കാസറഗോഡ് ,കണ്ണൂർ ലോക്സഭാ മണ്ഡലങ്ങളിലെ 7 ബൂത്തുകളിൽ നാളെ റീ പോളിങ്.കള്ള വോട്ട് നടന്നു എന്ന് കണ്ടെത്തിയ ബൂത്തുകളിലാണ് റീ പോളിങ് നടക്കുന്നത്.സമാധാനപരമായി റീ പോളിങ് നടത്തുന്നതിനായി കർശന സുരക്ഷ ക്രമീകരണങ്ങളാണ് ഏർപ്പെടുത്തുന്നത്.

കാസറഗോഡ് ലോക്സഭാ മണ്ഡലത്തിലെ നാല് ബൂത്തുകളിലും കണ്ണൂർ ലോക്സഭാ മണ്ഡലത്തിലെ മൂന്ന് ബൂത്തുകളിലുമാണ് റീ പോളിങ്.

കണ്ണൂർ ലോക്സഭാ മണ്ഡലം പരിധിയിൽപ്പെടുന്ന തളിപ്പറമ്പ നിയമസഭാ മണ്ഡലത്തിലെ പാമ്പുരുത്തി മാപ്പിള എ യു പി സ്കൂളിലെ ബൂത്ത് നമ്പർ 166,ധർമ്മടം നിയമസഭാ മണ്ഡലത്തിലെ കുന്നിരിക്ക യു പി സ്കൂളിലെ 52,53 ബൂത്തുകൾ കാസറഗോഡ് ലോക്സഭാ മണ്ഡലത്തിൽപ്പെട്ട കല്യാശ്ശേരിയിലെ പിലാത്തറ യു പി സ്കൂൾ ബൂത്ത് നമ്പർ 19,പുതിയങ്ങാടി ജമാഅത്ത ഹൈ സ്‌കൂളിലെ 69,70 ബൂത്തുകൾ,തൃക്കരിപ്പൂർ നിയമസഭാ മണ്ഡലത്തിലെ കൂളിയാട് ഗവണ്മെന്റ് ഹൈ സ്‌കൂളിലെ ബൂത്ത് നമ്പർ 48 എന്നിവിടങ്ങളിലാണ് റീ പോളിങ്.

രാവിലെ ഏഴ് മണി മുതൽ വൈകുന്നേരം ആറ് മണി വരെയാണ് പോളിങ്.പരസ്യ പ്രചാരണം ഇന്നലെ വൈകുന്നേരം അവസാനിച്ചതിനാൽ നിശബ്ദ പ്രചാരണത്തിലാണ് സ്ഥാനാർത്ഥികൾ.

പരമാവധി വോട്ടർമാരെ നേരിട്ട് കണ്ട് വോട്ട് ഉറപ്പിക്കാനുള്ള ശ്രമത്തിലാണ് മുന്നണികൾ.റീ പോളിങ് നടക്കുന്ന ബൂത്തുകളിൽ കർശന സുരക്ഷയാണ് ഒരുക്കിയിട്ടുള്ളത്.