ഗംഭീറും ബിജെപിയും വിയോജിപ്പില്‍

കിഴക്കൻ ഡൽഹിയിലെ ആംആദ‌്മി പാർടി സ്ഥാനാർഥിയായ അതിഷി മാർലേനയെ അവഹേളിക്കുന്ന പരാമർശങ്ങളുള്ള ലഘുലേഖകൾ വിതരണംചെയ്തത‌് ബിജെപിയെ വെട്ടിലാക്കി.

വിഷയം എങ്ങനെ കൈകാര്യംചെയ്യണമെന്ന കാര്യത്തിൽ ബിജെപിയും കിഴക്കൻ ഡൽഹിയിലെ സ്ഥാനാർഥിയായ ഗൗതം ഗംഭീറും തമ്മിൽ ശക്തമായ അഭിപ്രായ വ്യത്യാസമുണ്ടെന്ന‌് പാർടി വൃത്തങ്ങൾ പറഞ്ഞു.

തനിക്കെതിരെയുള്ള ആരോപണങ്ങൾ വ്യക്തിപരമായിത്തന്നെ നേരിടുമെന്നാണ‌് ഗംഭീറിന്റെ നിലപാട‌്. എന്നാൽ, ഈ വിഷയം തിരിച്ചടിക്കാനുള്ള വടിയാക്കാമെന്ന നിലപാടാണ‌് ബിജെപി സംസ്ഥാനഘടകത്തിനുള്ളത‌്. ഈ ലക്ഷ്യത്തോടെ രണ്ട‌് വാർത്താസമ്മേളനങ്ങൾ വിളിച്ചുചേർത്തു.എന്നാൽ, ഗംഭീർ പങ്കെടുത്തില്ല.

മാധ്യമങ്ങൾക്കുമുന്നിൽ വിഷയം വലിയ ചർച്ചയാക്കിയ നേതാക്കളുടെ നിലപാടിൽ ഗംഭീറിന‌് അതൃപ‌്തിയുണ്ട‌്. വ്യക്തിപരമായി കാര്യങ്ങൾ കൈകാര്യംചെയ്യുമെന്ന‌് നേതൃത്വത്തെ അറിയിച്ചിട്ടും എന്തിനാണ‌് അനാവശ്യ ഇടപെടലെന്ന ചോദ്യമാണ‌് ഗംഭീർ ഉന്നയിക്കുന്നത‌്.

ആരോപണങ്ങൾ തെളിയിച്ചാൽ തൂങ്ങിമരിക്കാൻ തയ്യാറാണെന്ന‌് ഗംഭീർ പ്രസ‌്താവിച്ചിട്ടുണ്ട‌്. ഡൽഹി മുഖ്യമന്ത്രി അരവിന്ദ‌് കെജ‌്‌രിവാൾ ഉൾപ്പെടെയുള്ള എഎപി നേതാക്കൾക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്നും അദ്ദേഹം അറിയിച്ചിട്ടുണ്ട‌്.ഗംഭീറിനെ പിന്തുണച്ച‌് വി വി എസ‌് ലക്ഷ‌്മണും ഹർഭജൻസിങ്ങും രംഗത്തെത്തി.

അതിഷി മാർലേനയെ വ്യക്തിപരമായി അധിക്ഷേപിക്കുന്ന ലഘുലേഖ പ്രചരിപ്പിച്ച സംഭവം ഡൽഹിയിൽ ബിജെപിക്ക‌് വലിയ തിരിച്ചടിയായി. അതിക്രമം വിശദീകരിക്കാൻ വിളിച്ചുചേർത്ത വാർത്താസമ്മേളനത്തിൽ അതിഷി വിതുമ്പിയതും വാർത്തയായിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here