ബംഗാളിൽ അവസാനഘട്ട വോട്ടെടുപ്പില്‍ ഒമ്പതു മണ്ഡലങ്ങളിൽ ഞായറാഴ്ച വോട്ടെടുപ്പ് നടക്കും. ഡംഡം, ബാരാസാത്ത്, ബസിർഘട്ട്, ജാദവ്‌പ്പൂർ, ഡയമണ്ട‌്ഹാർബർ, ജയനഗർ, മധുരാപ്പുർ, ഉത്തര കൊൽക്കത്ത, ദക്ഷിണ കൊൽക്കത്ത എന്നിവയാണ് മണ്ഡലങ്ങൾ. ആകെ 111 സ്ഥാനാർഥികളാണ് രംഗത്തുള്ളത്.

ഇടതുമുന്നണിയും- തൃണമൂൽകോൺഗ്രസും- ബിജെപിയും തമ്മിലാണ് എല്ലായിടത്തും പോരാട്ടം. കോൺഗ്രസ് എട്ടിടത്ത് സ്ഥാനാർഥിയെ നിർത്തിയിട്ടുണ്ടെങ്കിലും കാര്യമായ പ്രവർത്തനമൊന്നും സംഘടിപ്പിക്കാനായില്ല. സിപിഐ എം ആറിടത്തും സിപിഐ, ഫോർവേഡ് ബ്ലോക്ക്, ആർഎസ‌്പി ഓരോ സീറ്റിലും വീതമാണ് മൽസരിക്കുന്നത‌്.

വൻതോതിൽ ജനങ്ങളെ അണിനിരത്തി കാര്യമായ പ്രചാരണമാണ് എല്ലാ മണ്ഡലങ്ങളിലും ഇടതുമുന്നണി കാഴ്ചവച്ചത്. സിപിഐ എം സംസ്ഥാന കമ്മിറ്റിയംഗം നേപ്പാൾദേബ് ഭട്ടാചാര്യ, ജനാധിപത്യ മഹിളാ അസാസിയേഷൻ പശ്ചിമ ബംഗാൾ സംസ്ഥാന സെക്രട്ടറി കനീനി ബോസ്, കൊൽക്കത്ത മുനിസിപ്പൽ കോർപറേഷൻ മുൻ മേയറും പ്രമുഖ അഭിഭാഷകനുമായ വികാസ് ഭട്ടാചാര്യ, മമത ബാനർജിയുടെ അനന്തരവൻ അഭിഷേക് ബാനർജി, സൗഗത റായ്, ബിജെപി ദേശീയ ജനറൽ സെക്രട്ടറി രാഹുൽ സിൻഹ തുടങ്ങിയവരാണ് മത്സര രംഗത്തുള്ള പ്രമുഖർ.

ദക്ഷിണ കൊൽക്കത്തയിൽ സിപിഐ എമ്മിന്റെയും തൃണമൂലിന്റെയും കോൺഗ്രസിന്റെയും വനിതാ സ്ഥാനാർഥികൾ തമ്മിലാണ് പോരാട്ടം.പ്രചാരണത്തിന്റെ അവസാനഘട്ടത്തിൽ ബിജെപി അധ്യക്ഷൻ അമിത് ഷായുടെ റോഡ് ഷോയോടനുബന്ധിച്ച് തൃണമൂലും ബിജെപിയും തമ്മിൽ ഏറ്റുമുട്ടി. ബംഗാളി നവോത്ഥാന പ്രസ്ഥാന നായകനും എഴുത്തുകാരനുമായ ഈശ്വരചന്ദ്ര വിദ്യാസാഗറിന്റെ പ്രതിമ തകർത്തത് വൻ വിവാദമായി.

രാഷ്ട്രീയഭേദമെന്യേ എല്ലാവരും പ്രതിഷേധിച്ച സംഭവത്തിൽ വൈകാരികത സൃഷ്ടിച്ച് മുതലെടുപ്പ് നടത്താനുള്ള ശ്രമമാണ് മമത നടത്തിയത്. അക്രമത്തെ തുടർന്ന‌് തെരഞ്ഞെടുപ്പ് കമീഷൻ പ്രചാരണ സമയപരിധി ഒരു ദിവസം വെട്ടിക്കുറച്ചു.അന്തിമഘട്ട വോട്ടെടുപ്പിലും അക്രമത്തിനും ബൂത്ത് കൈയേറ്റത്തിനുമുള്ള തയ്യാറെടുപ്പാണ് തൃണമൂലും ബിജെപിയും നടത്തുന്നത്. രണ്ട‌ു കൂട്ടരും ഇതിനായി ഗുജറാത്ത്, മധ്യപ്രദേശ്, യുപി, ബിഹാർ എന്നിവിടങ്ങളിൽനിന്ന‌് ആളുകളെ ഇറക്കുമതി ചെയ്യുന്നുണ്ട‌്.