ഡിവൈഎഫ്ഐ നേതൃത്വത്തിൽ കോഴിക്കോട് ജില്ലയിൽ മഴക്കാലപൂർവ്വ ശുചീകരണം ആരംഭിച്ചു. മെഡിക്കൽ കോളേജ് പരിസരം അഖിലേന്ത്യാ പ്രസിഡന്റ് പി എ മുഹമ്മദ് റിയാസിന്റെ നേതൃത്വത്തിൽ വൃത്തിയാക്കി.

മാലിന്യ മുക്ത കേരളത്തിനായി നാടൊന്നാകെ കൈകോർക്കുകയാണ്. ഡി വൈ എഫ് ഐ നേതൃത്വത്തിൽ സംസ്ഥാന വ്യാപകമായി മഴക്കാലപൂർവ്വ ശുചീകരണ പ്രവർത്തനങ്ങൾ നടന്നു വരുന്നു.

കോഴിക്കോട് ജില്ലയിലെ ശുചീകരണ പ്രവർത്തനത്തിന് മെഡിക്കൽ കോളേജ് പരിസരത്ത് തുടക്കമായി. സൂപ്പർ സ്പെഷ്യാലിറ്റി ബ്ലോക്കിനടുത്ത് നടന്ന ശുചീകരണം അഖിലേന്ത്യ പ്രസിഡന്റ് പി എ മുഹമ്മദ് റിയാസ് ഉദ്ഘാടനം ചെയ്തു. ജില്ലാ ഭാരവാഹികളായ വി വസീഫ് , പി നിഖിൽ എന്നിവർ നേതൃത്വം നൽകി.

കാട് വെട്ടി തെളിയിച്ചും ചപ്പുചവറും പ്ലാസ്റ്റിക് മാലിന്യങ്ങളും നീക്കം ചെയ്തുമാണ് മെഡിക്കൽ കോളേജ് പരിസരം വൃത്തിയാക്കിയത്.

ഡിവൈഎഫ്ഐ ജില്ലാ കമ്മിറ്റി അംഗങ്ങളും നഗരത്തിലെ 3 ബ്ലോക്ക് കമ്മിറ്റിക്ക് കീഴിലെ പ്രവർത്തകരും ശുചീകരണത്തിൽ പങ്കാളികളായി.