മോദി ഭരണത്തില്‍ ഇന്ത്യയിലെ മുസ്ലിം വിഭാഗം ജീവിക്കുന്നത് ഭയത്തോടെ; ബിജെപി ഭരണത്തില്‍ ജനാധിപത്യം അപകടകരമായ അസഹിഷ്ണുത നിറഞ്ഞത്: ബിബിസി

ദില്ലി: നരേന്ദ്രമോദിയുടെ ഭരണത്തില്‍ ഇന്ത്യയിലെ മുസ്ലിം വിഭാഗം ജീവിക്കുന്നത് ഭയത്തോടെയാണെന്ന് അന്താരാഷ്ട്രമാധ്യമമായ ബിബിസിയുടെ റിപ്പോര്‍ട്ട്. ബിജെപി ഭരണത്തില്‍ ജനാധിപത്യം അപകടകരമായ അസഹിഷ്ണുത നിറഞ്ഞതാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

അസാമിലെ ഷൗക്കത്ത് അലി എന്ന ഹോട്ടല്‍ കച്ചവടക്കാരന് നേരിടേണ്ടിവന്ന അനുഭവമാണ് റിപ്പോര്‍ട്ടിലെ മുഖ്യവിഷയം. ബിബിസിയുടെ ലേഖിക രജിനി വൈദ്യനാഥനാണ് റിപ്പോര്‍ട്ട് തയ്യാറാക്കിയത്.

ബീഫിന്റെ പേരില്‍ ഷൗക്കത്ത് അലിക്ക് മര്‍ദ്ദനമേറ്റ സംഭവം ഏറെ ഭീതിജനകമാണ്. ഒരു സംഘമാളുകള്‍ ഷൗക്കത്തിനെ തടഞ്ഞുനിര്‍ത്തി മര്‍ദ്ദിക്കുകയായിരുന്നു. ‘നിങ്ങള്‍ ബംഗ്ലാദേശിയാണോ?’ എന്ന് ചോദിച്ചായിരുന്നു ആക്രമണം. ബീഫ് വില്‍ക്കുന്നതെന്തിനെന്നും അവര്‍ ചോദിച്ചു. ചുറ്റും കൂടിയ ആള്‍ക്കൂട്ടം ഷൗക്കത്തിനെ സഹായിക്കുന്നതിനു പകരം മൊബൈല്‍ ഫോണില്‍ ഇതിന്റെ ദൃശ്യങ്ങള്‍ പകര്‍ത്തുകയായിരുന്നു.

ഷൗക്കത്തിന്റെ ചെറിയ കടയില്‍ നിന്നും ബീഫ് കറി വിളമ്പി നല്‍കാന്‍ തുടങ്ങിയിട്ട് ദശാബ്ദങ്ങളായി. ഇതുവരെ അവര്‍ക്ക് ഇത്തരമൊരു ആക്രമണം നേരിടേണ്ടി വന്നിട്ടില്ല. ബീഫ് വില്‍ക്കുന്നത് നിരോധിച്ചിട്ടില്ലാത്ത അസമിലാണ് ഇത്തരമൊരു അനുഭവം. തനിക്ക് ജീവിച്ചിരിക്കാന്‍ തോന്നുന്നില്ല. ഇത് തന്റെ വിശ്വാസത്തിനു നേരെയുള്ള ആക്രമണമാണെന്ന് ഷൗക്കത്ത് ബിബിസിയോട് പറയുന്നു.

ആക്രമണത്തെ തുടര്‍ന്ന് ജോലി വേണ്ടെന്ന് വയ്ക്കാന്‍ തീരുമാനിച്ചിരിക്കുകയാണ് ഷൗക്കത്തെന്നും ആക്രമണം നടന്ന് ഒരുമാസത്തിനിപ്പുറവും നടക്കാന്‍ കഴിയാത്ത അവസ്ഥയാണ് അദ്ദേഹത്തിനെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

2015 മെയ് മാസത്തിനും 2018 ഡിസംബറിനും ഇടയില്‍ 36 മുസ്ലിങ്ങള്‍ കൊല്ലപ്പെട്ടെന്നാണ് ഹ്യൂമണ്‍ റൈറ്റ്‌സ് വാച്ചിന്റെ 2019 ഫെബ്രുവരിയിലെ റിപ്പോര്‍ട്ട്. രാജ്യമെമ്പാടുമുണ്ടായ 100ലേറെ അക്രമസംഭവങ്ങളില്‍ 280 പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തിട്ടുണ്ട്.

മുസ്ലീങ്ങള്‍ക്ക് പുറമെ മറ്റു ദളിത് ന്യൂനപക്ഷങ്ങള്‍ക്കെതിരെയും അതിക്രമങ്ങള്‍ ഇക്കാലയളവില്‍ വര്‍ധിച്ചിട്ടുണ്ടെന്നും ബിബിസി റിപ്പോര്‍ട്ടില്‍ പറയുന്നു.

കത്വ പീഡനം, മുഹമ്മദ് അഖ്ലാഖ് വധം, അസമില്‍ പൗരത്വ രജിസ്റ്റര്‍ ഇല്ലാത്ത മുസ്ലീങ്ങളെ രാജ്യത്തില്‍ നിന്ന് പുറത്താക്കുമെന്ന പ്രഖ്യാപനം തുടങ്ങിയ സംഭവങ്ങളെക്കുറിച്ചും റിപ്പോര്‍ട്ടില്‍ പറയുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News