കണ്ണൂർ: ഒരു കള്ളവോട്ടിന്റെ പേരിൽ റീപോളിങ‌് നടത്തുന്നത‌് തെറ്റായ കീഴ‌്‌വഴക്കം സൃഷ്ടിക്കുമെന്ന‌് സിപിഐ എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. ആൾമാറാട്ടം നടത്തി ആരെങ്കിലും വോട്ടു ചെയ‌്തിട്ടുണ്ടെങ്കിൽ അവർക്കെതിരെ ക്രിമിനൽ കേസെടുക്കുകയാണു വേണ്ടത‌്.

അതിനു പകരം ആ ബൂത്തിൽ വോട്ടു ചെയ‌്ത ആയിരം പേരെയും ശിക്ഷിക്കേണ്ടതുണ്ടോയെന്ന‌് തെരഞ്ഞെടുപ്പു കമീഷൻ പരിശോധിക്കണം. ഇങ്ങനെ വന്നാൽ ഏതു ബൂത്തിലും ആക്ഷേപം വരാം.

കേരളത്തിലെ മുഴുവൻ ബൂത്തുകളിലും റീപോളിങ‌് നടത്തേണ്ട സാഹചര്യമാണുണ്ടാവുക–- കോടിയേരി പറഞ്ഞു. കണ്ണൂർ നായനാർ അക്കാദമിയിൽ മാധ്യമങ്ങളോടു സംസാരിക്കുകയായിരുന്നു അദ്ദേഹം.

റീപോളിങ‌് നടക്കുന്ന ഏഴു ബൂത്തിലും എൽഡിഎഫ‌് നില മെച്ചപ്പെടുത്തും. എല്ലായിടത്തും കഴിഞ്ഞ തവണത്തെക്കാൾ അനുകൂല സ്ഥിതിയാണുള്ളത‌്. യുഡിഎഫ‌് നേതാക്കൾ റീപോളിങ്ങിനെ എതിർക്കുന്നത‌് അവർക്ക‌് തിരിച്ചടിയുണ്ടാകുമെന്നുറപ്പായതിനാലാണ‌്.

ഞങ്ങൾ എതിർക്കുന്നില്ല. അവസാനഘട്ടത്തിൽ റീപോളിങ‌് നടത്താൻ തീരുമാനിച്ചതിനെയാണ‌് വിമർശിച്ചത‌്. മൂന്നു ബൂത്തുകളിൽ 17ന‌് വൈകിട്ട‌് നാലിനാണ‌് റിപോളിങ‌് പ്രഖ്യാപിച്ചത‌്. പ്രചരണത്തിന‌് കിട്ടിയത‌് രണ്ടു മണിക്കൂർ മാത്രം. ദൂരസ്ഥലങ്ങളിൽനിന്നു വരേണ്ട വോട്ടർമാർക്കൊന്നും എത്താനാവില്ല.

വേണ്ടത്ര അവധാനതയോടെയല്ല തെരഞ്ഞെടുപ്പു കമീഷൻ തീരുമാനമെടുത്ത‌്. ആദ്യം പ്രഖ്യാപിച്ച നാലു ബൂത്തുകൾക്കൊപ്പം തന്നെ ഈ മൂന്നു ബൂത്തുകളിലും പ്രഖ്യാപിക്കാമായിരുന്നു.

പർദ ധരിച്ച‌് വോട്ടു ചെയ്യാൻ വരുന്നതിനോട‌് എതിർപ്പില്ലെന്നും എന്നാൽ മുഖം മറച്ച‌് വോട്ടു ചെയ്യുന്നത‌് തെറ്റാണെന്നും കോടിയേരി ചോദ്യത്തിനു മറുപടി നൽകി. കേരളത്തിൽ വളരെക്കാലമായി സ‌്ത്രീകൾ പർദ ധരിച്ച‌് വോട്ടുചെയ്യുന്നുണ്ട‌്.

ഈ സൗകര്യം ആർമാറാട്ടം നടത്തി വോട്ടു ചെയ്യാൻ മുസ്ലിംലീഗുകാർ ദുരുപയോഗപ്പെടുത്തുന്നുവെന്നത‌് വസ‌്തുതയാണ‌്.

പോളിങ‌് ഏജന്റുമാരോ ഉദ്യോഗസ്ഥരോ ആവശ്യപ്പെട്ടാൽ മുഖാവരണം മാറ്റി യഥാർഥ വോട്ടറാണെന്നു വെളിപ്പെടുത്താൻ ഏത‌് വോട്ടർക്കും ബാധ്യതയുണ്ട‌്. ഇക്കാര്യത്തിൽ ശരിയായ തീരുമാനമാണ‌് തെരഞ്ഞെടുപ്പു കമീഷൻ എടുത്തത‌്.

ഇത‌് മതത്തിന്റെ പ്രശ‌്നമല്ല. മുഖം മറച്ച‌് വോട്ടുചെയ്യാമെന്നു വന്നാൽ നാളെ മറ്റു മതത്തിൽപ്പെട്ടവരും ഇങ്ങനെ വന്നേക്കും. ഇതിന്റെ പേരിൽ മുസ്ലിംലീഗുകാർ വർഗീയവിഷം തുപ്പുന്ന പ്രചാരണം നടത്തുന്നത‌് മനസ്സിലാക്കാം.

എന്നാൽ പ്രതിപക്ഷ നേതാവ‌് അടക്കമുള്ള കോൺഗ്രസ‌് നേതാക്കളും നടത്തിയാലോ. എസ‌്ഡിപിഐയുടെയും ജമാഅത്തെ ഇസ്ലാമിയുടെയും ഏജന്റുമാരായാണ‌് കോൺഗ്രസ‌് നേതാക്കൾ പ്രവർത്തിക്കുന്നത‌്.

അങ്ങേയറ്റത്തെ രാഷ‌്ട്രീയ അധഃപതനമാണിത‌്. തലശേരിയിൽ മുൻ നഗരസഭാംഗം സി ഒ ടി നസീറിന‌് വെട്ടേറ്റ സംഭവത്തിൽ സിപിഐ എമ്മിനു പങ്കില്ലെന്നും കോടിയേരി ചോദ്യത്തോടു പ്രതികരിച്ചു.

അയാളെ ശത്രുപക്ഷത്തു നിർത്തേണ്ട ആവശ്യം സിപിഐ എമ്മിനില്ല. കൊതുകിനെ കൊല്ലാൻ ആരെങ്കിലും തോക്കെടുക്കുമോ–- അദ്ദേഹം ചോദിച്ചു.