ചെന്നൈ: മഹാത്മ ഗാന്ധിയെ കൊലപ്പെടുത്തിയ ആളെ ഭീകരവാദിയെന്ന് വിളിച്ച കമല്‍ഹാസന്റെ പരാമര്‍ശത്തില്‍ പ്രതികരണവുമായി നടന്‍ രജനീകാന്ത്.

കമലിന്റെ വാക്കുകളേക്കുറിച്ച് ഇപ്പോള്‍ ഒന്നും പറയുന്നില്ലെന്നും ആവശ്യമായി വന്നാല്‍ പിന്നീട് ആകാം എന്നുമായിരുന്നു രജനിയുടെ പ്രതികരണം.

സ്വതന്ത്ര ഇന്ത്യയിലെ ആദ്യ തീവ്രവാദി ഹിന്ദുവായ നാഥുറാം വിനായക് ഗോഡ്‌സെയാണെന്നായിരുന്നു കമല്‍ഹാസന്‍ പറഞ്ഞത്.

തമിഴ്‌നാട്ടിലെ അരവാകുറിച്ചി നിയമസഭാ മണ്ഡലത്തിലെ തെരഞ്ഞെടുപ്പ് പ്രചാരണ റാലിയില്‍ പങ്കെടുത്ത് സംസാരിക്കവെയാണ് കമല്‍ ഹാസന്റെ പരാമര്‍ശം.

അതേസമയം, കമലിന് പിന്തുണയുമായി തേജസ്വി യാദവ് രംഗത്തെത്തി.

രാഷ്ട്രപിതാവിനെ കൊലപ്പെടുത്തിയ വ്യക്തി തീവ്രവാദി തന്നെയാണെന്നും ഒരു പക്ഷേ തീവ്രവാദി എന്നതിനേക്കാള്‍ വലിയ വിശേഷണമാണ് അയാള്‍ക്ക് ചേരുകയെന്നും തേജസ്വി യാദവ് പറഞ്ഞു.

സ്വതന്ത്ര ഇന്ത്യയിലെ ആദ്യ തീവ്രവാദി നാഥുറാം ഗോഡ്സേയാണെന്ന കമല്‍ഹാസന്റെ പ്രസ്താവനയ്ക്കെതിരെ ബിജെപിയും സംഘപരിവാര്‍ സംഘടനകളും രംഗത്തെത്തിയതിന് പിന്നാലെയാണ് കമല്‍ഹാസന് പിന്തുണയുമായി തേജസ്വി രംഗത്തെത്തിയത്.