വിവിപാറ്റ് എണ്ണൽ : ഔദ്യോഗിക തെരഞ്ഞെടുപ്പ് ഫലപ്രഖ്യാപനം 10 മണിക്കൂർ വരെ വൈകും

ഔദ്യോഗിക ഫലപ്രഖ്യാപനം 10 മണിക്കൂർവരെ വൈകും
തെരഞ്ഞെടുപ്പ‌് ഫലത്തിന്റെ ഔദ്യോഗിക പ്രഖ്യാപനം പതിവിലും വൈകുമെന്ന് മുഖ്യതെരഞ്ഞെടുപ്പ് ഓഫീസർ ടിക്കാറാം മീണ പറഞ്ഞു. ഔദ്യോഗിക ഫലപ്രഖ്യാപനം പത്തുമണിക്കൂർവരെ വൈകിയേക്കാം. വിവിപാറ്റ് രസീതുകൾ കൂടി എണ്ണുന്നതിനാലാണിത‌്.

വോട്ടിങ‌് യന്ത്രങ്ങൾ വോട്ടുകൾ നാലുമണിക്കൂർകൊണ്ട് എണ്ണിത്തീരും. ഇതിനുശേഷം ഓരോ നിയമസഭാ മണ്ഡലത്തിലെയും അഞ്ചു ബൂത്തുകളിലെ വീതം വിവിപാറ്റ് രസീതുകൾ എണ്ണണം. ഇവ എണ്ണിത്തീർന്നശേഷമേ അന്തിമഫലം പ്രഖ്യാപിക്കാനാകു. തർക്കമുണ്ടെങ്കിൽ വീണ്ടും വിവിപാറ്റും ഇവിഎമ്മും എണ്ണും. ഇതിന‌് സമയം ഏറെ വേണ്ടിവരുമെന്നും ടിക്കാറാം മീണ അറിയിച്ചു.

140 വോട്ടെണ്ണൽ കേന്ദ്രം
23ന‌് രാവിലെ എട്ടുമുതലാണ‌് വോട്ടെണ്ണൽ. ഇതിനായി 29 സ്ഥലങ്ങളിൽ 140 വോട്ടെണ്ണൽ കേന്ദ്രം സജ്ജീകരിച്ചിട്ടുണ്ട‌്. ഇതുകൂടാതെ തപാൽ ബാലറ്റുകൾ എണ്ണുന്നതിനായി എല്ലാ ലോക്‌സഭാ മണ്ഡലങ്ങളിലും ഒന്നോ രണ്ടോ മുറികൾ ഒരുക്കും.

നിയമസഭാ മണ്ഡലാടിസ്ഥാനത്തിലാണ‌് വോട്ടെണ്ണൽ. രാവിലെ എട്ടിന‌് തപാൽ വോട്ടുകൾ എണ്ണും. അതോടൊപ്പം ഇടിബിഎസ് വഴി ലഭിച്ച സർവീസ് വോട്ടുകൾ സ്‌കാനിങ‌് ആരംഭിക്കും. വോട്ടെണ്ണൽദിവസം രാവിലെ എട്ടുവരെ ലഭിക്കുന്ന എല്ലാ തപാൽ വോട്ടുകളും എണ്ണും.

14 കൗണ്ടിങ് ടേബിൾ

പരമാവധി 14 കൗണ്ടിങ‌് ടേബിളാണ് സജ്ജീകരിച്ചത്. നാല‌് ടേബിളാണ് തപാൽ ബാലറ്റ് എണ്ണുന്നതിന് നിർദേശിച്ചിട്ടുള്ളത‌്. ആവശ്യമെങ്കിൽ കൂടുതലെണ്ണം ഒരുക്കും. പോസ്റ്റൽ ബാലറ്റ് പേപ്പറുകൾ എണ്ണുന്ന ടേബിളുകളിൽ സ്ഥാനാർഥികൾക്ക് ഒരു ടേബിളിൽ ഒരു ഏജന്റ് എന്ന കണക്കിൽ ഏർപ്പെടുത്താം.
മൊത്തം ലഭിച്ച തപാൽ ബാലറ്റുകളേക്കാൾ കുറവാണ് വിജയിച്ച സ്ഥാനാർഥിയുടെ മാർജിനെങ്കിൽ വീണ്ടും എണ്ണി ഉറപ്പാക്കുകയും അത് വീഡിയോയിൽ പകർത്തുകയും ചെയ്യും.

പാസ‌് നിർബന്ധം

കാർഡുള്ളവർ, നിരീക്ഷകർ, തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട സർക്കാർ ഉദ്യോഗസ്ഥർ, സ്ഥാനാർഥി/ഇലക്ഷൻ ഏജന്റ‌്/കൗണ്ടിങ‌് ഏജന്റ‌് എന്നിവർക്ക് മാത്രമായിരിക്കും വോട്ടെണ്ണൽ ഹാളുകളിൽ പ്രവേശനമുള്ളത്. ഒരു റൗണ്ടിലെ എല്ലാ വോട്ടിങ‌് യന്ത്രങ്ങളും എണ്ണി ഫലം പ്രഖ്യാപിച്ച ശേഷമേ അടുത്ത റൗണ്ടിലെ യന്ത്രങ്ങൾ എണ്ണൂ.

ഓരോ കൺട്രോൾ യൂണിറ്റിലെയും സീലുകൾ പരിശോധിച്ച് സുരക്ഷിതമാണെന്ന് ഉറപ്പുവരുത്തിയായിരിക്കും വോട്ടെണ്ണൽ തുടങ്ങുക. ഔദ്യോഗിക വീഡിയോ ക്യാമറ മാത്രമേ ഹാളിൽ സജ്ജീകരിക്കാൻ അനുമതിയുള്ളൂ. കമീഷൻ അനുവദിച്ച പാസുള്ള മാധ്യമപ്രവർത്തകർക്ക് കൗണ്ടിങ‌് ഹാളിൽ വീഡിയോ ക്യാമറ ഉപയോഗിക്കാം.

]ക്യാമറ സ്റ്റാൻഡ് കൊണ്ടുപോകരുത‌്. സുരക്ഷാചുമതലയുള്ള ഉദ്യോഗസ്ഥർ, റിട്ടേണിങ‌് ഓഫീസർ/ അസി. റിട്ടേണിങ‌് ഓഫീസർ ആവശ്യപ്പെടുന്ന സാഹചര്യങ്ങളിലല്ലാതെ കൗണ്ടിങ‌് ഹാളിൽ പ്രവേശിക്കാൻ പാടില്ലെന്നും മുഖ്യതെരഞ്ഞെടുപ്പ് ഓഫീസർ അറിയിച്ചു. വോട്ടെണ്ണൽ നടപടികൾക്ക് സുരക്ഷ ഒരുക്കാൻ എല്ലാ ക്രമീകരണങ്ങളും ഏർപ്പെടുത്തിയതായി ഡിജിപി ലോക്‌നാഥ് ബെഹ്‌റ അറിയിച്ചു.

700 വിവിപാറ്റ‌് യന്ത്രങ്ങൾ എണ്ണും

വോട്ടിങ‌് യന്ത്രങ്ങളിലെ വോട്ടെണ്ണൽ പൂർത്തിയാക്കിയശേഷമായിരിക്കും വിവിപാറ്റുകളിലെ പേപ്പർ രസീതുകൾ എണ്ണാൻ തുടങ്ങുക. കൈകൊണ്ടാണ‌് വിവിപാറ്റ‌് എണ്ണുക.അതിനാൽ ഏറെ സമയമെടുക്കും. ഒരുനിയമസഭാ മണ്ഡലത്തിലെ അഞ്ചു ബൂത്തുകളിലെ വിവിപാറ്റുകളാകും എണ്ണുക.

നറുക്കിലൂടെയാകും ഈ അഞ്ച‌് ബൂത്തുകൾ തെരഞ്ഞെടുക്കുക. 140 നിയമസഭാ മണ്ഡലങ്ങളിലായി 700 വിവിപാറ്റുകൾ എണ്ണണം. 1961-ലെ ഇലക്ഷൻ നടത്തിപ്പ് ചട്ടങ്ങളിലെ ചട്ടം 56 ഡി (4ബി) പ്രകാരം വോട്ടിങ‌് യന്ത്രത്തിലെ ഫലവും വിവിപാറ്റ് പേപ്പർ സ്ലിപ്പ് എണ്ണവും തമ്മിൽ വ്യത്യാസം ഉണ്ടെങ്കിൽ വിവിപാറ്റ് പേപ്പർ സ്ലിപ്പ് എണ്ണമായിരിക്കും അന്തിമം. പരാതിയുണ്ടെങ്കിൽ വീണ്ടും എണ്ണേണ്ടിവരും. വിവിപാറ്റ് സ്ലിപ്പുകൾ എണ്ണുന്നതിനായി പ്രത്യേകം വിവിപാറ്റ് കൗണ്ടിങ‌് ബൂത്തുകൾ സജ്ജീകരിച്ചിട്ടുണ്ട‌്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News