കിഫ്ബി മസാല ബോണ്ട് 17 ന് മുഖ്യമന്ത്രി ലണ്ടന്‍ സ്റ്റോക് എക്സ്ചേഞ്ചില്‍ ഔദ്യോഗികമായി ലിസ്റ്റ് ചെയ്യും

തിരുവനന്തപുരം: കിഫ‌്ബി മസാല ബോണ്ട‌് ലണ്ടൻ എക‌്സ‌്ചേഞ്ചിൽ (എൽഎസ‌്ഇ) മുഖ്യമന്ത്രി പിണറായി വിജയൻ 17ന‌് ഔദ്യോഗികമായി ലിസ‌്റ്റു ചെയ്യും.

ലണ്ടൻ സ‌്റ്റോക്ക‌് എക‌്സ‌്ചേഞ്ചിൽ രാവിലെ എട്ടിന‌് (ഇന്ത്യൻ സമയം പകൽ 12.30ന‌്) നടക്കുന്ന ചടങ്ങിൽ മണിമുഴക്കിയാണ‌് മുഖ്യമന്ത്രി ലിസ‌്റ്റ‌് ചെയ്യൽ ചടങ്ങ‌് നിർവഹിക്കുക. ധനമന്ത്രി തോമസ‌് ഐസക‌്, ചീഫ‌് സെക്രട്ടറി ടോം ജോസ‌് തുടങ്ങിയവരും ചടങ്ങിൽ പങ്കെടുക്കും.

ഇതാദ്യമായാണ‌് ഒരു സംസ്ഥാന സർക്കാർ ഇറക്കുന്ന ബോണ്ട് ലണ്ടൻ സ്റ്റോക്ക് എക്സ്ചേഞ്ചിൽ ലിസ്റ്റ് ചെയ്യപ്പെടുന്നതും അതിന്റെ ഉദ‌്ഘാടനചടങ്ങ‌് നടത്തുന്നതും. നേരത്തെ കേന്ദ്രമന്ത്രി അരുൺ ജെയ‌്റ്റ‌്‌ലി ലണ്ടൻ എക‌്സ‌്ചേഞ്ചിൽ ഉദ‌്ഘാടനചടങ്ങിൽ പങ്കെടുത്തിരുന്നു.

കേരളത്തിന്റെ അടിസ്ഥാനസൗകര്യ വികസനത്തിന്റെ നെടുംതൂണായ കിഫ‌്ബി മസാലബോണ്ട‌് വിൽപ്പനയിലൂടെ 2150 കോടി രൂപയാണ‌് ഇതിനകം സമാഹരിച്ചത‌്.

ലോകത്തിൽ ഏറ്റവുമധികം മസാല ബോണ്ടുകൾ വിൽപ്പന നടക്കുന്നത‌് ലണ്ടൻ എക‌്സ‌്ചേഞ്ച‌് വഴിയാണ‌്. കിഫ‌്ബിയുടേതുൾപ്പെടെ 51,000 കോടി രൂപയിലേറെ മൂല്യമുള്ള ബോണ്ടുകളാണ‌് ഇവിടെ ഇതുവരെ വിൽപ്പന നടന്നത‌്.

ലണ്ടൻ സ‌്റ്റോക്ക‌് എക‌്സ‌്ചേഞ്ചിലെ ചടങ്ങിനു പിന്നാലെ മോണ്ട‌്കാം റോയൽ ലണ്ടൻ ഹൗസ‌് ഹോട്ടലിൽ പകൽ മൂന്നിന് (ഇന്ത്യൻ സമയം രാത്രി 7.30ന‌്) മുഖ്യമന്ത്രി പിണറായി വിജയൻ കെഎസ‌്എഫ‌്ഇയുടെ യൂറോപ്യൻ പ്രവാസി ചിട്ടി ഉദ‌്ഘാടനംചെയ്യും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here