മലയാള സിനിമയില്‍ പുതിയ ചരിത്രം രചിച്ച് പൃഥ്വിരാജിന്റെ ആദ്യ സംവിധാന സംരംഭമായ മോഹന്‍ലാല്‍ ചിത്രം ലൂസിഫര്‍ മുന്നേറുന്നതിനിടെ ചിത്രത്തിന്റെ ലൈവ് സ്ട്രീമിങ്ങ് ആമസോണ്‍ പ്രൈമിലൂടെ പുറത്തുവന്നു.

പിന്നാലെ ചിത്രത്തിന്റെ മികച്ച ക്വാളിറ്റിയുള്ള കോപ്പികള്‍ തമിഴ് റോക്കേഴ്‌സ് ഉള്‍പ്പടെയുള്ള വെബ്‌സൈറ്റുകളില്‍ പ്രത്യക്ഷപ്പെട്ടു.

ലോകമെമ്പാടു നിന്നും ഇരുന്നൂറ് കോടി സ്വന്തമാക്കുന്ന ആദ്യ മലയാള ചിത്രമെന്ന ഖ്യാതി സ്വന്തമാക്കിയതിന് പിന്നാലെയാണ് ലൈവ് സ്ട്രീമിങ്ങും പൈറസി കോപ്പികളും വ്യാപകമായത്.

ഇതു വരെ ഒരു മലയാള സിനിമയും കൈവരിക്കാത്ത 200 കോടി എന്ന നേട്ടം ചിത്രം സ്വന്തമാക്കിയെന്ന് ഇന്നു രാവിലെയാണ് അണിയറക്കാര്‍ വെളിപ്പെടുത്തിയത്. എന്നാല്‍ ഇതിനു പിന്നാലെയാണ് ചിത്രത്തിന്റെ വ്യാജപ്രിന്റുകള്‍ ചോര്‍ന്നത്.

50 ദിവസംകൊണ്ടാണ് ലൂസിഫര്‍ 200 കോടിയെന്ന ചരിത്ര നേട്ടത്തിലെത്തിയത്. 150 കോടി രൂപ സ്വന്തമാക്കി ചരിത്രം സൃഷ്ടിച്ച മോഹന്‍ലാലിന്റെ തന്നെ പുലിമുരുകനെയാണ് ലൂസിഫര്‍ മറികടന്നത്. പുലിമുരുകനേക്കള്‍ വേഗത്തില്‍ 100, 150 കോടി ക്ലബുകളിലും ലൂസിഫര്‍ ഇടം നേടിയിരുന്നു.

200 കോടി എന്ന വലിയ നേട്ടം സ്വന്തമായെങ്കിലും തീയറ്ററുകളില്‍ 100 ദിവസം ഓടേണ്ട ചിത്രത്തിനെ ലൈവ് സ്ട്രീമിങ് ബാധിക്കുമെന്ന് വിമര്‍ശനമുയര്‍ന്നുകഴിഞ്ഞു.

100 ദിവസങ്ങള്‍ തീയറ്ററില്‍ ഓടാന്‍ സാധിക്കുന്നത് ഇക്കാലത്ത് അപൂര്‍വനേട്ടമാണെന്നിരിക്കെ അതു വളരെ എളുപ്പം സ്വന്തമാക്കാന്‍ സാധിക്കുമായിരുന്ന ലൂസിഫര്‍ ഇത്ര തിടുക്കത്തില്‍ ലൈവ് സ്ട്രീം ചെയ്തതെന്തിനാണെന്നാണ് ആരാധകര്‍ ചോദിക്കുന്നത്. നിറഞ്ഞ സദസ്സില്‍ പ്രദര്‍ശനം തുടരുന്ന ചിത്രം ലൈവ് സ്ടീം ചെയ്തത് തീയറ്റര്‍ ഉടമകള്‍ക്കിടയിലും വിമര്‍ശനം ഉയര്‍ത്തിയിട്ടുണ്ട്.

പൃഥ്വിരാജ് സംവിധാനം ചെയ്ത് ചിത്രം മാര്‍ച്ച് 28നാണ് പ്രദര്‍ശനത്തിനെത്തിയത്. മുരളി ഗോപി തിരക്കഥയെഴുതി ആശിര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂര്‍ നിര്‍മിച്ച ചിത്രത്തില്‍ മഞ്ജു വാര്യര്‍, വിവേക് ഒബ്റോയ് എന്നിവരാണ് മറ്റ് പ്രധാന കഥാപാത്രങ്ങള്‍. പൃഥ്വിരാജും ചിത്രത്തില്‍ സുപ്രധാനമായൊരു വേഷം ചെയ്യുന്നുണ്ട്.