കേരളാ കോൺഗ്രസ് സംഘടനാ തിരഞ്ഞെടുപ്പ് വൈകിപ്പിക്കാൻ ജോസഫ് വിഭാഗത്തിന്‍റെ നീക്കം

കേരളാ കോൺഗ്രസ് സംഘടനാ തിരഞ്ഞെടുപ്പ് വൈകിപ്പിക്കാൻ ജോസഫ് വിഭാഗത്തിന്റെ നീക്കം. സംസ്ഥാന കമ്മറ്റി വിളിക്കണമെന്ന ആവശ്യവുമായി ജോസ് കെ മാണി രംഗത്ത്. വിട്ടുവീഴ്ച്ചയില്ലാത്ത തുറന്ന പോരിന് വേദിയായി കേരള കോൺഗ്രസ് രാഷ്ട്രീയം.

പി ജെ ജോസഫിനെ താൽക്കാലിക ചെയർമാനായി നിയമിച്ചു തിരഞ്ഞെടുപ്പു കമ്മിഷന്റെ കത്ത് ലഭിച്ചതോടെ സംഘടനാ തിരഞ്ഞെടുപ്പു വൈകിപ്പിച്ച് ചെയർമാൻ സ്ഥാനത്ത് തുടരാനാണ് ജോസഫ് വിഭാഗത്തിന്റെ നീക്കം.

സംസ്ഥാന കമ്മറ്റി വിളിക്കണമെന്ന ജോസ് കെ മാണിയുടെ നിലപാടിനെ ജോസഫ് വിഭാഗം മുഖവിലയ്ക്കെടുക്കുന്നില്ല. തിരഞ്ഞെടുപ്പിലൂടെയല്ല, സമവായത്തിലൂടെ ചെയർമാനെ കണ്ടെത്തണമെന്നാണു പാർട്ടി ഭരണഘടന നിർദേശിക്കുന്നതെന്നാണ് ജോസഫ് വിഭാഗത്തിന്റെ അഭിപ്രായം.

പാർട്ടി സംസ്ഥാന കമ്മറ്റിയിൽ മാണി വിഭാഗത്തിനാണ് മുൻതൂക്കമുള്ളത്. കമ്മിറ്റിയിൽ തിരഞ്ഞെടുപ്പു നടത്തി ജോസ് കെ. മാണിയെ ചെയർമാനാക്കാനാണു മാണി വിഭാഗം ലക്ഷ്യമിടുന്നത്. അതിനാൽ സമവായമുണ്ടായാലും സംസ്ഥാന കമ്മറ്റി വിളിക്കണമെന്നാണ് ജോസ് കെ മാണി ആവശ്യപ്പെടുന്നത്.

നിയമസഭാ സമ്മേളനത്തിന് മുമ്പ് പാർലമെന്ററി പാർട്ടി നേതാവിനെ തിരഞ്ഞെടുക്കേണ്ട കടമ്പയും കേരളാ കോൺഗ്രസിന് പൂർത്തികരിക്കണം. തർക്കം നീണ്ടു പോയാൽ സി.എഫ്. തോമസ് ചെയർമാൻ, പി.ജെ. ജോസഫ് വർക്കിങ് ചെയർമാനും പാർലമെന്ററി പാർട്ടി ലീഡറും, ജോസ് കെ. മാണി ഡപ്യൂട്ടി ചെയർമാൻ എന്ന ഒത്തുതീർ‌പ്പു ഫോർമുലയും ഒരു വിഭാഗം മുന്നോട്ട് വയ്ക്കുന്നുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News