
ക്രിക്കറ്റ് കളത്തിലെ തന്ത്രങ്ങളുടെ ആശാനും മികച്ച ഫിനിഷറുമായ എം എസ് ധോണിയുടെ നിര്‍ദേശങ്ങള്‍ പലപ്പോഴും തെറ്റാറുണ്ടെന്ന തുറന്നുപറച്ചിലുമായി ഇന്ത്യന്‍ ടീമംഗം.
ബൗളിങ്ങിനിടെ വിക്കറ്റിന് പിന്നില്‍ നിന്ന് ധോണി നല്‍കുന്ന നിര്‍ദേശം തെറ്റിയാലും അത് അദ്ദേഹത്തോട് പറയാനാവില്ലെന്ന് ഇന്ത്യയുടെ ചൈനാമാന്‍ സ്പിന്നര്‍ കുല്‍ദീപ് യാദവ് പറയുന്നു.
ധോണിയോടുള്ള ഭയമോ ബഹുമാനമോ അല്ല ഇതിന്റെ കാരണം, ധോനി കൂടുതല്‍ സംസാരിക്കാത്തയാളാണ്. ഓവറുകള്‍ക്കിടയില്‍, അതും എന്തെങ്കിലും കാര്യം ചൂണ്ടിക്കാണിക്കാനുണ്ടെങ്കില്‍ മാത്രമാണ് ധോനി സംസാരിക്കാറുള്ളതെന്നും കുല്‍ദീപ് വെളിപ്പെടുത്തുന്നു.
കഴിഞ്ഞ ദിവസം നടന്ന സിയറ്റ് ക്രിക്കറ്റ് റേറ്റിങ് അവാര്‍ഡ്ദാനച്ചടങ്ങിനിടെയായിരുന്നു താരത്തിന്റെ വെളിപ്പെടുത്തല്‍. എപ്പോഴെങ്കിലും ധോണി നല്‍കിയ നിര്‍ദേശത്തെ ചോദ്യം ചെയ്തിട്ടുണ്ടോ എന്ന ചോദ്യത്തിന് മറുപടിയായിട്ടായിരുന്നു കുല്‍ദീപിന്റെ തുറന്നുപറച്ചില്‍.
കളിക്കളത്തില്‍ തന്ത്രങ്ങള്‍ മെനയുന്നതില്‍ ധോണിയെ വെല്ലാന്‍ ആരുമില്ലെന്നാണ് ആരാധകരുടെ പക്ഷം. ക്യാപ്റ്റന്‍ സ്ഥാനമൊഴിഞ്ഞതിന് ശേഷം പലപ്പോഴും വിരാട് കോഹ്ലിയുടെ സാന്നിധ്യത്തില്‍ തന്നെ ഫീല്‍ഡില്‍ ധോണി തന്ത്രപരമായ മാറ്റങ്ങള്‍ കൊണ്ടുവരുന്നതും നമ്മള്‍ കണ്ടിട്ടുണ്ട്. താന്‍ ക്യാപ്റ്റനല്ലെന്ന വസ്തുത ധോണി പലപ്പോഴും മറക്കുന്നുവെന്ന വിമര്‍ശനവും ഇത്തരം ഘട്ടങ്ങളില്‍ ഉയര്‍ന്നിട്ടുണ്ട്.
മുന്‍ ഇന്ത്യന്‍ ക്യാപ്റ്റനായ ധോണി ഐ പി എല്ലില്‍ ചെന്നൈ സൂപ്പര്‍ കിങ്ങ്‌സിന്റെ ക്യാപറ്റനായിരുന്നു. കുല്‍ദീപ് പ്ലേ ഓഫില്‍ പുറത്തായ ഡല്‍ഹി ക്യാപിറ്റല്‍സിന്റെ താരവും.
രണ്ടാഴ്ചയ്ക്കുള്ളില്‍ ആരംഭിക്കുന്ന ക്രിക്കറ്റ് ലോകകപ്പില്‍ ഇരുവരും ഇന്ത്യന്‍ ജഴ്‌സി അണിയുന്നുണ്ട്. ധോണിക്കെതിരെ എന്ന് വരികള്‍ക്കിടയില്‍ വായിക്കാവുന്ന പരാമര്‍ശങ്ങള്‍ ഇരുതാരങ്ങളും ഒന്നിച്ചെത്തുന്ന ലോകകപ്പ് മത്സരങ്ങള്‍ക്കിടെ എങ്ങിനെ പ്രതിഫലിക്കുമെന്നാണ് ആരാധകര്‍ ഉറ്റുനോക്കുന്നത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Click Here