയും റെസ്പിറ്റ് നല്‍കുകയും ചെയ്യും.

പിന്നീട് ഇവ റഫറന്‍സാക്കി മാറ്റിയ ശേഷം ഓര്‍ഡര്‍ പുറത്തിറക്കും. റവന്യൂ ഭാഷയില്‍ ഉത്തരവ് തയ്യാറാക്കാന്‍ പ്രാവീണ്യമുളള അബുവാണ് രേഖകള്‍ ചമച്ച് ലാന്‍ഡ് റവന്യൂ കമ്മീഷണറേറ്റിലെ ക്ലര്‍ക്കായ അരുണിന് കൈമാറുന്നത്. ലാന്‍ഡ് റവന്യൂ കമ്മീഷണര്‍ ഉച്ചയൂണിന് പോകുന്ന സമയത്ത് ക്ലര്‍ക്കായ അരുണ്‍ അദ്ദേഹത്തിന്റ ഔദ്യോഗിക സീല്‍ രേഖയില്‍ പതിപ്പിക്കുകയും ചെയ്യും.

തൃശൂര്‍ മതിലകം സ്വദേശി ഹംസയുടെ ചൂര്‍ണിക്കരയിലെ 25 സെന്റ് ഭൂമി തരം മാറ്റാന്‍ 7 ലക്ഷം രൂപ വാങ്ങിയ ശേഷം അബു നടത്തിയതും ഈ രിതിയിലുളള തട്ടിപ്പാണ്. ചൂര്‍ണിക്കര വില്ലേജ് ഓഫീസര്‍ രേഖകളില്‍ സംശയം തോന്നിയതിനെ തുടര്‍ന്ന് ആര്‍ഡിഒയെ അറിയിക്കുകയും തട്ടിപ്പ് പുറത്താകുകയുമായിരുന്നു. കേസില്‍ ഹംസയാണ് ഒന്നാം പ്രതി. രണ്ടാം പ്രതി ഹംസയുടെ മകളും മൂന്നാം പ്രതി ഹംസയുടെ ഭാര്യയുമാണ്.

അബു നിവലില്‍ നാലാംപ്രതിയാണ്. തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ റവന്യൂ മന്ത്രിയായിരിക്കെ പഴ്‌സണല്‍ സ്റ്റാഫംഗമായിരുന്നു അരുണ്‍ കുമാര്‍. പത്താം ക്ലാസ് വിദ്യാഭ്യാസമുളള അരുണിന്റെത് ആശ്രിതനിയമനം കൂടിയാണ്. അബുവും അരുണും ചേര്‍ന്ന് സമാനമായ രീതിയില്‍ നിരവധി തട്ടിപ്പ് നടത്തിയിട്ടുണ്ടെന്നാണ് പ്രാഥമിക അന്വേഷണത്തില്‍ വ്യക്തമാകുന്നത്.

കൂടുതല്‍ റവന്യൂ ഉദ്യോഗസ്ഥരുടെ സഹായം ഇവര്‍ക്ക് ലഭിച്ചിട്ടുണ്ടോയെന്നും പൊലീസ് പരിശോധിക്കുന്നുണ്ട്. അഴിമതി നിരോധന നിയമപ്രകാരം വിജിലന്‍സന്വേഷവും പുരോഗമിക്കുന്നുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News