ഇഷ്ക്ക്, ഒരടി മുന്നിൽ; സ്ത്രീ പക്ഷ ആവിഷ്കാരം കൊണ്ടും നിലപാടു കൊണ്ടും

ഇഷ്ക് ; മലയാള സിനിമ ഇന്ന് ആവശ്യപ്പെടുന്ന കൃത്യമായ സ്ത്രീപക്ഷ നിലപാടിനൊപ്പം ചേർന്ന് നിൽക്കുന്ന സിനിമയാണെന്ന് മാധ്യമ പ്രവർത്തകനായ ബിജു മുത്തത്തി. സിനിമക്കകത്തും പുറത്തും ആൺ മേധാവിത്ത നിർമ്മിതികളായ സദാചാര-ദുരാചാര നായകന്മാർക്കെതിരായ ശക്തമായൊരു ചുവടുവെപ്പുമാണ് ഈ സിനിമ. ഈ ശ്രേണിയിൽ സമീപകാലത്ത് പുറത്തിറങ്ങിയ വരത്തൻ, കുമ്പളങ്ങി നൈറ്റ്സ് തുടങ്ങിയ സിനിമകളിൽ നിന്നും ഒരടി മുന്നിൽ നിൽക്കുന്നതാണ് ഇഷ്കിന്റെ നിലപാടുകളെന്നും ബിജു മുത്തത്തി ഫേസ് ബുക്കിൽ എഴുതുന്നു.

ബിജു മുത്തത്തിയുടെ ഫേസ് ബുക്ക് പോസ്റ്റിന്റെ പൂർണ്ണ രൂപം ചുവടെ വായിക്കാം:

” #ഇഷ്ക്ക്_ഒരടി_മുന്നോട്ട്

മലയാളത്തിലെ നവനിര സിനിമാ സംവിധായകരുടെ നിരയിലേക്ക് കസേര വലിച്ചിട്ട് ഇനി ഈ ചെറുപ്പക്കാരനും- അനുരാജ് മനോഹർ Anuraj Manohar. തീർത്തും ഒരു സാധാരണ സിനിമയായി കൊഴിഞ്ഞു പോകാവുന്ന ഒരു അന്തരീക്ഷത്തെ ഒരൊറ്റ ട്വിസ്റ്റുകൊണ്ട് അമ്പരപ്പിച്ച് അനുരാജ് ഇഷ്ക്കിനെ പുതിയ മലയാള സിനിമയുടെ ഏറ്റവും മികച്ച ഉയരത്തിലെത്തിച്ചിരിക്കുന്നു. ഇതൊരു പ്രണയകഥയല്ലെന്ന് ടൈറ്റിലിൽ പറഞ്ഞു തുടങ്ങുന്ന സിനിമ കൃത്യമായൊരു സ്ത്രീപക്ഷ സമൂഹൃരാഷ്ട്രീയം പറയാനാണ് പ്രണയം ഹേതുവാക്കുന്നത്.അതിന്റെ കരുത്ത് അതിനുണ്ട്.

ആണുങ്ങൾ തന്നെ അസാമാന്യ പ്രകടനങ്ങളിലൂടെ നിറഞ്ഞു നിൽക്കുന്ന സീനുകളിൽ, സദാചാരികളും ദുരാചാരികളുമായി ആണുങ്ങളുടെ ഹീറോയിസം തന്നെ വാഴുന്ന ലോകങ്ങളിൽ, അതു കൊണ്ട് ഒരു സർജിക്കൽ സ്ട്രൈക്കാണ് അനുരാജിന്റെ സിനിമ. നമ്മുടെ ഇനിയും സാമൂഹൃമായി പക്വതയാർജ്ജിക്കാത്ത കണ്ണുകൾക്ക് നേരെയാണ്, സിനിമയിൽ വസുധയുടെ വിരൽ ചൂണ്ടപ്പെടുന്നത്. അത് സിനിമയിലായാലും സിനിമക്ക് പുറത്തായാലും അതിന്റെ തുടർച്ചയാണ് ഇന്ന് സ്ത്രീ സമൂഹം ആവശ്യപ്പെടുന്നത്.
സ്തീ ശരീരത്തിന്റെ പുണ്യപുരാതനമായ ശുദ്ധാശുദ്ധ സങ്കൽപ്പത്തിനെ വട്ടം ചുറ്റിത്തന്നെയാണ് ഇവിടെ വില്ലന്മാരും നായകന്മാരുമുണ്ടാകുന്നതെന്ന് സിനിമ ഒരാവർത്തി കൂടി എതിർപ്പോടെ സാക്ഷ്യപ്പെടുത്തുകയാണ്.

മലയാളി സദാചാര വിഷയം നേരത്തേ ‘വരത്തൻ’ സിനിമയിൽ നമ്മൾ കണ്ടിട്ടുണ്ടെങ്കിലും, അവിടെ ആണത്തത്തിന്റെ പ്രതികാര ഘോഷത്തിൽ തീരുന്ന സിനിമ, ഒരടി കൂടി മുന്നോട്ട് പോയി ആ ഭാവനകൾക്ക് വലിയ വിള്ളലും അട്ടിമറിയുമാണ് ഇഷ്കിൽ സംഭവിപ്പിച്ചിരിക്കുന്നത്. ആണ് തന്നെ ഇറങ്ങി അക്രമിച്ച് തോൽപ്പിക്കേണ്ട തിന്മയല്ല, ആണ് തന്നെ പ്രതിയും നായകനുമായിയി വാഴുന്ന വ്യവസ്ഥയുമല്ല,പെണ്ണ് ശബ്ദിച്ച് തിരുത്തേണ്ടുന്ന ആണത്തത്തിന്റെ ജീർണ്ണതകൾ പല രൂപത്തിൽ പന്തലിച്ചതാണ് നമ്മുടെ സദാചാര സാമൂഹ്യക്രമം എന്നാണ് സിനിമ പറയുന്നത്. അങ്ങനെ ആഴത്തിൽ ഒരു ദുർവ്യവസ്ഥയുടെ അടിവേരറുക്കന്നതാണ് സിനിമ.

സൗഹൃദം തേങ്ങയല്ലെന്ന നിലപാടുള്ള ശ്യാം പുഷ്കരന്റെ കുമ്പളങ്ങിയിൽ പോലും ആ ‘ആണി’നെ സമർത്ഥമായി സംരക്ഷിക്കുന്നുണ്ട്.
ഫഹദിന്റെ കഥാപാത്രത്തിന്റെ മനോരോഗമാണ് ആ ചെയ്തികൾക്കെല്ലാം പിന്നിലെന്ന്, പാവം രോഗിയല്ലേ എന്ന് എന്ന് നമ്മെ കൊണ്ട് പറയിപ്പിക്കുന്ന, എല്ലാ സാമൂഹ്യ-ഗാർഹിക പീഡനങ്ങളെയും നിസ്സാരമാക്കുന്ന, തേങ്ങയല്ല കൊപ്ര തന്നെയായ മൂല്യബോധത്തിന്റെ ചെയ്തികളെ മൂടിവെക്കുന്നതിൽ നിന്ന് ഇഷ്ക്ക് സമരോത്സുകമായി മുതിർന്നു നിൽക്കുന്നു. അത് വരത്തനും കുമ്പളങ്ങിയും അവസാനിപ്പിച്ചിടത്തു നിന്ന് ഒരടി കൂടി മുന്നോട്ട് സഞ്ചരിക്കുന്നു.

ആ അടിയാണ് മലയാളി സ്ത്രീ മുന്നോട്ട് വെക്കേണ്ടുന്ന ഏറ്റവും സുപ്രധാനമായ ജീവിതത്തിന്റെയും നിലപാടിന്റെയും അടിയെന്ന് സിനിമ സമർത്ഥിക്കുന്നു. സിനിമയുടെ ആദ്യ പകുതിയിൽ പ്രണയ ചപലതയെന്നൊക്കെ പറയാവുന്ന സീനുകളുടെ അയഞ്ഞ ഘടന ആവിഷ്കാരത്തിന്റെ കുറവായല്ല, രണ്ടാം പകുതിയെ ശക്തമാക്കുന്നതിന്റെ ഒരു സൂത്രമായാണ് മനസ്സിലാക്കേണ്ടത്.

ആദ്യാവസാനം ശക്തമാണ് സിനിമ. അത് ഈ കാലം ആവശ്യപ്പെടുന്ന സിനിമയാണ്. നമ്മൾ ഇനിയും മുന്നോട്ട് പോകാനുള്ള ചുവടുകളെ ഓർമ്മപ്പെടുത്തുന്ന സിനിമയാണ്. മികച്ച രചന, മികച്ച അഭിനേതാക്കൾ, മികച്ച ക്യാമറയും, മികച്ച സംഗീതവും.
അനുരാജ്, വളരെ ലളിതമായി ഒരു സങ്കീർണ്ണ പ്രമേയം അവതരിപ്പിക്കാനുള്ള നിന്റെ വൈഭവത്തെ വീണ്ടും അഭിനന്ദിക്കുന്നു,
മുന്നോട്ട്..”

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News