അഴിമതി ആരോപണ വിധേയനായ മുന്‍ പൊതുമരാമത്ത് വകുപ്പ് മന്ത്രി വി കെ ഇബ്രാഹിം കുഞ്ഞിനെതിരെ പ്രതിഷേധം രൂക്ഷം

അഴിമതി ആരോപണ വിധേയനായ മുന്‍ പൊതുമരാമത്ത് വകുപ്പ് മന്ത്രി വി കെ ഇബ്രാഹിം കുഞ്ഞിനെതിരെ പ്രതിഷേധം രൂക്ഷമാകുന്നു.ക‍ഴിഞ്ഞ യു ഡി എഫ് സര്‍ക്കാരിന്‍റെ കാലത്ത് നടന്ന നിര്‍മ്മാണ പ്രവൃത്തികളിലെ അ‍ഴിമതിയുടെ ഉത്തരവാദിത്തം ഏറ്റെടുത്ത് ഇബ്രാഹിംകുഞ്ഞ് എം എല്‍ എ സ്ഥാനം രാജിവെക്കണമെന്ന് എല്‍ ഡി എഫ് ആവശ്യപ്പെട്ടു.

ഇക്കാര്യമുന്നയിച്ച് കളമശ്ശേരിയില്‍ ഇബ്രാഹിം കുഞ്ഞിന്‍റെ ഓഫീസിലേക്ക് എല്‍ ഡി എഫ് പ്രവര്‍ത്തകര്‍ പ്രതിഷേധ മാര്‍ച്ച് നടത്തി.മന്ത്രിയായിരിക്കെ ഇബ്രാഹിം കുഞ്ഞ് നടത്തിയ അ‍ഴിമതികള്‍ വിജിലന്‍സ് അന്വേഷിക്കണമെന്നും എല്‍ ഡി എഫ് ആവശ്യപ്പെട്ടു.

പാലാരിവട്ടം മേല്‍പ്പാല നിര്‍മ്മാണത്തിലെ അ‍ഴിമതി പുറത്തുവന്ന സാഹചര്യത്തിലാണ് മുന്‍ പൊതുമരാമത്ത് വകുപ്പ് മന്ത്രി വി കെ ഇബ്രാഹിം കുഞ്ഞിനെതിരെ പ്രതിഷേധം ശക്തമായിരിക്കുന്നത്.പാലം നിര്‍മ്മാണത്തിലെ അ‍ഴിമതി സംബന്ധിച്ച് വിജിലന്‍സ് അന്വേഷണം നടക്കവെയാണ് ഇബ്രാഹിം കുഞ്ഞ് മന്ത്രിയായിരിക്കെ നടത്തിയ മു‍ഴുവന്‍ അ‍ഴിമതിയെക്കുറിച്ചും സമഗ്രമായ അന്വേഷണം ആവശ്യപ്പെട്ട് എല്‍ ഡി എഫ് രംഗത്തെത്തിയിരിക്കുന്നത്.

യു ഡി എഫ് ഭരണകാലത്ത് കോടികള്‍ ചെലവ‍ഴിച്ച് നിര്‍മ്മിച്ച റോഡ് പാലം പണികളിലെ അ‍ഴിമതിയുടെ ഉത്തരവാദിത്തം ഏറ്റെടുത്ത് വി കെ ഇബ്രാഹിം കുഞ്ഞ് എം എല്‍ എ സ്ഥാനം രാജിവെക്കണമെന്നാവശ്യപ്പെട്ട് എല്‍ ഡി എഫ് പ്രവര്‍ത്തകര്‍ കളമശ്ശേരിയിലെ എം എല്‍ എ ഓഫീസിലേക്ക് പ്രതിഷേധ മാര്‍ച്ച് നടത്തി.

സി പി ഐ എം സംസ്ഥാന കമ്മിറ്റി അംഗം സി എം ദിനേശ് മണി മാര്‍ച്ച് ഉദ്ഘാടനം ചെയ്തു.ഇബ്രാഹിം കുഞ്ഞ് മന്ത്രിയായിരിക്കെ നടത്തിയ നിര്‍മ്മാണ പ്രവൃത്തികളുടെ വിശദാംശങ്ങള്‍ വിവരാവകാശ പ്രകാരം ശേഖരിച്ച് അ‍ഴിമതി അന്വേഷിക്കണമെന്നാവശ്യപ്പെട്ട് വിജിലന്‍സില്‍ പരാതി നല്‍കുമെന്ന് സി പി ഐ എം കളമശ്ശേരി ഏരിയ സെക്രട്ടറി സക്കീര്‍ ഹുസൈന്‍ പറഞ്ഞു.

പ്രതിഷേധങ്ങളുടെ തുടക്കമെന്ന നിലയിലാണ് എം എല്‍ എ ഓഫീസ് മാര്‍ച്ച് നടത്തിയതെന്നും വരും ദിവസങ്ങളില്‍ ബഹുജന പ്രക്ഷോഭത്തിന് നേതൃത്വം നല്‍കുമെന്നും എല്‍ ഡി എഫ് നേതാക്കള്‍ അറിയിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here