പാലാരിവട്ടം മേൽപ്പാല നിർമാണത്തിലെ അഴിമതി; റോഡ്സ് ആൻഡ് ബ്രിഡ്ജസ് കോർപറേഷനിലെ ഉദ്യോഗസ്‌ഥരുടെ മൊഴി വിജിലൻസ് രേഖപ്പെടുത്തി

പാലാരിവട്ടം മേൽപ്പാല നിർമാണത്തിലെ അഴിമതി റോഡ്സ് ആൻഡ് ബ്രിഡ്ജസ് കോർപറേഷനിലെ ഉദ്യോഗസ്‌ഥരുടെ മൊഴി വിജിലൻസ് രേഖപ്പെടുത്തി.

കൊച്ചി വിജിലൻസ് ആസ്ഥാനത്ത് എത്തിയാണ് ഉദ്യോഗസ്ഥർ മൊഴി നൽകിയത്. അതേ സമയം പാലാരിവട്ടം മേൽപ്പാലത്തിൽ നിന്ന് ശേഖരിച്ച സാമ്പിളുകൾ പരിശോധനയ്ക്കായി അന്വേഷണ സംഘം കാക്കനാട്ടെ ലാബിലേക്ക് അയച്ചു.

റോഡ്സ് ആൻ്റ് ബ്രിഡ്ജസ് കോർപ്പറേഷൻ അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ ബോബി പീറ്റർ, ഡിജിഎം ലിസി എന്നിവരാണ് കൊച്ചി വിജിലൻസ് ഓഫീസിൽ മൊഴി നൽകാൻ എത്തിയത്.

വിജിലൻസ് ഡിവൈഎസ്പി ആർ അശോകിൻ്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘമാണ് മൊഴി രേഖപ്പെടുത്തിയത്.

പാലം നിർമ്മാണത്തിൽ മേൽനോട്ടം നിർവഹിച്ച കിറ്റ്കോ ഉദ്യോഗസ്ഥരോടും മൊഴി നൽകാൻ ഹാജരാകാൻ നിർദ്ദേശിച്ചിട്ടുണ്ട്.

വിജിലൻസ് വിഭാഗം നടത്തിയ പരിശോധനയിൽ പാലം നിർമ്മാണവുമായി ബന്ധപ്പെട്ട ഫയലുകൾ നേരത്തെ പിടിച്ചെടുത്തിരുന്നു.

പാലത്തിൻ്റെ വിവിധ ഭാഗങ്ങളിൽ നിന്ന് ശേഖരിച്ച സാമ്പിളുകൾ വിദഗ്ധ പരിശോധനയ്ക്കായി കാക്കനാടുള്ള ലാബിലേക് അയച്ചിട്ടുണ്ട്.

ഇതിൻ്റെ ഫലം വന്ന ശേഷം അന്വേഷണം ഊർജിതമാക്കാൻ ആണ് വിജിലൻസ് തീരുമാനം. അതേ സമയം പാലാരിവട്ടം പാലത്തിന്റെ പുനർ നിർമ്മാണ പ്രവർത്തനങ്ങൾ പുരോഗമിക്കുന്നുണ്ട്.

പാലത്തിലെ പഴയ ടാറിംഗ് പൂർണമായും നീക്കം ചെയ്തു. മഴയില്ലെങ്കിൽ വേഗത്തിൽ ടാറിംഗ് പൂർത്തിയാക്കാൻ സാധിക്കുമെന്നാണ് കണക്ക് കൂട്ടുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel