മന്ത്രി കെ കെ ഷൈലജ ടീച്ചറുടെ ഇടപെടലിനെ തുടര്‍ന്ന് കൊച്ചി ലിസി ആശുപത്രിയില്‍ വിജയകരമായി ചികിത്സ പൂര്‍ത്തിയാക്കിയ നവജാത ശിശു ആശുപത്രി വിട്ട് നാട്ടിലേക്ക് മടങ്ങി

മന്ത്രി കെ കെ ഷൈലജ ടീച്ചറുടെ ഇടപെടലിനെത്തുടര്‍ന്ന് കൊച്ചി ലിസി ആശുപത്രിയില്‍ വിജയകരമായി ചികിത്സ പൂര്‍ത്തിയാക്കിയ നവജാത ശിശു ആശുപത്രി വിട്ട് നാട്ടിലേക്ക് മടങ്ങി.

മലപ്പുറം എടക്കര സ്വദേശികളുടെ കുഞ്ഞാണ് വിജയകരമായ ഹൃദ്രോഗ ചികിത്സക്ക് ശേഷം മാതാവിനും ബന്ധുക്കള്‍ക്കുമൊപ്പം നാട്ടിലേക്ക് മടങ്ങിയത്.

ആരോഗ്യമന്ത്രിയുടെ നിര്‍ദേശപ്രകാരമാണ് സര്‍ക്കാരിന്‍റെ ഹൃദ്യം പദ്ധതിയില്‍ ഉള്‍പ്പെടുത്തി കുഞ്ഞിന് ലിസി ആശുപത്രിയില്‍ സൗജന്യ ചികിത്സ ഒരുക്കിയത്.

ഇക്ക‍ഴിഞ്ഞ 9 ന് പുലര്‍ച്ചെയാണ് പെരിന്തല്‍ മണ്ണയിലെ സ്വകാര്യ ആശുപത്രിയില്‍ നിന്നും ഒരു ദിവസം മാത്രം പ്രായമായ പെണ്‍കുഞ്ഞിനെ കൊച്ചി ലിസി ആശുപത്രിയില്‍ എത്തിച്ചത്.

ചികിത്സ സഹായമാവശ്യപ്പെട്ട് കുഞ്ഞിന്‍റെ മാതൃ സഹോദരന്‍, മന്ത്രി കെ കെ ഷൈലജ ടീച്ചറുടെ ഫെയ്സ്ബുക്ക് പെജില്‍ പോസ്റ്റിട്ടിരുന്നു.

ഇത് ശ്രദ്ധയില്‍പ്പെട്ട മന്ത്രി ഇവരെ നേരിട്ട് വിളിക്കുകയും ഹൃദ്യം പദ്ധതിയില്‍ ഉള്‍പ്പെടുത്തി ലിസി ആശുപത്രിയില്‍ സൗജന്യ ചികിത്സ ഒരുക്കുകയുമായിരുന്നു.

ഒരാ‍ഴ്ച്ചത്തെ വിജയകരമായ ചികിത്സക്കു ശേഷം ജീവിതത്തിലേക്ക് തിരിച്ചുവന്ന കുഞ്ഞിന് സമ്മാനം നല്‍കി ആശുപത്രി അധികൃതര്‍ ഹൃദ്യമായ യാത്രയയപ്പ് നല്‍കി.

ആരോഗ്യമന്ത്രിയോടും ഡോക്ടര്‍മാരോടും തീര്‍ത്താല്‍തീരാത്ത കടപ്പാടാണെന്ന് കുഞ്ഞിന്‍റെ മാതാവ് ജംഷീല പറഞ്ഞു.
കുഞ്ഞിന്‍റെ ഹൃദയത്തില്‍ നിന്നും ശ്വാസകോശത്തിലേക്കുള്ള കു‍ഴല്‍ സ്റ്റെന്‍റ് ഉപയോഗിച്ച് വികസിപ്പിക്കുകയാണ് ചെയ്തതെന്നും ആറുമാസത്തിന് ശേഷം രണ്ടാം ഘട്ട സര്‍ജറി നടത്തുമെന്നും ചികിത്സക്ക് നേതൃത്വം നല്‍കിയ ഡോ.എഡ്വിന്‍ ഫ്രാന്‍സിസ് പറഞ്ഞു.

കുഞ്ഞിന് സമയബന്ധിതമായി ചികിത്സ നല്‍കാന്‍ മന്ത്രി ഷൈലജ ടീച്ചര്‍ നടത്തിയ ഇടപെടല്‍ നേരത്തെ സോഷ്യല്‍ മീഡിയയില്‍ വലിയ ചര്‍ച്ചയായിരുന്നു.

ഒരു മന്ത്രി എങ്ങനെയാണ് പ്രവര്‍ത്തിക്കേണ്ടത് എന്നതിന് ഉത്തമ മാതൃകയാണ് ഷൈലജ ടീച്ചര്‍ എന്ന തരത്തില്‍ അന്ന് സോഷ്യല്‍ മീഡിയയില്‍ അഭിനന്ദനപ്രവാഹമായിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News