വിദ്യാർത്ഥികൾക്ക് വേണ്ടി പരീക്ഷ എഴുതിയ അധ്യാപകര്‍ക്ക് എതിരെ കേസെടുത്തു

മുക്കം നീലേശ്വരം സ്കൂളിൽ വിദ്യാർത്ഥികൾക്ക് വേണ്ടി അധ്യാപകൻ പരീക്ഷ എഴുതിയ സംഭ‍‍വത്തിൽ പോലീസ് കേസെടുത്തു. ജാമ്യമില്ലാ വകുപ്പുകൾ പ്രകാരം മുക്കം പോലീസാണ് 3 അധ്യാപകർക്കെതിരെ കേസെടുത്തത്.

ഹയർ സെക്കന്ററി റീജിയണൽ ഡെപ്യൂട്ടി ഡയറക്ടർ നൽകിയ പരാതിയെ തുടർന്നാണ് നടപടി.
നീലേശ്വരം ഗവ. ഹയർ സെക്കന്ററി സ്ക്കൂൾ പ്രിൻസിപ്പലും ചീഫ് സുപ്രണ്ടുമായ കെ റസിയ, അഡീഷണൽ ഡപ്യുട്ടി ചീഫ് സുപ്രണ്ടും സ്കൂളിലെ കമ്പ്യൂട്ടർ അധ്യാപകനുമായ നിഷാദ് വി മുഹമ്മദ്, ഡപ്യൂട്ടി ചീഫ് സുപ്രണ്ടും ചേന്നമംഗല്ലൂർ ഹയർ സെക്കന്ററി സ്കൂൾ അധ്യാപകനുമായ പി കെ ഫൈസൽ എന്നിവർക്കെതിരെയാണ് പോലീസ് കേസെടുത്തത്.

വ്യാജരേഖ ചമക്കൽ, ആൾമാറാട്ടം, വഞ്ചന എന്നീ കുറ്റങ്ങൾ ചുമത്തി ജാമ്യമില്ലാ വകുപ്പ് പ്രകാരമാണ് 3 അധ്യാപകർക്കെതിരെ മുക്കം പോലീസ് കേസ് രജിസ്റ്റർ ചെയ്തത്. അധ്യാപകർക്കെതിരെ ക്രിമിനൽ കേസ് എടുക്കണമെന്ന് ആവശ്യപ്പെട്ട് ഹയർ സെക്കന്ററി റീജിയണൽ ഡെപ്യൂട്ടി ഡയറക്ടർ ഗോകുൽ കൃഷ്ണ മുക്കം പോലീസിൽ നേരിട്ടെത്തി പരാതി നൽകിയിരുന്നു.

നിലവിൽ സസ്പെൻഷനിലായ 3 അധ്യാപകരുടേയും മൊബൈൽ ഫോണുകൾ സ്വിച്ച് ഓഫാണ്. ഇവർ സംസ്ഥാനം വിട്ടതായാണ് പോലീസ് നൽകുന്ന വിവരം. ഹയർ സെക്കന്ററി റീജിയണൽ ഡെപ്യൂട്ടി ഡയറക്ടർ ഗോകുൽ കൃഷ്ണയുടെ നേതൃത്വത്തിൽ വകുപ്പ് തല അന്വേഷണവും നടക്കുന്നുണ്ട്.

ഹയർ സെക്കൻഡറി വിദ്യാഭ്യാസ വകുപ്പ് ജോയിൻ ഡയറക്ടറും റീജണൽ ഡെപ്യൂട്ടി ഡയറക്ടറും ചൊവ്വാഴ്ച നീലേശ്വരം ഹയർസെക്കൻഡറി സ്കൂളിൽ എത്തി വിദ്യാർത്ഥികളുടെ മൊഴിയെടുക്കും. അധ്യാപകൻ പൂർണ്ണമായും പരീക്ഷയെഴുതിയ രണ്ടു കുട്ടികളുടെ കാര്യത്തിൽ വകുപ്പുതലത്തിൽ ഉടൻ തീരുമാനം ഉണ്ടാകും.

കുട്ടികളുടെ ഭാവി സംബന്ധിച്ച ആശങ്ക നിലനിൽക്കുന്നതിനാൽ എത്രയും പെട്ടെന്ന് ഇത് സംബന്ധിച്ച തീരുമാനം ഉണ്ടാകുമെന്നാണ് ലഭിക്കുന്ന വിവരം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here