മൂന്നാറില്‍ യുവാവിനെ ഭീഷണിപ്പെടുത്തി സ്വര്‍ണാഭരണങ്ങളും പണവും തട്ടിയെടുത്ത കേസില്‍ മൂന്ന് പേര്‍ അറസ്റ്റില്‍. തമിഴ്‌നാട് സ്വദേശികളായ യുവാക്കളാണ് പിടിയിലായത്.

മൂന്നാര്‍ ചെണ്ടുവര എസ്റ്റേറ്റ് സ്വദേശി അനീഷ്‌കുമാറില്‍ നിന്ന് സ്വര്‍ണാഭരണങ്ങളും പണവും തട്ടിയെടുത്ത സംഭവത്തില്‍ തമിഴ്‌നാട്-തേനി സ്വദേശികളാണ് പിടിയിലായത്.

തേനി ബൊമൈയ കൗണ്ടറില്‍ ഓട്ടോ ഡ്രൈവറായ മനോ ആനന്ദ്, തേനി മുലൈനഗര്‍ സ്വദേശി കാര്‍ത്തിക്, കാര്‍ ഡ്രൈവര്‍ മാരിമുത്തു എന്നിവരെയാണ് തമിഴ്‌നാട് പൊലീസ് അറസ്റ്റ് ചെയ്തത്.

പ്രതികള്‍ ആണ്ടിപ്പെട്ടിയില്‍ ഒളിവില്‍ കഴിയുകയായിരുന്നു. മെയ് മൂന്നിനാണ് കേസിനാസ്പദമായ സംഭവം. സുഹൃത്തുക്കളെ കാണാന്‍ അനീഷ് ആണ്ടിപ്പെട്ടിയിലെത്തിയപ്പോഴാണ് മൂന്ന് പേരും ചേര്‍ന്ന് സ്വര്‍ണാഭരണങ്ങളും പണവും അപഹരിച്ചത്. അനീഷിന്റെ മാല, മോതിരം, മൊബൈല്‍ ഫോണ്‍, 1500 രൂപ എന്നിവ നഷ്ടമായിരുന്നു.

മോഷണ വസ്തുക്കള്‍ പ്രതികളില്‍ നിന്ന് പൊലീസ് കണ്ടെടുത്തു. കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാന്‍ഡ് ചെയ്തു.