തൃശൂരിന്റെ ആകാശത്ത് വര്‍ണ്ണ വിസ്മയം തീര്‍ത്ത് പൂര വെടിക്കെട്ട്. പാറമേക്കാവും തിരുവമ്പാടിയും ശബ്ദ വര്‍ണ്ണ വിസ്മയം തീര്‍ക്കാന്‍ പരസ്പരം മത്സരിച്ചപ്പോള്‍ വെടിക്കെട്ട് മറ്റൊരു ആകാശ പൂരമായി മാറി.
സുരക്ഷ മുന്‍ നിര്‍ത്തി സ്ഫോടനത്തിന്റെ കാഠിന്യം കുറച്ച് ശബ്ദത്തിനും നിറത്തിനുമാണ് വെടിക്കെട്ടില്‍ ഇരു വിഭാഗങ്ങളും ഇത്തവണ പ്രാധാന്യം നല്‍കിയത്.
കഴിഞ്ഞ തവണകളുമായി താരതമ്യം ചെയ്യുമ്പോള്‍ വീര്യം കുറഞ്ഞ കരിമരുന്നാണ് ഇത്തവണ വെടിക്കെട്ടിന് ഉപയോഗിച്ചത്. ഓലപ്പടക്കത്തിനുള്ള വിലക്ക് നീങ്ങിയതോടെ, ഗുണ്ടും അമിട്ടും കുഴിമിന്നലും ഓലപ്പടക്കവും തൃശൂരില്‍ ആകാശപൂരം ഒരുക്കി.
ആദ്യ പതിനഞ്ച് മിനുട്ടില്‍ ഇരുവിഭാഗത്തിന്റെയും കൂട്ടപ്പൊരിച്ചിലായിരുന്നു. പിന്നെ വര്‍ണങ്ങള്‍ ചൊരിയുന്ന അമിട്ടുകല്‍. വിലക്ക് നീക്കിയെത്തിയ ഗുണ്ടും കുഴി മിന്നലും മാലപ്പടക്കവും ആകാശ വിസ്മയങ്ങളായി. ഏറെ ആരാധകരുള്ള ഫാന്‍സി ഇനങ്ങളും രണ്ട് വിഭാഗവും മത്സരിച്ച് ഉപയോഗിച്ചു.രണ്ട് മണിക്കൂറാണ് ഇരുപക്ഷത്തിനും അനുവദിച്ചിരുന്ന സമയം
തിരുവമ്പാടിയാണ് വെടിക്കെട്ടിന് ആദ്യം തിരി കൊളുത്തിയത്. തൊട്ട് പിന്നാലെ തിരുവമ്പാടിയുടെ വര്‍ണ്ണ ഗംഭീരമായ വെടിക്കെട്ടിനെ വെല്ലുവിളിച്ച് പാറമേക്കാവ് വിഭാഗത്തിന്റെ വെടിക്കെട്ടിന് തിരി തെളിഞ്ഞു. കാഴ്ചക്കാരില്‍ കൗതുകം നിറച്ച പല ഇനങ്ങളും ഇത്തവണ ഇരു വിഭാഗങ്ങളും കരുതി വെച്ചിരുന്നു.
പൂരം വെടിക്കെട്ടിന്റെ ഭാഗമായി നഗരത്തില്‍ ശക്തമായ സുരക്ഷാ സംവിധാനങ്ങളും ഗതാഗത ക്രമീകരണങ്ങളുമാണ് പോലീസ് ഏര്‍പ്പെടുത്തിയിരുന്നത്. 2000 കിലോ വെടിമരുന്ന് വീതമാണ് ഇരു വിഭാഗവും പൊട്ടിച്ചത്. സുരക്ഷാ പ്രശ്‌നങ്ങള്‍ മുന്‍നിര്‍ത്തി തന്നെ നൂറ് മീറ്റര്‍ അകലെ നിന്ന് മാത്രമേ വെടിക്കെട്ട് കാണാന്‍ കാഴ്ച്ചക്കാര്‍ക്ക് അനുവാദമുണ്ടായിരുന്നുള്ളൂ.

Get real time update about this post categories directly on your device, subscribe now.