
ലണ്ടനിലെ മോണ്ട്കാം റോയല്‍ ലണ്ടന്‍ ഹൌസില്‍ നടന്ന ചടങ്ങിൽ കേരള മുഖ്യമന്ത്രി പിണറായി വിജയൻ കെ എസ് എഫ് ഇ പ്രവാസി ചിട്ടി യൂറോപ്പിലെ മലയാളി സമൂഹത്തിനു തുറന്നു നൽകി.
ധനകാര്യ മന്ത്രി ടിഎം തോമസ് ഐസക്കിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന ഉദ്ഘാടനച്ചടങ്ങിൽ കിഫ്ബി സിഇഒ ഡോക്ട കെഎം എബ്രഹാം, കെഎസ്എഫ്ഇ ചെയർമാൻ പീലിപ്പോസ് തോമസ്, മാനേജിങ് ഡയറക്ടർ എ പുരുഷോത്തമൻ, ഇംഗ്ലണ്ടിലെ വിവിധമേഖലകളിലെ മലയാളികൾ, മലയാളി സംഘടനാ പ്രതിനിധികൾ എന്നിവർ പങ്കെടുത്തു.
പ്രവാസികളായ ഓരോ മലയാളിയും പ്രവാസി ചിട്ടിയിൽ അംഗമാകുന്നതിലൂടെ നമ്മുടെ സംസ്ഥാനത്തിന്റെ സമഗ്ര വികസനത്തിൽ ഓരോരുത്തരുടെയും പങ്കാളിത്തവും ഊട്ടിഉറപ്പിക്കുകയാണെന്ന് മുഖ്യമന്ത്രി ഉദ്‌ഘാടന പ്രസംഗത്തിൽ
പറഞ്ഞു.
ഇതാദ്യമായി ആണ് പ്രവാസി ചിട്ടി ഇത്രയധികം രാജ്യങ്ങളിലേക്ക് ഒരുമിച്ച് ആരംഭിക്കുന്നത്.
അത്യന്തം ആവേശഭരിതമായ സ്വീകരണമാണ് പ്രവാസി ചിട്ടിക്ക് യൂറോപ്പിലെ മലയാളികളിൽനിന്ന് ലഭിച്ചുകൊണ്ടിരിക്കുന്നത് എന്നും മുഖ്യമന്ത്രി പറഞ്ഞു.
2018 നവംബർ 23ന് ലേലനടപടികൾ തുടങ്ങിയ പ്രവാസി ചിട്ടി 2019 ഏപ്രിലോടുകൂടി എല്ലാ ജിസിസി രാജ്യങ്ങളിലേക്കും വ്യാപിപ്പിച്ചിരുന്നു.
ഏതാനും മാസങ്ങൾക്കുള്ളിൽ തന്നെ ലോകമാകമാനമുള്ള മലയാളികൾക്ക് പ്രവാസി ചിട്ടിയിൽ ചേരുവാൻ കഴിയുമെന്നു ഡോക്ടര്‍ തോമസ് ഐസക് പറഞ്ഞു. ഇതു വരെ 27000 ൽ പരം പേർ പ്രവാസി ചിട്ടിയിൽ ചേരുന്നതിനു രജിസ്റ്റർ ചെയ്തുകഴിഞ്ഞു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Click Here