ദില്ലി: തെരഞ്ഞെടുപ്പ് കമ്മീഷന്‍ അംഗങ്ങള്‍ക്കിടയിലെ ഭിന്നത സ്ഥിരീകരിച്ച് മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ സുനില്‍ അറോറ.

ഭിന്നഭിപ്രായങ്ങള്‍ സ്വഭാവികമാണെന്നും ചട്ടപ്രകാരം മാത്രമേ നടപടി സ്വീകാരിക്കുമെന്നും അറോറ പറഞ്ഞു. മോദിക്കും അമിത് ഷായ്ക്കും ക്ലീന്‍ ചിറ്റ് നല്‍കിയതിനെ തുടര്‍ന്നാണ് കമ്മീഷന്‍ അംഗങ്ങളില്‍ ഭിന്നത രൂക്ഷമായത്.

മോദിക്കും അമിത് ഷാക്കുമെതിരായ ചട്ടലംഘന പരാതികള്‍ തീര്‍പ്പാക്കിയുള്ള ഉത്തരവില്‍ വിയോജനക്കുറിപ്പ് രേഖപ്പെടുത്താതെ കമ്മീഷന്‍ യോഗങ്ങളില്‍ പങ്കെടുക്കില്ലെന്ന് കമ്മീഷന്‍ അംഗം അശോക് ലാവാസ നിലപാടെടുത്തതോടെയാണ് കമ്മീഷന്‍ അംഗങ്ങള്‍ തമ്മിലുള്ള ഭിന്നത രൂക്ഷമായത്.

ഇതിനെ തുടര്‍ന്ന് മെയ് 4 മുതല്‍ ചട്ടലംഘന പരാതികളില്‍ കമ്മീഷന് യോഗം ചേരാനും സാധിച്ചിട്ടില്ല. മേയ് 16 വരെ അശോക് ലാവാസ 4 കത്തുകളും കമ്മീഷന് അയക്കുകയും ചെയ്തിട്ടുണ്ട്.

അശോക് ലവാസയുടെ നിലപാടിലൂടെ തെരഞ്ഞെടുപ്പ് കമ്മീഷന്റെ നടപടികള്‍ ബിജെപിയെ സഹായിക്കുന്ന തരത്തിലാണെന്ന വിമര്‍ശനം ശക്തമാകുന്ന സഹചര്യത്തിലാണ് അംഗങ്ങള്‍ തമ്മില്‍ ഭിന്നത ഉണ്ടെന്ന് സ്ഥിരീകരിച്ചു മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ സുനില്‍ അറോറ രംഗതെത്തിയതും.

അംഗങ്ങള്‍ തമ്മില്‍ അഭിപ്രായ വ്യത്യാസം സ്വഭാവികമാണെന്നാണ് സുനില്‍ അറോറയുടെ പ്രസ്താവനയില്‍ പറയുന്നത്. ചട്ടപ്രകാരം മാത്രമാണ് നടപടികള്‍ സ്വീകരിക്കുന്നത്.

അംഗങ്ങള്‍ ക്ലോണുകള്‍ അല്ലാത്തതിനാല്‍ വ്യത്യസ്ത അഭിപ്രായങ്ങള്‍ ഉണ്ടാകും. എന്നാല്‍ ഇപ്പോഴുള്ള വിവാദങ്ങള്‍ അനാവശ്യമെന്നും, അനവസരത്തിലുള്ളതെന്നുമാണ് സുനില്‍ ആരോറയുടെ പ്രസ്താവനയില്‍ ചൂണ്ടിക്കാട്ടുന്നത്.

അതേ സമയം, കമ്മിഷനിലെ ഭിന്നത രൂക്ഷമായ സഹചര്യത്തില്‍ മോദിയെ വിമര്‍ശിച്ച് കോണ്‍ഗ്രസ് രംഗത്തെത്തി. മോദി തെരഞ്ഞെടുപ്പ് കമ്മിഷനെ വിഭജിക്കുകയാണെന്നും, ഇന്ത്യന്‍ ജനാധിപത്യത്തിലെ കറുത്ത ദിനമാണ് ഇന്നെന്നും കോണ്‍ഗസ് വിമര്‍ശനം ഉന്നയിച്ചു.