ദേശീയപാത വികസനം: ഭേദഗതി ഉത്തരവ് അവ്യക്തമെന്ന് മന്ത്രി ജി.സുധാകരന്‍

തിരുവനന്തപുരം: ദേശീയപാത വികസന വിഷയത്തിലെ ഭേദഗതി ഉത്തരവ് അവ്യക്തമെന്ന് മന്ത്രി ജി.സുധാകരന്‍.

മുന്‍ഗണനാക്രമം മാറ്റി കൊണ്ടുള്ള ഉത്തരവ് റദ്ദാക്കിയിട്ടില്ല. മുന്‍ഗണനാ പട്ടിക ഒന്നില്‍ സംസ്ഥാനത്തെ ഉള്‍പ്പെടുത്തി ഉത്തരവിറക്കിയിട്ടുമില്ല.

കേരളത്തെ മുന്‍ഗണനാ പട്ടിക 2ല്‍ ഉള്‍പ്പെടുത്തിയ ഉത്തരവ് റദ്ദാക്കി ഉടന്‍ വിജ്ഞാപനം ഇറക്കണമെന്നും മന്ത്രി ആവശ്യപ്പെട്ടു. ഇക്കാര്യം ചൂണ്ടിക്കാട്ടി ദേശീയ പാത അതോറിറ്റി ചെയര്‍മാനും കേന്ദ്ര ഉപരിതല ഗതാഗത മന്ത്രിക്കും സംസ്ഥാനം കത്തയച്ചു.
കേരളത്തിലെ ദേശീയപാത വികസനം മുന്‍ഗണനാ പട്ടിക രണ്ടിലെയ്ക്ക് മാറ്റുകയും സ്ഥലമെറ്റെടുപ്പ് ഉള്‍പ്പെടെയുള്ള നടപടികള്‍ 2021 വരെ നിര്‍ത്തികൊണ്ട് ഉത്തരവിറക്കിയതാണ് വിവാദത്തെ തുടര്‍ന്ന് കേന്ദ്രം ഭേദഗതി ചെയ്തത്. സംസ്ഥാനത്തെ ദേശീയപാത 66ന്റെ വികസനം മുന്‍ഗണനാ പട്ടിക ഒന്നില്‍ ഇതുവരെയായി ഉള്‍പ്പെടുത്തിയിട്ടുമില്ല.

ഒപ്പം 2021 ഫെബ്രുവരിയിലെയ്ക്ക് മുന്‍ഗണനാക്രമം മാറ്റികൊണ്ടുള്ള ഉത്തരവ് റദ്ദാക്കിയിട്ടുമില്ല. ഈ സാഹചര്യത്തിലാണ് ഭേദഗതി ഉത്തരവ് അവ്യക്തമാണെന്ന് ചൂണ്ടിക്കാട്ടി പൊതുമരാമത്ത് വകുപ്പ് മന്ത്രി ജി.സുധാകരന്‍ ദേശീയ പാത അതോറിറ്റി ചെയര്‍മാനും കേന്ദ്ര ഉപരിതല ഗതാഗത മന്ത്രിക്കും വീണ്ടും കത്തയച്ചത്.

ഭേദഗതി ഉത്തരവില്‍ മുന്‍ഗണനാപട്ടിക രണ്ടില്‍ ഉള്‍പ്പെട്ട പദ്ധതികളുടെ ഭൂമിയേറ്റെടുക്കല്‍ നടപടികളുടെ മെയ് 2ലെ സ്ഥിതി ദേശീയപാത അതോറിറ്റിക്ക് സമര്‍പ്പിച്ച് വ്യക്തമായ അംഗീകാരം നേടിതരാമെന്ന വ്യവസ്ഥ സംസ്ഥാനത്തിന് ദോഷകരമാകുമെന്നാണ് വിലയിരുത്തല്‍.

കാരണം ദേശീയപാത അതോറിറ്റിയുടെ തീരുമാനത്തിന് വീണ്ടും സംസ്ഥാനം കാത്തിരിക്കേണ്ട അവസ്ഥയാകും അതിലൂടെ ഉണ്ടാകുക. അതുകൊണ്ട് ആദ്യത്തെ വിജ്ഞാപനം റദ്ദാക്കണമെന്നും കേരളത്തിലെ ദേശീയപാത വികസനം മുന്‍ഗണനാപട്ടിക ഒന്നില്‍ ഉള്‍പ്പെടുത്തി സമയബന്ധിതമായി പൂര്‍ത്തിയാക്കണമെന്നും മന്ത്രി ആവശ്യപ്പെട്ടു.

ജില്ലകളിലെ സ്ഥലമേറ്റെടുപ്പ് സംബന്ധിച്ച് വിവധ ഘട്ടങ്ങളിലായുള്ള വിവരങ്ങള്‍ വിജ്ഞാപനം പുറപ്പെടുവിക്കുന്നതിനായി എന്‍ എച്ച് എയ്ക്ക് ഓണ്‍ലൈനായി സമര്‍പ്പിച്ചു. എന്നാല്‍ പല ഭാഗത്തും വിജ്ഞാപനം ഇതുവരെ പുറപ്പെടുവിച്ചിട്ടില്ല.

സമയബന്ധിതമായി അവയ്ക്ക് അംഗീകീരം നല്‍കി ദേശീയപാത അതോറിറ്റി വിജ്ഞാപനം പുറപ്പെടുവിക്കണമെന്നും മന്ത്രി കത്തില്‍ ആവശ്യപ്പെട്ടു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here