ഫ്രഞ്ച് ധനതത്വശാസ്ത്രജ്ഞന്‍ തോമസ് പിക്കറ്റിയുമായി മുഖ്യമന്ത്രി കൂടിക്കാ‍ഴ്ച നടത്തി; കേരളത്തിന്‍റെ സാമ്പത്തിക വളര്‍ച്ച പഠിക്കാന്‍ തോമസ് പിക്കറ്റി

ഫ്രഞ്ച് ധനതത്വശാസ്ത്രജ്ഞന്‍ തോമസ് പിക്കറ്റിയുമായി പാരീസില്‍ മുഖ്യമന്ത്രി പിണറായി വിജയൻ കൂടിക്കാ‍ഴ്ച നടത്തി.

സാമ്പത്തിക വളര്‍ച്ചയുടെ കേരള മാതൃകയെപ്പറ്റി പഠനം നടത്താനും കേരളത്തിന്‍റെ സമ്പദ്ഘടന ശക്തിപ്പെടുത്താനുള്ള നിര്‍ദേശങ്ങള്‍ സമര്‍പ്പിക്കാനും താല്പര്യമുണ്ടെന്ന് ഫ്രഞ്ച് ധനതത്വശാസ്ത്രജ്ഞന്‍ തോമസ് പിക്കറ്റി മുഖ്യമന്ത്രി പിണറായി വിജയനെ അറിയിച്ചു.

എല്ലാവരെയും ഉള്‍ക്കൊള്ളുന്ന വികസനപാതയാണ് കേരളത്തില്‍ തന്‍റെ സര്‍ക്കാര്‍ സ്വീകരിച്ചിട്ടുള്ളതെന്നും ആരോഗ്യം, പൊതുവിദ്യാഭ്യാസം എന്നീ മേഖലകള്‍ ഉയര്‍ന്ന നിലവാരത്തിലേക്ക് കൊണ്ടുവരാനാണ് സര്‍ക്കാര്‍ ശ്രദ്ധിക്കുന്നതെന്നും തോമസ് പിക്കറ്റിയുമായി നടത്തിയ കൂടിക്കാ‍ഴ്ചയിൽ മുഖ്യമന്ത്രി വിശദീകരിച്ചു.

സര്‍ക്കാര്‍ വരുത്തിയ മാറ്റങ്ങളുടെ ഫലമായി കൂടുതല്‍ വിദ്യാര്‍ത്ഥികള്‍ പൊതുവിദ്യാലയങ്ങളില്‍ ചേരുകയാണ്. അസംഘടിത വിഭാഗങ്ങള്‍ക്കുള്ള ക്ഷേമപെന്‍ഷന്‍ രാജ്യത്തിന് തന്നെ മാതൃകയാണ്.

സാമൂഹിക ക്ഷേമത്തിന് മുന്‍ഗണന നല്‍കുന്ന ബദല്‍ വികസന പാതയിലാണ് കേരളം മുന്നോട്ടുപോകുന്നതെന്നും മുഖ്യമന്ത്രി വിശദീകരിച്ചു.

സാമ്പത്തിക അസമത്വം വര്‍ധിക്കുന്നതിനെക്കുറിച്ച് സര്‍ക്കാരിന് ഉത്ക്കണ്ഠയുണ്ട്. അതുകൊണ്ടുതന്നെ പാര്‍ശ്വവല്‍ക്കരിക്കപ്പെട്ട ജനവിഭാഗങ്ങള്‍ക്ക് അവരുടെ സാമൂഹിക-സാമ്പത്തിക അവകാശങ്ങള്‍ ഉറപ്പുവരുത്താന്‍ കേരള സര്‍ക്കാര്‍ പ്രത്യേകം ശ്രദ്ധിക്കുന്നുണ്ടെന്നും സാമ്പത്തിക അസമത്വം മാത്രമല്ല, സാമൂഹിക അസമത്വം കുറയ്ക്കാനും സര്‍ക്കാര്‍ നടപടിയെടുക്കുന്നുണ്ട്.

ട്രാന്‍സ്ജന്‍ഡേഴ്സിനെ മുഖ്യധാരയിലേക്ക് കൊണ്ടുവരാന്‍ സംസ്ഥാനം സ്വീകരിച്ച നടപടികള്‍ മുഖ്യമന്ത്രി എടുത്തുപറഞ്ഞു.

സാമ്പത്തിക അസമത്വം കുറയ്ക്കുന്നതിന് എല്ലാ രാജ്യങ്ങളിലും പുരോഗമനപരമായ നികുതിഘടന വേണമെന്ന് പിക്കറ്റി നിര്‍ദേശിച്ചു.

കൂടുതല്‍ സമ്പത്തുള്ളവരില്‍ നിന്ന് കൂടുതല്‍ നികുതി ഈടാക്കണം. സമ്പന്നരുടെ നികുതി കുറയ്ക്കുന്നിന് ആഗോളമായി തന്നെ സമ്മര്‍ദ ഗ്രൂപ്പുകള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. പല രാഷ്ട്രങ്ങളും ഇവരുടെ വാദഗതികളാണ് ഉയര്‍ത്തുന്നത്.

ഭൂനികുതി, വസ്തുനികുതി, സ്വത്ത്നികുതി എന്നിവയുടെ ഘടന മാറണം. കൂടുതല്‍ സമ്പത്തുള്ളവരില്‍ നിന്ന് കൂടുതല്‍ നികുതി ഈടാക്കുന്ന വിധത്തില്‍ നികുതി നിരക്ക് മാറിക്കൊണ്ടിരിക്കണമെന്നും അദ്ദേഹം നിർദ്ദേശിച്ചു.
പിക്കറ്റിയുമായുള്ള ചര്‍ച്ച ഒരു മണിക്കൂറിലധികം നീണ്ടു.

ഭൂപരിഷ്കരണത്തിലൂടെയും ആരോഗ്യം, വിദ്യാഭ്യാസം മുതലായ മേഖലകളില്‍ നടത്തിയ വലിയ മുതല്‍മുടക്കിലൂടെയും കേരളം കൈവരിച്ച പുരോഗതിയെക്കുറിച്ച് താന്‍ ഏറെ ബോധവാനാണെന്ന് പിക്കറ്റി പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News