തെരഞ്ഞെടുപ്പ് കമ്മീഷന്‍ നടപടികളുമായി സഹകരിക്കണം; ലവാസയ്ക്ക് സുനില്‍ അറോറയുടെ കത്ത്

തെരഞ്ഞെടുപ്പ് കമ്മീഷന്‍ അംഗം അശോക് ലവാസയ്ക്ക് തെരഞ്ഞെടുപ്പ് കമ്മീഷണര്‍ സുനില്‍ അറോറയുടെ കത്ത്.

കമ്മീഷന്‍ നടപടികളുമായി സഹകരിക്കണമെന്ന് ആവശ്യപ്പെട്ടാണ് കത്തെഴുതിയത്. അമിത്ഷാക്കും, മോദിക്കും ക്ലീന്‍ ചിറ്റ് നല്‍കിയതിനെതിരെ ലാവാസ ഉന്നയിച്ച പ്രശ്നങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ കമ്മീഷന്‍ നാളെ യോഗം ചേരാനും തീരുമാനിച്ചിട്ടുണ്ട്.

പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും, ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷാക്കും ചട്ടലംഘന പരാതികളില്‍ ക്ലീന്‍ ചിറ്റ് നല്‍കിയതിനെ തുടര്‍ന്നാണ് കമ്മീഷന്‍ അംഗംങ്ങള്‍ക്കിടയില്‍ ആഭ്യന്തര കലാപം പൊട്ടിപ്പുറപ്പെട്ടത്.

കമ്മീഷന്‍ അംഗം അശോക് ലാവാസയുടെ എതിര്‍പ്പ് പരസ്യമായതോടെ തെരഞ്ഞെടുപ്പ് കമ്മീഷനെതിരെ പ്രതിഷേധങ്ങള്‍ ശക്തമായി. ഈ സാഹചര്യത്തിലാണ് മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണറായ സുനില്‍ അറോറ പ്രശനപരിഹാരത്തിന് വഴികള്‍ തേടി രംഗത്തെത്തിയത്. കമ്മീഷന്റെ നടപടികളില്‍ സഹകരിക്കണമെന്ന് ആവശ്യപ്പെട്ട് അശോക് ലാവാസക്ക് സുനില്‍ അറോറ കത്തെഴുതി.

ഔദ്യോഗികമായി രണ്ട് കത്തുകളെഴുതിയെന്നാണ് റിപ്പോര്‍ട്ടുകള്‍. അതോടെപ്പം കമ്മീഷന്റെ നടപടികളെ അതിന്റെ പ്രാധ്യാന്യത്തോടെ കാണണമെന്നും, ഇത്തരം അഭിപ്രായ ഭിന്നതകള്‍ കുറച്ചുകൂടി സൗമ്യമായി ഉന്നയിക്കണമായിരുന്നെന്നും കത്തില്‍ ചൂണ്ടിക്കാട്ടുന്നു. ഇപ്പോഴുള്ള വിവാദങ്ങള്‍ അനാവശ്യമെന്നും അനവസരത്തിലുള്ളതെന്നും സുനില്‍ അറോറ നേരത്തെ വ്യക്തമാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് ലാവാസയ്ക്ക് കത്തെഴുതിയതും.

അതേസമയം, വിവാദങ്ങള്‍ ശക്തമായ പശ്ചാത്തലത്തില്‍ നാളെ കമ്മീഷന്‍ അംഗങ്ങളുടെ യോഗം ചേരാന്‍ തീരുമാനിച്ചിട്ടുണ്ട്. മോദിക്കും അമിത്ഷായ്ക്കും ക്ലീന്‍ ചിറ്റ് നല്‍കിയതിനെതിരെ അശോക് ലാവാസ ചൂണ്ടിക്കാട്ടിയ പ്രശ്നങ്ങള്‍ ചര്‍ച്ച ചെയ്യാനാണ് യോഗം ചേരുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here