ന്യൂയോര്‍ക്ക്: അമേരിക്കയുമായി യുദ്ധത്തിന് ഒരുങ്ങുകയാണെങ്കില്‍ അതോടെ ഇറാന്റെ അന്ത്യമായിരിക്കുമെന്ന് യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്.

സമീപകാലത്ത് ടെഹ്‌റാനെതിരെ മുഴക്കിയ ഏറ്റവും കടുത്ത ഭീഷണിയാണ് ഇത്. ഗള്‍ഫ് മേഖലയില്‍ രൂപം കൊണ്ട പ്രതിസന്ധിയെ മൂര്‍ച്ഛിപ്പിക്കുന്നതായിരിക്കും ട്രംപ് ഈ പ്രസ്താവന.

മധ്യ ഏഷ്യയിലെ തങ്ങളുടെ താല്‍പ്പര്യങ്ങള്‍ക്ക് കനത്ത തിരിച്ചടി ഉണ്ടാകുമെന്ന് ഭയന്നാണ് അമേരിക്കയുടെ നിലപാടെന്നാണ് വിലയിരുത്തുന്നത്.

ജോര്‍ജ്ജ് ബുഷിന്റെ കാലത്ത് ഇറാഖ് അധിനിവേശത്തിനു നേതൃത്വം കൊടുത്ത ജോണ്‍ ബോള്‍ട്ടനാണ് ട്രംപിന്റെ സൈനിക ഉപദേശകന്‍. അദ്ദേഹം ഇറാനെതിരെയുള്ള സൈനിക നടപടിക്ക് വേണ്ടി വൈറ്റ് ഹൗസിനെ പ്രേരിപ്പിക്കുന്നുണ്ട് എന്നതാണ് ‘ദി ഗാര്‍ഡിയന്‍’ അടക്കമുള്ള മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.

ഇറാനുമായി എതിരിട്ടു നില്‍ക്കാനുള്ള ശേഷി യുഎസിനുണ്ടെന്ന മിഥ്യാധാരണ ആര്‍ക്കുമുണ്ടാകില്ലെന്നും യുദ്ധമുണ്ടാകുമെന്ന് കരുതുന്നില്ലെന്നുമാണ് ഇറാന്‍ വിദേശകാര്യമന്ത്രി മൊഹമ്മദ് ജവാദ് സരീഫ് കഴിഞ്ഞ ദിവസം പ്രസ്താവിച്ചത്. ഇറാന്റെ ഔദ്യോഗിക വാര്‍ത്താ ഏജന്‍സിയോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

തന്റെ ചൈനാ സന്ദര്‍ശനത്തിനൊടുവിലാണ് ഇറാന്‍ വിദേശകാര്യമന്ത്രി സരീഫിന്റെ പുതിയ പ്രസ്താവനയെന്നതും ശ്രദ്ധേയമാണ്. ട്രംപിന് യുദ്ധത്തിന് താല്‍പര്യമില്ലെന്നും എന്നാല്‍ ഉപദേശകര്‍ അദ്ദേഹത്തെ ഇറാനുമായുള്ള യുദ്ധത്തിന് പ്രേരിപ്പിക്കുകയാണെന്നും സരിഫ് പറഞ്ഞു. അമേരിക്ക ഇറാനെതിരെ ശക്തമായി നിലകൊള്ളുന്നു എന്ന് വരുത്തിത്തീര്‍ക്കുകയാണ് ഈ നീക്കത്തിന്റെ ലക്ഷ്യമെന്നും അദ്ദേഹം വിശദീകരിച്ചു.

ഇറാനുമായുള്ള ബന്ധം സങ്കീര്‍ണമാകുന്നതിനിടെ ഗള്‍ഫിലേക്കുളള സൈനിക നീക്കം അമേരിക്ക ശക്തമാക്കിയത് കഴിഞ്ഞ ആഴ്ചയാണ്. യുദ്ധവിമാനങ്ങളും പാട്രിയറ്റ് മിസൈലുകളുമായി അമേരിക്കയുടെ യുദ്ധക്കപ്പല്‍ യുഎസ്എസ് ആര്‍ലിംങ്ടണ്‍ ഗള്‍ഫിലേക്ക് നീങ്ങിയതായി പെന്റഗണ്‍ അറിയിക്കുകയായിരുന്നു. യുഎസ് ബി 52 ബോംബര്‍ വിമാനങ്ങള്‍ ഖത്തറിലെ യു എസ് താവളത്തിലെത്തിയതായും പെന്റഗണ്‍ അറിയിച്ചു.

മേഖലയിലുള്ള യുഎസ് സൈനികര്‍ക്ക് നേരെ ആക്രമണം ഉണ്ടായേക്കാന്‍ സാധ്യതയുള്ളതുകൊണ്ടാണ് സൈനിക നീക്കം നടത്തുന്നതെന്നാണ് പെന്റഗണിന്റെ വിശദീകരണം. എന്നാല്‍ സൈനിക നീക്കത്തിനായി പറയുന്ന കാര്യങ്ങള്‍ വിഡ്ഢിത്തമാണെന്ന് ഇറാന്‍ പ്രതികരിച്ചു. രാജ്യത്തെ ഭീഷണിപെടുത്തി നിര്‍ത്താനുള്ള തന്ത്രത്തിന്റെ ഭാഗമായാണ് അമേരിക്ക സൈനിക നീക്കം നടത്തുന്നതെന്നും ഇറാന്‍ ആരോപിച്ചിരുന്നു.

അതേസമയം, ഇറാഖി സായുധ സംഘങ്ങളോട് ‘ഒരു നിഴല്‍ യുദ്ധത്തിന് തയ്യാറെടുക്കാന്‍’ ഇറാന്റെ ഏറ്റവും പ്രധാനപ്പെട്ട സൈനിക നേതാവ് മേജര്‍ ജനറല്‍ ഖാസിം സുലൈമാനി പറഞ്ഞതായി ‘ദ ഗാര്‍ഡിയന്‍’ പത്രം പുറത്തുവിട്ടിരുന്നു. മൂന്ന് ആഴ്ചകള്‍ക്ക് മുന്‍പ് ബാഗ്ദാദിലെത്തി ഇറാനു സ്വാധീനമുള്ള സായുധ സംഘങ്ങളെ സുലൈമാനി നേരില്‍ കണ്ടു സംസാരിച്ചു എന്നാണ് റിപ്പോര്‍ട്ട്.