സ്‌കൂള്‍ ജീവിതത്തിന്റെ മനോഹാരിതയും , പ്രണയത്തിന്റെ മധുരവും വിങ്ങലും നിറഞ്ഞ ഓര്‍മ്മകളിലേക്ക് പ്രേക്ഷകരെ കൊണ്ട് പോകാന്‍ ഒരു മലയാള സിനിമ കൂടി എത്തുന്നു.

വിവേക് ആര്യന്‍ സംവിധാനം നിര്‍വഹിച്ച ‘ഓര്‍മ്മയില്‍ ഒരു ശിശിരം’. ചിത്രത്തിലെ പുതിയ വിഡിയോ ഗാനം അണിയറപ്രവര്‍ത്തകര്‍ ഇന്ന് പുറത്തു വിട്ടു.

ഹരിചരണും മെറിനും ആലപിച്ച ‘പൂതെന്നലിന്‍..’ എന്ന ഗാനത്തിന് രഞ്ജിന്‍ രാജാണ് സംഗീതം നിര്‍വഹിച്ചിരിക്കുന്നത്. മനു മഞ്ജിത്തിന്റെയാണ് വരികള്‍.

ചിത്രത്തിന്റെ ട്രെയ്ലര്‍ പുറത്തിറങ്ങി മികച്ച പ്രതികരണം സമൂഹ മാധ്യമങ്ങളില്‍ നേടിയിരുന്നു. സ്‌കൂള്‍ ജീവിതവും , പ്രണയവും , കുടുംബ ബന്ധവുമെല്ലാമാണ് ട്രെയിലറില്‍ ആവിഷ്‌കരിച്ചിരിക്കുന്നത്.

മലര്‍വാടി ആര്‍ട്‌സ് ക്ലബ്ബ് എന്ന ചിത്രത്തിലൂടെ വെള്ളിത്തിരയില്‍ അരങ്ങേറ്റം കുറിച്ച ദീപക് പറമ്പോള്‍ ആണ് നായകന്‍. അലന്‍സിയര്‍, പാര്‍വതി ടി, സുധീര്‍ കരമന, ബേസില്‍ ജോസഫ്, അനശ്വര, മൃദുല്‍, എല്‍ദോ എന്നിവരാണ് മറ്റു താരങ്ങള്‍.

ബോക്‌സ് ഓഫീസ് സൂപ്പര്‍ ഹിറ്റ് ചിത്രങ്ങളായ ‘സൈറ ബാനു’, ‘സണ്‍ഡേ ഹോളിഡേ’, ‘ബി ടെക്ക്’ എന്നീ ചിത്രങ്ങള്‍ നിര്‍മ്മിച്ച മാക്ട്രോ പിക്ചേഴ്സ് ഒരുക്കുന്ന ഓര്‍മ്മയില്‍ ഒരു ശിശിരത്തിന്റെ രചന വിഷ്ണു രാജാണ്. ചിത്രം ജൂണില്‍ പ്രദര്‍ശനത്തിനെത്തും.