
ദില്ലി: കഴിഞ്ഞ രണ്ടു വര്‍ഷത്തിനിടെ സ്‌റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ എഴുതിത്തള്ളിയത് ഒരുലക്ഷം കോടി രൂപയുടെ കടം.
മാര്‍ച്ച് 31ന് അവസാനിച്ച സാമ്പത്തികവര്‍ഷം 61,663 കോടിയും കഴിഞ്ഞ സാമ്പത്തികവര്‍ഷം 40,809 കോടിയും എഴുതിത്തള്ളി. മൂന്നു വര്‍ഷത്തിനിടെ 57,646 കോടിയുടെ കടം എഴുതിത്തള്ളിയിരുന്നു.
എസ്ബിഐയ്ക്ക് 2.02 ലക്ഷം കോടിയുടെ കിട്ടാക്കടമുണ്ടെന്ന് കേന്ദ്ര ധനമന്ത്രാലയം കഴിഞ്ഞവര്‍ഷം ലോക്‌സഭയെ അറിയിച്ചിരുന്നു. മോഡി സര്‍ക്കാരിന്റെ നാലുവര്‍ഷക്കാലയളവില്‍ 21 പൊതുമേഖലാബാങ്കുകള്‍ 3.16 ലക്ഷം കോടിയുടെ കിട്ടാക്കടം എഴുതിത്തള്ളിയതായി പ്രതിപക്ഷം നേരത്തെ വെളിപ്പെടുത്തിയിരുന്നു.
മോഡിയെന്ന സൂര്യന്റെ വെളിച്ചത്തില്‍ കോര്‍പറേറ്റ് ശിങ്കിടികള്‍ വയ്‌ക്കോല്‍ ഉണക്കുകയാണെന്ന് സിപിഐഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി എസ്ബിഐയുടെ കടം എഴുതിത്തള്ളലിനെ കുറിച്ച് ട്വിറ്ററില്‍ പ്രതികരിച്ചു.
വന്‍തോതില്‍ കടം എഴുതിത്തള്ളിയതോടെ എസ്ബിഐയുടെ ആകെ നിഷ്‌ക്രിയ ആസ്തി 23 ശതമാനം കുറഞ്ഞ് 1.72 ലക്ഷം കോടിയായി. 2015 സാമ്പത്തികവര്‍ഷത്തില്‍- 21,313 കോടിരൂപയാണ് എസ്ബിഐ എഴുതിത്തള്ളിയത്.
2016ല്‍ -15,763 കോടി, 2017ല്‍ – 20,570 കോടി, 2018ല്‍ -40,809 കോടി, 2019ല്‍-61,663 കോടി എന്നിങ്ങനെയാണ് എഴുതിത്തള്ളിയത്. നല്‍കിയ വായ്പ തിരിച്ച് ഈടാക്കാന്‍ കഴിയില്ലെന്ന് നൂറുശതമാനം ഉറപ്പുണ്ടെങ്കില്‍ മാത്രമേ എഴുതിത്തള്ളാന്‍ പാടുള്ളൂ. അതിന് മുമ്പ് വായ്പ തിരിച്ചുപിടിക്കാനുള്ള എല്ലാശ്രമങ്ങളും നടത്തിയെന്ന് ഉറപ്പാക്കേണ്ടതുണ്ട്.
അതേസമയം, കിട്ടാക്കടത്തിന് പകരം വയ്ക്കുന്ന നീക്കിയിരുപ്പ് ഉടനടി വര്‍ധിപ്പിക്കേണ്ടതില്ലെന്നും ഘട്ടംഘട്ടമായി വ്യത്യാസം പരിഹരിച്ചാല്‍ മതിയെന്നുമാണ് റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയുടെ ആദായം കണക്കാക്കല്‍, ആസ്തി തരംതിരിക്കല്‍ (ഐആര്‍എസി) ചട്ടത്തില്‍ നിര്‍ദേശിച്ചിട്ടുള്ളത്.
വായ്പകള്‍ എഴുതിത്തള്ളല്‍ കണക്കെടുപ്പ് രീതി മാത്രമാണെന്നാണ് ആര്‍ബിഐ വൃത്തങ്ങള്‍ പറയുന്നത്. ബാങ്കുകളുടെ നീക്കിയിരിപ്പില്‍ കാര്യമായ വര്‍ധനയുണ്ടാകുന്ന സാഹചര്യത്തില്‍ നിഷ്‌ക്രിയആസ്തികള്‍ എഴുതിത്തള്ളുന്നതുകൊണ്ട് പ്രശ്‌നമില്ലെന്നും ഇവര്‍ പറയുന്നു.
എഴുതിത്തള്ളിയ വായ്പകളില്‍നിന്നും വീണ്ടും ഈടാക്കല്‍ നടക്കുമെന്നും അഞ്ച് വര്‍ഷത്തിനിടെ 22,859 കോടി രൂപ ഇത്തരത്തില്‍ ഈടാക്കിയിട്ടുണ്ടെന്നും ആര്‍ബിഐ അവകാശപ്പെടുന്നു.
മാര്‍ച്ചില്‍ അവസാനിച്ച നാലാം പാദത്തില്‍ 838 കോടിയുടെ ആദായമാണ് എസ്ബിഐ രേഖപ്പെടുത്തിയത്. കിട്ടാക്കടത്തിന് പകരം കൂടുതല്‍ നീക്കിയിരിപ്പ് മാറ്റിവയ്‌ക്കേണ്ടി വന്നതാണ് ആദായം കുറയാന്‍ കാരണമെന്ന് വിദഗ്ധര്‍ വിലയിരുത്തുന്നു. 2017 സാമ്പത്തികവര്‍ഷത്തില്‍ 7,718.17 കോടിയാണ് നഷ്ടം.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Click Here