ഏഴാം ഘട്ടം: ശക്തമായ ത്രികോണ മത്സരത്തിന് സാക്ഷ്യം വഹിക്കാനൊരുങ്ങി പഞ്ചാബ്

ഏഴാം ഘട്ട വോട്ടെടുപ്പിലെ നിര്‍ണ്ണായക സംസ്ഥാനമായ പഞ്ചാബ് ശക്തമായ ത്രികോണ മത്സരത്തിനാണ് സാക്ഷ്യം വഹിക്കുന്നത്. ആം ആദ്മിയും കോണ്‍ഗ്രസും ശിരോമണി അകാലിദള്‍-ബിജെപി സഖ്യവും നേര്‍ക്ക് നേര്‍ പോരാടുന്ന പഞ്ചാബില്‍ രണ്ട് കേന്ദ്രമന്ത്രിമാരും ഹിന്ദി സിനിമാതാരം സണി ഡിയോളും ജനവിധി തേടുന്നു.

ആകെ സീറ്റ് പതിമൂന്ന്. എല്ലാം ഒറ്റഘട്ടമായി ഞായറാഴ്ച്ച പോളിങ്ങ് ബൂത്തിലെത്തും. ദില്ലി-ഹരിയാന അതിര്‍ത്തി മുതല്‍ പാക്കിസ്ഥാന്‍ അതിര്‍ത്തി വരെ നീണ്ട പഞ്ചാബില്‍ ദേശിയ സുരക്ഷയും സിഖ് വിരുദ്ധ കലാപവും സജീവ പ്രചാരണ വിഷയമായി. ബോര്‍ഡര്‍ എന്ന ഹിന്ദി സിനിമയില്‍ ഇന്ത്യന്‍ അതിര്‍ത്തിയില്‍ പാക്ക് പട്ടാളത്തെ തടഞ്ഞ് നിറുത്തിയ സൈനീക മേധാവിയുടെ വേഷം മികച്ചതാക്കിയ നടന്‍ സണി ഡിയോള്‍ ഇത്തവണ പാക്കിസ്ഥാനുമായി അതിര്‍ത്തി പങ്കിടുന്ന ഗുരുദാസ്പൂര്‍ മണ്ഡലത്തില്‍ സീറ്റ് നേടാനുള്ള പോരാട്ടത്തിലാണ്.

ബിജെപി സ്ഥാനാര്‍ത്ഥിയായി മത്സരിക്കുന്ന സണി ഡിയോളിനായി അച്ഛനും ഹിന്ദി നടനുമായ ധര്‍മേന്ദ്ര വലിയ പ്രചാരണം തന്നെ നടത്തുന്നു. ബിജെപി നേരിട്ട് മത്സരിക്കുന്നത് മൂന്ന് സീറ്റുകളില്‍ മാത്രം. ബാക്കി പതിമൂന്ന് സീറ്റിലും സഖ്യകക്ഷിയായ ശിരോമണി അകാലിദള്‍ പോരാട്ടം നടത്തും. 2014ല്‍ ധനമന്ത്രി അരുണ്‍ ജറ്റ്ലി മത്സരിച്ച് പരാജയപ്പെട്ട അമൃതസര്‍ പിടിച്ചെടുക്കാന്‍ കേന്ദ്ര നഗരവികസന സഹമന്ത്രി ഹര്‍ദീപ് പുരിയെയായാണ് ബിജെപി നിയോഗിച്ചിരിക്കുന്നത്.

ശിരോമണി അകാലിദള്‍ ദേശിയ അദ്ധ്യക്ഷന്‍ സുഖ്ബീര്‍ സിങ്ങ് ബാദല്‍ ഫിറോസ്പൂറിലും ഭാര്യയും കേന്ദ്രമന്ത്രിയുമായ ഹസ്രിമൃത് കൗര്‍ ബാദല്‍ ബന്ദിന്താ മണ്ഡലത്തിലും എന്‍ഡിഎ സ്ഥാനാര്‍ത്ഥികളായി പ്രചാരണ തിരക്കിലാണ്. മുഖ്യമന്ത്രി ക്യാപ്ന്റന്‍ അമരീന്ദര്‍ സിങ്ങിന്റെ ഭാര്യയും മത്സരിക്കുന്നുണ്ട്. 2014ല്‍ ആം ആദ്മി വിജയിച്ച പട്യാല മണ്ലത്തിലാണ് അമരീന്ദര്‍ സിങ്ങിന്റെ ഭാര്യ പ്രണീത് കൗറിന്റെ പോരാട്ടം. മുഖ്യമന്ത്രിയുടെ എല്ലാ സൗകര്യങ്ങളും ഉപയോഗിച്ച് ഭാര്യയ്ക്കായി ക്യാപ്ന്റന്‍ സജീവമായി രംഗത്ത് ഉണ്ട്.

കോണ്‍ഗ്രസ് വക്താവും യുപിഎ കാലത്ത് വാര്‍ത്താ വിതരണ വകുപ്പ് മന്ത്രിയുമായിരുന്ന മനീഷ് തീവാരി സ്ഥിരം മത്സരിക്കുന്ന ലുധീയാന സീറ്റ് വിട്ട് അനന്ത്പൂര്‍ സാഹിബിലാണ് ഇത്തവണ ഭാഗ്യം പരീക്ഷിക്കാന്‍ എത്തിയിരിക്കുന്നത്. സ്വതന്ത്ര സമരപോരാളി ഭഗത് സിങ്ങിന്റെ ജന്മനാട് കൂടിയായ അനന്ത്പൂരില്‍ വിജയിച്ചാല്‍ മനീഷ് തിവാരി മന്ത്രിയാകുമെന്ന് സഹായികള്‍ പ്രചരിപ്പിക്കുന്നുണ്ട്.

2014ല്‍ നാല് സീറ്റുകളില്‍ വീതം ആം ആദ്മിയും കോണ്‍ഗ്രസും ശിരോമണി അകാലിദളും വിജയിച്ചപ്പോള്‍ ഒരു സീറ്റ് കൊണ്ട് ബിജെപിയ്ക്ക് തൃപ്ത്തി പെടേണ്ടി വന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here