കേരളത്തിലും അന്ധവിശ്വാസ നിര്‍മ്മാര്‍ജ്ജന നിയമം നടപ്പാക്കണം; മഹാരാഷ്ട്രയും കര്‍ണ്ണാടകവും നിയമം നടപ്പിലാക്കി

നെയ്യാറ്റിന്‍കരയില്‍ അമ്മയുടെയും മകളുടെയും ആത്മഹത്യയ്ക്കു പിന്നാലെ ഡോ. ബി. ഇക്ബാല്‍ നിര്‍ദ്ദേശിക്കുന്നു.

ഇക്ബാലിന്റെ എഫ് ബി പോസ്റ്റിന്റെ പൂര്‍ണ്ണരൂപം:

നെയ്യാറ്റിന്‍കരയില്‍ അമ്മയും മകളൂം ആത്മഹത്യ ചെയ്തതിന്റെ പിന്നില്‍ ദുര്‍മന്ത്രവാദവും ആഭിചാരക്രിയകളുമുണ്ടെന്ന് തെളിഞ്ഞിരിക്കയാണ്. ഏതാനും വര്‍ഷം മുന്‍പ് നാല് യുവതികള്‍ ഒന്നിന് പുറകെ ഒന്നായി മന്ത്രവാദ ചികിത്സയുടെയും ആഭിചാര പ്രക്രിയയുടെയും ഫലമായി കൊല്ലപ്പെട്ടത് കേരളം മറന്നു കഴിഞ്ഞു.

എന്ത് ആന്ധവിശ്വാസവും ചെലവാകുന്ന നാടായി കഴിഞ്ഞ കുറേവര്‍ഷങ്ങളായി കേരളം മാറിക്കഴിട്ടുണ്ട്. ജാതകം, വാസ്തു, ജോതിഷം തുടങ്ങിയ അനാചാരങ്ങള്‍ മുതല്‍ ഇഷ്ടകാര്യ ലബ്ധി, മാറാവ്യാധി ചികിത്സ, പിശാചിറക്ക്, സാമ്പത്തിക വളര്‍ച്ച, സന്താന ലബ്ധി, പ്രേതബാധ, ശത്രു സംഹാരം എന്നിവക്കായുള്ള മന്ത്ര വിദ്യകള്‍ വരെ വാണിജ്യാടിസ്ഥാനത്തില്‍ വ്യാപകമായി പ്രചരിപ്പിച്ച് വരുന്നു.

പത്രമാസികളിലും ടെലിവിഷന്‍ ചാനലുകളിലും അന്ധവിശ്വാസ ജഡിലമായ പരസ്യങ്ങള്‍ ദിനം പ്രതി പ്രത്യക്ഷപ്പെടുന്നു. ഇത്തരം അനാചാരങ്ങള്‍ പ്രധാനമായും സ്തീകളെയാണ് ലക്ഷ്യമിടുന്നത്. അവയുടെ ഇരകളും സ്തീകളാണെന്നത് മറക്കരുത്.

അനാചാരങ്ങളും അന്ധവിശ്വാസങ്ങളും തിരസ്‌കരിച്ച് കൊണ്ട് യുക്തിചിന്തയും ശാസ്ത്ര ബോധവും പ്രചരിപ്പിക്കാന്‍ നവോത്ഥാന നേതാക്കള്‍ ശ്രമിച്ചിരുന്നു എന്ന വസ്തുത വിസ്മരിക്കരുത്.

കേരളത്തെക്കാള്‍ സാമൂഹ്യ വളര്‍ച്ചയില്‍ പിന്നില്‍ നില്‍കുന്ന മഹാരാഷ്ട്രയും കര്‍ണ്ണാടകവും അന്ധവിശ്വാസ നിര്‍മ്മാര്‍ജ്ജന നിയമം നടപ്പിലാക്കി കഴിഞ്ഞിട്ടുണ്ട്.

ശാസ്ത്ര പ്രചാരകനായിരുന്ന നരേന്ദ്രദബോദ്ക്കര്‍ കൊലചെയ്യപ്പെട്ടതിനെ തുടര്‍ന്ന് അദ്ദേഹം തന്നെ തയ്യാറാക്കിയ Maharashtra Prevention and Eradication of Human Sacrifice and other Inhuman, Evil and Aghori Practices and Black Magic Act, 2013 ല്‍ മഹാരാഷ്ട്ര സര്‍ക്കാര്‍ നടപ്പിലാക്കി. കര്‍ണാടകത്തില്‍ Karnataka Prevention and Eradication of Inhuman Evil Practices and Black Magic Bill 2017 ല്‍ പ്രാബല്യത്തില്‍ വന്നു.

ഇനിയും കൂടുതല്‍ മന്ത്രവധങ്ങള്‍ക്കായി കാത്ത് നില്‍കാതെ ഒട്ടും വൈകാതെതന്നെ കേരളത്തിലും . അന്ധവിശ്വാസ നിര്‍മ്മാര്‍ജ്ജന നിയമം നടപ്പിലാക്കേണ്ടതാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here