5 ‍വര്‍ഷത്തിനൊടുവില്‍ വാര്‍ത്താസമ്മേളനത്തിനെത്തി; ഒരു ചോദ്യം പോലും അഭിമുഖീകരിക്കാതെ മോദി

വാര്‍ത്താസമ്മേളനം നടത്താത്ത പ്രധാനമന്ത്രിയെന്ന വിമര്‍ശനം മറികടക്കാനായിരുന്നു മോദിയുടെ ഇന്നത്തെ ശ്രമം. പക്ഷെ ഒരു ചോദ്യം പോലും അഭിമുഖീകരിക്കാന്‍ മോദി തയ്യാറാകാത്തത് പരിഹാസ്യമായി.

ചോദ്യങ്ങള്‍ക്ക് ബിജെപി ദേശിയ അദ്ധ്യക്ഷന്‍ അമിത്ഷാ ഉത്തരം നല്‍കുമ്പോഴെല്ലാം വരിഞ്ഞ്മുറുകിയ ഭാവത്തോടെയായിരുന്നു നരേന്ദ്രമോദി. ലോക്‌സഭ തിരഞ്ഞെടുപ്പിന്റെ അവസാനഘട്ടത്തില്‍ പോലും ആത്മവിശ്വാസം പ്രകടിപ്പിക്കാന്‍ മോദിക്കായില്ല.

ദേശിയ അദ്ധ്യക്ഷന്‍ അമിത് ഷാ വാര്‍ത്താസമ്മേളനം നടത്തുമെന്ന് ഔദ്യോഗിക അറിയിപ്പാണ് മാധ്യമ പ്രവര്‍ത്തകര്‍ക്ക് ബിജെപി ആസ്ഥാനത്ത് നിന്ന് ലഭിച്ചത്. എന്നാല്‍ പ്രസ് റൂമിലേയ്ക്ക് അമിത്ഷായോട് ഒപ്പം മോദിയുമെത്തി.

ഗുജറാത്ത് കലാപ കാലത്തിന് ശേഷം മാധ്യമപ്രവര്‍ത്തകര്‍ക്ക് മുമ്പില്‍ എത്താന്‍ മടിച്ചിട്ടുള്ള മോദി അത്തരം ചോദ്യങ്ങള്‍ക്ക് മുമ്പില്‍ രോക്ഷാകുലനാകുന്നതും പതിവാണ്.ആ പ്രതിശ്ചായ മാറ്റാനുള്ള ബോധപൂര്‍വ്വമായ ശ്രമമായിരുന്നു വാര്‍ത്തസമ്മേളനം. പക്ഷെ ഒരു ചോദ്യം പോലും അഭിമുഖീകരിക്കാന്‍ പ്രധാനമന്ത്രിക്കായില്ല.

അഞ്ച് വര്‍ഷത്തെ ഭരണത്തെക്കുറിച്ച് ആമുഖം പറഞ്ഞ മോദി മാധ്യമപ്രവര്‍ത്തകരോട് തമാശ പറഞ്ഞ് ചിരിക്കാന്‍ ശ്രമിക്കുന്നുണ്ടായിരുന്നു.പക്ഷെ ചോദ്യങ്ങളിലേയ്ക്ക് കടന്നപ്പോള്‍ മുഖഭാവം മാറി. എല്ലാത്തിനും പ്രധാനമന്ത്രി മറുപടി പറയേണ്ടതില്ലല്ലോ എന്ന പ്രതിരോധം തീര്‍ത്തു അമിത്ഷാ.

ചോദ്യസമയത്ത് എല്ലാം വരിഞ്ഞ് മുറുകിയ മുഖഭാവത്തോടെയിരുന്ന മോദി പല തവണ താടിയ്ക്ക് കൈകൊടുത്തും വെള്ളം കുടിച്ചും ഇരുന്നു. പ്രവര്‍ത്തകര്‍ക്ക് ആത്മവിശ്വാസം പകരാനുള്ള ശ്രമം കൂടിയായിരുന്നു.പക്ഷെ പ്രതീക്ഷിച്ചതിനെക്കാള്‍ ഏറെ കളിയാക്കലുകള്‍ക്കാണ് ആദ്യ വാര്‍ത്താസമ്മേളം ഇടയാക്കിയത്.

മികച്ച വാര്‍ത്തസമ്മേളനമായിരുന്നുവെന്നും അടുത്ത തവണ കുറച്ച് ചോദ്യങ്ങള്‍ക്ക് എങ്കിലും മറുപടി നല്‍കാന്‍ അമിത്ഷാ താങ്കളെ അനുവദിക്കുമെന്നും കളിയാക്കി രാഹുല്‍ഗാന്ധി ട്വീറ്റ് ചെയ്തു. മോദി മാധ്യമങ്ങള്‍ക്ക് മുമ്പിലെത്തിയത് പ്രതിപക്ഷത്തിന് രാഷ്ട്രിയ വിജയമായി.

അഞ്ച് വര്‍ഷമായി മോദിയുടെ ഒളിച്ച് കളിയെ കടുത്ത ഭാഷയിലാണ് പ്രതിപക്ഷം വിമര്‍ശിച്ചിരുന്നത്. രണ്ടാം യുപിഎയുടെ അവസാന കാലത്ത് അന്നത്തെ പ്രധാനമന്ത്രി മന്‍മോഹന്‍സിങ്ങും ദില്ലിയില്‍ വാര്‍ത്താസമ്മേളനം നടത്തിയിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here