അഷിതയുടെ അവസാന അഭിമുഖം വിവാദത്തിൽ; അഭിമുഖത്തെക്കുറിച്ച് രണ്ടഭിപ്രായങ്ങളുമായി അഷിതയുടെ സഹോദരനും ബാലചന്ദ്രൻ ചുള്ളിക്കാടും

അഷിതയുടെ അവസാന അഭിമുഖം വിവാദത്തിൽ; അഭിമുഖത്തെക്കുറിച്ച് രണ്ടഭിപ്രായങ്ങളുമായി അഷിതയുടെ സഹോദരനും ബാലചന്ദ്രൻ ചുള്ളിക്കാടും

ദേശാഭിമാനിയില്‍ പ്രസിദ്ധീകരിച്ച കത്തിലൂടെയാണ് അഷിതയുടെ സഹോദരൻ സന്തോഷ് നായരുടെ പ്രതികരണം പുറത്തുവന്നത്. പിന്നാലേ ദേശാഭിമാനി ഓൺലൈനിൽ വന്ന കുറിപ്പിലാണ് ചുള്ളിക്കാടിന്റെ എതിർപ്പ്.

സന്തോഷ് നായരുടെ കത്ത് ഇങ്ങനെയാണ്:

“ഈയിടെ അന്തരിച്ച സാഹിത്യകാരി അഷിതയുടെ അവസാന നാളുകളിൽ അവരുമായി നടത്തിയ അഭിമുഖമായി ഒരു അഭ്യുദയകാംക്ഷിയുടെ ലേഖനങ്ങളും അഭിപ്രായങ്ങളും വന്നിരുന്നു.

അതിലെ ചില പരമാർശങ്ങൾ പിന്നീട്‌ ഏതാനും പത്രങ്ങളിലും വന്നിരുന്നു. അവയുടെ ഉള്ളടക്കമെല്ലാംതന്നെ വളരെ മുമ്പ് മരിച്ചുപോയ ഞങ്ങളുടെ അച്ഛനെയും 90 വയസ്സുള്ള അമ്മയെയും അപകീർത്തിപ്പെടുത്തുന്ന തരത്തിലുള്ളതായിരുന്നു.

“ലേഖനത്തിലെ ഉള്ളടക്കം ഞെട്ടിച്ചത് കുടുംബക്കാരെ മാത്രമല്ല, അഷിതയുടെ സുഹൃത്തുക്കൾ, ചികിത്സിച്ച ഡോക്ടർമാർ, അഭ്യുദയകാംക്ഷികൾ എന്നിവരെക്കൂടിയായിരുന്നു.

അഷിതയുടെ മാനസികപ്രശ്‌നങ്ങൾ, സമ്മർദം എന്നിവയെക്കുറിച്ചോ ആസന്നമായ ദുരന്തത്തെക്കുറിച്ചോ ചിന്തിക്കാതെയാണ് അത് പ്രസിദ്ധീകരിച്ചത്.

അഷിതയുടെ പ്രശ്‌നങ്ങൾ ഇക്കാലമത്രയും കുടുംബത്തിനകത്തുതന്നെ ഒതുക്കിവയ‌്ക്കാനായിരുന്നു ശ്രമിച്ചത്. കൗമാരത്തിൽ തന്നെ അഷിതയ‌്ക്ക‌് കടുത്ത സ്‌കിസോഫ്രീനിയ രോഗം പിടിപെട്ടിരുന്നു, അതിന്റെ സൂചന ലഭിക്കുന്നത് എഴുപതുകളുടെ തുടക്കത്തിലാണ്‌.

“അഷിത പറഞ്ഞതുപോലെ ഒരിക്കലും ഒരു മനോരോഗാശുപത്രിയിൽ അഷിതയെ പ്രവേശിപ്പിച്ചിട്ടില്ല. പേരുകേട്ട മനോരോഗ വിദഗ്ധരുടെ ക്ലിനിക്കിലായിരുന്നു ചികിത്സ.

രോഗംമൂലം അഷിത എല്ലായ്‌പ്പോഴും ജീവിച്ചിരുന്നത് യാഥാർഥ്യത്തിലും ഭാവനയിലുമുള്ള രണ്ടു ലോകങ്ങളിലാണ്. രണ്ടിനെയും പലപ്പോഴും വേർതിരിച്ചറിയാൻ സാധിച്ചിരുന്നില്ല.

കുടുംബാംഗങ്ങളെക്കുറിച്ച് ലേഖനത്തിൽ സൂചിപ്പിച്ച കാര്യങ്ങൾ അബദ്ധവും അതിശയോക്തിപരവുമാണ്. പലപ്പോഴും നിയന്ത്രണം വിട്ടിരുന്ന അഷിതയുടെ മനസ്സും ചിന്താഗതികളും ആത്മസഹതാപത്തെ ന്യായീകരിക്കാനും ദൈനംദിന സംഭവങ്ങൾ ഊതിവീർപ്പിച്ച് പർവതീകരിക്കാനുമുള്ള ശ്രമങ്ങളുടെ ഭാഗമായി നടന്നതാണെന്ന് തോന്നുന്നു.

“50 വർഷംമുമ്പ്‌ വഴിയിൽ ഉപേക്ഷിച്ചെന്നതും അഞ്ചു വയസ്സുള്ള അഷിതയെ പാൽ വാങ്ങാൻ നിർബന്ധിച്ച് അയച്ചെന്നതുമൊക്കെ ആ മതിഭ്രമത്തിന് ഉദാഹരണങ്ങളാണ്‌.

എഴുത്തുകാരന് അത് കണ്ടെത്താനും സത്യാവസ്ഥ തിരിച്ചറിയാനുമുള്ള സമയം ലേഖനം പ്രസിദ്ധീകരിക്കാനുള്ള തിരക്കിൽ കിട്ടിയിട്ടുണ്ടാകില്ല.

ഇതെല്ലാം പറയേണ്ടിവന്നതിൽ ഞങ്ങൾക്ക് ഖേദമുണ്ട്. പക്ഷേ, പറയാതെ നിവൃത്തിയില്ല. അഷിത അനുഗ്രഹീതയായ എഴുത്തുകാരിയായിരുന്നു.

അഷിതയ‌്ക്ക‌് മാതാപിതാക്കളും സഹോദരങ്ങളും നൽകിയ പ്രോത്സാഹനവും പരിചരണവും വളരെ വലുതാണ്. അതിലും പ്രധാനമാണ്‌ ഭർത്താവിന്റെ ക്ഷമയും പിന്തുണയും.

രോഗാവസ്ഥയിലും ചികിത്സയിലും അഷിതയുടെ സാഹിത്യവാസന പരിപോഷിപ്പിക്കാനും ലോകമറിയുന്ന അഷിതയാക്കി മാറ്റാനും കുടുംബം വഹിച്ച പങ്ക് ചെറുതല്ല.”

ഈ കത്തിനോടു പ്രതികരിച്ച് ചുള്ളിക്കാട് എ‍ഴുതിയ കുറിപ്പ് ഇങ്ങനെയാണ്:

“മരിച്ചുപോയ കഥാകാരി അഷിതയ്ക്ക് ഭ്രാന്തായിരുന്നു എന്നും, അവരുടെ ആത്മകഥയിൽ പറയുന്ന കാര്യങ്ങൾ നുണയാണെന്നും പറഞ്ഞുകൊണ്ട് അഷിതയുടെ സഹോദരൻ രംഗത്തുവന്നിരിക്കുന്നു.(ദേശാഭിമാനി).

“മറുപടി പറയാൻ ഇന്ന് അഷിത ഇല്ല. 1975മുതൽ എനിക്ക് അഷിതയുമായി സൗഹൃദമുണ്ട്.അഷിത യുടെ വിഷാദമോഹനവും ദീർഘവുമായ കത്തുകൾ എന്റെ കയ്യിൽ നിന്ന് നഷ്ടപ്പെട്ടുപോയി.

1979–82 കാലത്ത് ഞങ്ങൾ മഹാരാജാസ് കോളേജിൽ സഹപാഠികളുമായിരുന്നു. അക്കാലത്ത് അപരാഹ്നങ്ങളിൽ ലൈബ്രറിയിയുടെ അരികിലെ പടവുകളിലിരുന്ന് ഞങ്ങൾ ദീർഘനേരം സംസാരിക്കുമായിരുന്നു.

“അഷിത എന്നോടു പറഞ്ഞിട്ടുള്ള ഹൃദയഭേദകമായ അനുഭവങ്ങളുടെ സൗമ്യമായ ആവർത്തനം മാത്രമേയുള്ളു ഈയിടെ പ്രസിദ്ധീകരിച്ച പുസ്തകത്തിൽ.

ഭ്രാന്ത് നല്ല ഒരു ഒഴിവുകഴിവാണ് വീട്ടുകാർക്ക്. മരിച്ചവരെക്കുറിച്ചാമ്പോൾ എളുപ്പമുണ്ട്. അഷിത എന്നോടു പറഞ്ഞിട്ടുള്ളതും ഗുരുതരവുമായ ചില കാര്യങ്ങളുണ്ട്. അതൊന്നും എന്നെക്കൊണ്ട് പറയിപ്പിക്കരുത്.

മിസ്റ്റർ സന്തോഷ് നായർ,നിങ്ങളല്ല,ഞാനായിരുന്നു അഷിതയ്ക്കു സഹോദരൻ. നിങ്ങൾ അവർക്ക് ദുരന്തമായിരുന്നു എന്നു പറഞ്ഞുകൊണ്ടാണ് ചുള്ളിക്കാട് കുറിപ്പ് അവസാനിപ്പിക്കുന്നത്.

അഷിത അന്തരിക്കുന്നതിന് അല്പം മുമ്പാണ് അവരുടെ അഭിമുഖം പുറത്തുവന്നത്. അഭിമുഖത്തിൽ അവർ പറഞ്ഞ ഗാർഹികാനുഭവങ്ങൾ കേരളത്തെ ഞെട്ടിച്ചിരുന്നു. അഭിമുഖം പുറത്തുവന്നയുടൻതന്നെ അതിലെ ഉള്ളടക്കം വാർത്ത സൃഷ്ടിച്ചിരുന്നെങ്കിലും അഷിതയുടെ മരണശേഷംമാത്രമാണ് സഹോദരന്റെ പ്രതികരണം പുറത്തുവന്നിരിക്കുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News