റീപോളിങ്: ലീഗ് കേന്ദ്രങ്ങളില്‍ പോളിങ് ശതമാനത്തില്‍ കുറവ്

കണ്ണൂർ: കണ്ണൂരിൽ കള്ളവോട്ട‌് നടന്നത‌് യുഡിഎഫ‌് കേന്ദ്രങ്ങളിലെന്ന‌് റീ പോളിങ്ങോടെ കൂടുതൽ വ്യക്തമായി. മുസ്ലിംലീഗ‌് കേന്ദ്രങ്ങളിൽ വ്യാപകമായി കള്ളവോട്ട‌് നടന്നുവെന്ന എൽഡിഎഫ‌് ആരോപണം ശരിവയ‌്ക്കുന്നതാണ‌് റീ പോളിങ്ങിലെ വോട്ടിങ‌് നില.

ലീഗ‌് ശക്തികേന്ദ്രമായ പുതിയങ്ങാടി ജമാഅത്ത‌് ഹയർസെക്കൻഡറി സ‌്കൂളിലെ 69ാംനമ്പർ ബൂത്തിൽ ആകെയുള്ള 1039ൽ 808 വോട്ടാണ‌് ഇത്തവണ പോൾ ചെയ‌്തത‌്.

അതിൽ രണ്ടെണ്ണം തെരഞ്ഞെടുപ്പ‌് ചുമതലയിലുള്ള ഉദ്യോഗസ്ഥരുടേതാണ‌്. 23ന‌് നടന്ന തെരഞ്ഞെടുപ്പിൽ ഇവിടെ 827 വോട്ടാണ‌് പോൾ ചെയ‌്തിരുന്നത‌്.

ഇത്തവണ 19 വോട്ട‌് കുറഞ്ഞു. 79.60 ശതമാനമുണ്ടായിരുന്ന പോളിങ്ങ‌് 77.57ആയി. ഇതേ സ‌്കൂളിലെ 70ാംനമ്പർ ബൂത്തിൽ ഗണ്യമായ കുറവാണ‌് വന്നത‌്.

കഴിഞ്ഞ തവണ 79.51 ശതമാനമുണ്ടായിരുന്ന പോളിങ്‌ 71.76 ശതമാനമായി. 70 വോട്ടിന്റെ കുറവ‌്. വെബ‌് ക്യാമറയടക്കം ഓഫ‌് ചെയ‌്തു യുഡിഎഫുകാർ കള്ളവോട്ട‌്ചെയ‌്ത ബൂത്തുകളാണിവ.

ആകെയുള്ള 903ൽ കഴിഞ്ഞ തവണ 718 പേർ വോട്ട‌് ചെയ‌്ത സ്ഥാനത്ത‌് ഇത്തവണ 648 പേർമാത്രമാണ‌് സമ്മതിദാനാവകാശം വിനിയോഗിച്ചത‌്.

ലീഗിന്റെ ശക്തി കേന്ദ്രമായ തളിപ്പറമ്പ‌് മണ്ഡലത്തിലെ പാമ്പുരുത്തിയിൽ പോളിങ്ങിൽ ഗണ്യമായ കുറവ‌് വന്നില്ലെങ്കിലും പുരുഷവോട്ടർമാരിൽ വന്ന വൻകുറവ‌് കള്ളവോട്ട‌് ആരോപണം ശരിവയ‌്ക്കുന്നു. 604 സ‌്ത്രീകൾ വോട്ട‌് ചെയ‌്തപ്പോൾ 429 പുരുഷന്മാർമാത്രമാണ‌് ഇവിടെ വോട്ട‌് ചെയ‌്തത‌്.

പാമ്പുരുത്തി ലീഗിന്റെ അഭിമാനകേന്ദ്രമായതിനാൽ ഇവിടെ പോളിങ്‌ നില ഉയർത്താൻ ലീഗുകാർ പഠിച്ച പണി പതിനെട്ടും പയറ്റിയിരുന്നു‌‌. നാട്ടിലില്ലാത്തവരുടെ വോട്ട‌് കള്ളവോട്ടായി ചെയ‌്തുവെന്ന ആരോപണമാണ‌് ഇവിടെ ഉയർന്നിരുന്നത‌്.

അത്തരം 28 പേരുടെ ലിസ‌്റ്റ‌് മാധ്യമങ്ങളിലുടെ പുറത്തുവന്നിരുന്നു. അതിനാൽ റീ പോളിങ്ങിൽ വോട്ട‌് ചെയ്യാൻ വിദേശത്തടക്കമുള്ളവരെ അവർ എത്തിച്ചു.

വിദേശത്ത‌് നിന്നുള്ളവരെ വിമാനത്താവളത്തിൽനിന്ന‌് രണ്ട‌് വലിയ വാഹനങ്ങളിലായാണ‌് ബൂത്തിലേക്ക‌് ലീഗുകാർ നേരിട്ട‌് എത്തിച്ചത‌്. പത്ത‌് ലക്ഷത്തിലധികം രൂപ വിമാനച്ചെലവിന‌് മാത്രമായി യുഡിഎഫ‌് ചെലവഴിച്ചു. ആകെയുള്ള 1249ൽ രണ്ട‌് ഉദ്യോഗസ്ഥ വോട്ടടക്കം 1033 വോട്ടുകളാണ‌് റീ പോളിങ്ങിൽ ചെയ‌്തത‌്.

അതിൽ ഒരു വോട്ട‌് പരാതിയെ തുടർന്നു വീണ്ടും ചെയ്യാൻ അനുവദിച്ചതായതിനാൽ ഇരട്ടവോട്ടായാണ‌് പരിഗണിക്കുന്നത‌്. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ ഇവിടെ 1031 വോട്ടാണ‌് ചെയ‌്തത‌്.

ധർമടം നിയമസഭാ മണ്ഡലത്തിലെ വേങ്ങാട‌് കുന്നിരിക്ക യുപി സ‌്കൂളിലെ 52, 53 ബൂത്തുകളിൽ കഴിഞ്ഞ തവണത്തേക്കാൾ വോട്ട‌് കുറഞ്ഞു.

എന്നാൽ എൽഡിഎഫ‌് വോട്ടുകളിൽ കുറവ‌് വന്നില്ല. അതേസമയം ഇവിടെ കോൺഗ്രസിന്റെയും ലീഗിന്റെയും പ്രധാനപ്രവർത്തകർ പോലും വോട്ട‌് ചെയ്യാൻ എത്തിയില്ല. തെരഞ്ഞെടുപ്പ‌് കമീഷന‌് പരാതി നൽകിയ വേങ്ങാട‌് മണ്ഡലം കോൺഗ്രസ‌് പ്രസിഡന്റ‌് ജനാർദനനും കുടുംബവും വിനോദയാത്രയിലാണ‌്.

23ന‌് പരാതിയൊന്നുമില്ലാതെ തെരഞ്ഞെടുപ്പ‌് നടന്ന പോളിങ്‌ ബൂത്തായിരുന്നു ഇത‌്. രാഷ്ട്രീയ താൽപര്യം മുൻ നിർത്തി പരാതി നൽകി പ്രദേശത്തിനാകെ അപമാനം വരുത്തിയതിൽ യുഡിഎഫ‌് അണികൾ ശക്തമായ പ്രതിഷേധത്തിലാണ‌്. റീ പോളിങ്ങിലും ഇത‌് പ്രതിഫലിച്ചു. 52ാം നമ്പർ ബൂത്തിൽ ആകെയുള്ള 1095ൽ കഴിഞ്ഞ തവണ 1000 വോട്ട‌് പോൾ ചെയ‌്തിരുന്നു.

എന്നാൽ ഇത്തവണ 973 പേര‌ാണ‌് വോട്ട‌് ചെയ‌്തത‌്. 88.85 ശതമാനം. 53ാം നമ്പർ ബൂത്തിൽ 1052 വോട്ടർമാരിൽ 901 പേരും സമ്മതിദാനാവകാശം വിനിയോഗിച്ചു.

കഴിഞ്ഞതവണ 943 വോട്ടാണ‌് പോൾ ചെയ‌്തിരുന്നത‌്. പിലാത്തറ യുപി സ‌്കൂളിലെ 19ാം നമ്പർ ബൂത്തിലും എൽഡിഎഫ‌് വോട്ടുകൾ മുഴുവനായും ചെയ‌്തിട്ടുണ്ട‌്.

ഇവിടെയും യുഡിഎഫ‌് വോട്ടുകൾ ബാക്കിയായി. ആകെയുള്ള 1091 വോട്ടിൽ ഇത്തവണ 906 പേരാണ‌് വോട്ട‌് ചെയ‌്തത‌്. 83.04 ശതമാനം. കഴിഞ്ഞതവണ 969 പേർ വോട്ടു ചെയ‌്തിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News