നാടിനെ മാലിന്യമുക്തമാക്കാന്‍ കെെകോര്‍ത്ത് കേരളം

മഴയെത്തും മുമ്പെ നാടിനെ മാലിന്യമുക്തമാക്കാൻ നാട്ടാരാകെ കൈകൊർത്തു. സംസ്ഥാനസർക്കാർ നേതൃത്വത്തിൽ ആരംഭിച്ച ശുചീകരണ യജ്ഞത്തിൽ ആബാലവൃദ്ധം അണിനിരന്നപ്പോൾ നേതൃത്വം നൽകാൻ മന്ത്രിമാരടക്കമുള്ളവരും എത്തി.പൂരം പ്രമാണിച്ച‌് തൃശൂരിൽ ശുചീകരണപ്രവർത്തനം വെള്ളിയാഴ‌്ച തുടങ്ങിയിരുന്നു.

മന്ത്രി എ സി മൊയ‌്തീൻ ഉദ‌്ഘാടനം ചെയ‌്തു. മന്ത്രി വി എസ‌് സുനിൽകുമാറും പങ്കാളിയായി. ശനിയാഴ്ചയും ജില്ലയിലെ ശുചീകരണ പ്രവർത്തനം സജീവമായിരുന്നു. ജില്ലാ സ്പോർട്സ് കൗൺസിലിന്റെ നേതൃത്വത്തിൽ കായികതാരങ്ങളും വിവിധയിടങ്ങളിൽ ശുചീകരണം നടത്തി.

മലപ്പുറം ജില്ലയിലെ 94 പഞ്ചായത്തിലെ 1778 വാർഡിലും 12 നഗരസഭയിലെ 479 വാർഡിലും വിവിധ സർക്കാർ–- അർധ സർക്കാർ സ്ഥാപനങ്ങളിലും മഴക്കാലപൂർവ ശുചീകരണം തുടങ്ങി. ജീവനക്കാരും പൊതുജനങ്ങളും പങ്കെടുത്തു. ഞായറാഴ‌്ച വീടും പരിസരവും ശുചീകരിക്കും.

കണ്ണൂർ, കാസർകോട‌് ജില്ലയിലും മഴക്കാലപൂർവ ശുചീകരണം നടന്നു. തദ്ദേശഭരണസ്ഥാപനങ്ങളുടെ നേതൃത്വത്തിൽ വാർഡടിസ്ഥാനത്തിലായിരുന്നു ശുചീകരണപ്രവർത്തനങ്ങൾ. കോട്ടയത്ത‌് പൊതുസ്ഥലങ്ങൾ, പാതയോരങ്ങൾ, ഓടകൾ, ജലാശയങ്ങൾ എന്നിവ മാലിന്യ മുക്തമാക്കാനുള്ള പ്രവർത്തനങ്ങൾക്കായിരുന്നു ആദ്യദിനത്തിൽ മുൻഗണന. വീടുകളിൽനിന്നും മറ്റുമുള്ള അജൈവ മാലിന്യ ശേഖരണവും ആരംഭിച്ചു.

കായിക കേരളത്തിന്റെ ദ്രോണാചാര്യൻ കെ പി തോമസും യജ്ഞത്തിൽ പങ്കെടുത്തു. പൂഞ്ഞാർ എസ്എംവി ഹയർ സെക്കൻഡറി സ്‌കൂളിൽ താൻ പരിശീലിപ്പിക്കുന്ന നൂറോളം കുട്ടികളുമായാണ് തോമസ് മാഷ‌് നാടിന്റെ മുഖം മിനുക്കാനെത്തിയത്.

ആലപ്പുഴ നഗരത്തിൽ മുതലപ്പൊഴി ശുചീകരണം മന്ത്രി ഡോ ടി എം തോമസ‌് ഐസക്ക‌് ഉദ‌്ഘാടനം ചെയ‌്തു. പാലക്കാട‌് ആയിരക്കണക്കിനാളുകൾ ശുചീകരണ യജ്ഞത്തിൽ പങ്കാളികളായി.

അവധിദിനമായിട്ടും സർക്കാർ ജീവനക്കാർ, മറ്റ‌് മേഖലയിലെ തൊഴിലാളികൾ എന്നിവരൊക്കെ സജീവമായി രംഗത്തുവന്നു. പത്തനംതിട്ട ജില്ലയിൽ തിരുവല്ല ബ്ലോക്ക‌് കമ്മിറ്റി നേതൃത്വത്തിൽ തിരുവല്ല താലൂക്ക‌് ആശുപത്രി പരിസരം ശുചീകരിച്ചു.

കൊല്ലം പെരിനാട് പഞ്ചായത്തിൽ ശുചീകരണം മന്ത്രി ജെ മേഴ്സിക്കുട്ടിയമ്മ ഉദ‌്ഘാടനം ചെയ‌്തു. മേയർ വി രാജേന്ദ്രബാബുവിന്റെ നേതൃത്വത്തിൽ ഉളിയക്കോവിൽ ഈസ്റ്റ് ഡിവിഷനിൽ ശുചീകരണം നടത്തി. 120 ടൺ പ്ലാസ്റ്റിക്മാലിന്യം നഗരസഭ ശേഖരിച്ചു.

എറണാകുളം ജില്ലയിൽ മൂവായിരത്തിലേറെ സ‌്ക്വാഡ‌് ശുചീകരണയജ്ഞത്തിൽ അണിചേർന്നു. നെടുമ്പാശേരി പഞ്ചായത്തിൽ മന്ത്രി സി രവീന്ദ്രനാഥ‌് നേതൃത്വം നൽകി. പെരുമ്പാവൂരിൽ നടൻ ബാബുരാജും അണിചേർന്നു.
കോഴിക്കോട‌് ജില്ലയിൽ 1,31,672 വീടുകൾ സന്ദർശിച്ചു. 2,64,584 കൊതുകിന്റെ ഉറവിട സ്രോതസ്സുകൾ നശിപ്പിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here