കൊല്ലം ജില്ലാ ആശുപത്രിയിലെ ആദ്യ ആന്‍ജിയോ പ്ലാസ്റ്റി വിജയകരം

തിരുവനന്തപുരം: കൊല്ലം ജില്ലാ ആശുപത്രിയില്‍ ആദ്യമായി നടത്തിയ ആന്‍ജിയോ പ്ലാസ്റ്റി ശസ്ത്രക്രിയ വിജയകരം. കിഫ്ബി പദ്ധതിയില്‍ ഉള്‍പ്പെടുത്തി 25 കോടി രൂപ ചെലവഴിച്ച് ഈ സര്‍ക്കാര്‍ നിര്‍മ്മിച്ച അത്യാധുനിക കാത്ത് ലാബിലാണ് ആന്‍ജിയോ പ്ലാസ്റ്റി നടത്തിയത്.

ആര്‍ദ്രം പദ്ധതിയുടെ ഭാഗമായി 8 ജില്ലാ ആശുപത്രികള്‍ക്കും 2 മെഡിക്കല്‍ കോളേജുകള്‍ക്കും ഒന്നാംഘട്ടത്തില്‍ കാത്ത്‌ലാബ് അനുവദിച്ചിരുന്നു.

അതില്‍ ആദ്യം പൂര്‍ത്തിയായ പത്തനംതിട്ട ജനറല്‍ ആശുപത്രിയിലെ കാത്ത് ലാബില്‍ നടത്തിയ ആന്‍ജിയോ പ്ലാസ്റ്റിയും വിജയകരമായിരുന്നു.

കേരളത്തിലെ ആരോഗ്യ രംഗം വിപ്ലവകരമായ മാറ്റങ്ങള്‍ക്ക് സാക്ഷ്യം വഹിക്കുമ്പോള്‍ കൊല്ലം ജില്ലയിലെ ജില്ലാ ആശുപത്രിയില്‍ പ്രവര്‍ത്തനമാരംഭിച്ച കാത്ത് ലാബ് സാധാരണക്കാരായ രോഗികള്‍ക്ക് ഏറെ ആശ്വാസകരമാണെന്ന് ആരോഗ്യ സാമൂഹ്യനീതി വനിത ശിശുവികസന വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ പറഞ്ഞു.

അത്യധുനിക സംവിധാനങ്ങളോടെ സജ്ജമാക്കിയ കാത്ത് ലാബ് കഴിഞ്ഞ ഫെബ്രുവരി 26 നാണ് മുഖ്യമന്ത്രി ഉദ്ഘാടനം നിര്‍വ്വഹിച്ചത്.

ഉദ്ഘാടനശേഷം ഏകദേശം 25 ഓളം രോഗികള്‍ക്ക് ആന്‍ജിയോഗ്രാം സാധ്യമാക്കിയിട്ടുണ്ട്. അതിന് പിന്നാലെയാണ് ആന്‍ജിയോ പ്ലാസ്റ്റി നടത്തിയതെന്നും മന്ത്രി വ്യക്തമാക്കി.

കൊല്ലം തെക്കേവിള സ്വദേശിയായ 60 വയസുകാരനാണ് ആന്‍ജിയോ പ്ലാസ്റ്റി നടത്തിയത്. ഹൃദയത്തിന്റെ ഇടത്തേ രക്തധമനി 100% അടഞ്ഞ് ഹൃദയത്തിലേക്കുളള പമ്പിംഗ് നിലച്ചുകൊണ്ടിരിക്കുന്ന അവസ്ഥയിലായിരുന്നു രോഗിയെ കഴിഞ്ഞ ദിവസം രാത്രി 11 മണിക്ക് അത്യാഹിത വിഭാഗത്തിലെത്തിച്ചത്.

രോഗിക്ക് കഠിനമായ ശ്വാസംമുട്ടലും നെഞ്ചുവേദനയുമുണ്ടായിരുന്നു. അടിയന്തിരമായി ആന്‍ജിയോപ്ലാസ്റ്റി ചെയ്ത് രോഗിയുടെ ജീവന്‍ നിലനിര്‍ത്തുകയല്ലാതെ മറ്റു പോംവഴികള്‍ ഒന്നും തന്നെ ഇല്ലായിരുന്നു.

അതിനാല്‍ കാത്ത്‌ലാബിലേക്ക് രോഗിയെ അടിയന്തരമായി മാറ്റുകയും ആന്‍ജിയോ പ്ലാസ്റ്റിക്ക് വിധേയനാക്കുകയും ചെയ്യ്തു.

ഹൃദയത്തിന്റെ ഇടത്തേ രക്തധമനി തുടക്കം മുതല്‍ രക്തം കട്ടപിടിച്ച് അടഞ്ഞിരിക്കുകയായിരുന്നു. ഇന്‍ട്രോ കൊറോണി മൈക്രോകത്ത്രീററര്‍ ആസ്പിറേഷന്‍ വഴി രക്തം കട്ട പിടിച്ചിരിക്കുന്നത് നീക്കം ചെയ്യുകയും രക്തം കട്ടപിടിക്കാതിരിക്കാനുളള മരുന്നുകള്‍ ഹൃദയ ധമനിയിലേക്ക് നേരിട്ട് നല്‍കുകയും ചെയ്യ്തു.

തുടര്‍ന്ന് ബലൂണ്‍ ആന്‍ജിയോപ്ലാസ്റ്റി നടത്തി ബ്ലോക്ക് വികസിപ്പിച്ച് രക്തയോട്ടം പുന:സ്ഥാപിക്കുകയും ചെയ്തു. രോഗി അപകടനില തരണം ചെയ്യുകയും ഇപ്പോള്‍ ഐ.സി.യുവില്‍ സുഖം പ്രാപിച്ചു വരുകയുമാണെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു.

ആന്‍ജിയോ പ്ലാസ്റ്റിക്ക് നേതൃത്വം നല്‍കിയ ഡോക്ടര്‍മാരുള്‍പ്പെടെയുള്ള ടീമിനെ മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ അഭിനന്ദിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News