ബിജെപിക്ക് മറുപടി; മധ്യപ്രദേശില്‍ ഭൂരിപക്ഷം തെളിയിക്കാന്‍ തയ്യാറെന്ന് കമല്‍ നാഥ്

മധ്യപ്രദേശില്‍ ഭൂരിപക്ഷം തെളിയിക്കാന്‍ തയ്യാറെന്ന് മുഖ്യമന്ത്രി കമല്‍ നാഥ്. കമല്‍ നാഥിന്‍റെ കോണ്‍ഗ്രസ് സര്‍ക്കാരിനു ഭൂരിപക്ഷമില്ലെന്നു കാണിച്ച് പ്രതിപക്ഷനേതാവ് ഗോപാല്‍ ഭാര്‍ഗവ ഗവര്‍ണര്‍ക്ക് കത്തയച്ചതിനോട് പ്രതികരിക്കുകയായിരുന്നു മുഖ്യമന്ത്രി. എ.എന്‍.ഐ യാണ് കമല്‍നാഥിന്‍റെ പ്രതികരണം റിപ്പോര്ട്ട് ചെയ്തിരിക്കുന്നത്.

‘അവര്‍ (ബിജെപി) ഒന്നാം ദിവസം മുതല്‍ ഇതിന് ശ്രമിക്കുന്നു. കഴിഞ്ഞ 5 മാസങ്ങളിലായി നാലു വട്ടമാണ് ഭൂരിപക്ഷം തെളിയിച്ചത്. അവര്‍ക്കത് ഇനിയും വേണമെന്നുണ്ടോ, ഞങ്ങള്‍ക്ക് ഒരു പ്രശ്‌നവുമില്ല. സ്വയം രക്ഷപ്പെടാനായി അവര്‍ നിലവിലെ സര്‍ക്കാറിനെ ബുദ്ധിമുട്ടിക്കാന്‍ ശ്രമിക്കുകയാണ്’- കമല്‍ നാഥ് പറയുന്നു.

മധ്യപ്രദേശിലെ ചില കോണ്‍ഗ്രസ് എംഎല്‍എമാര്‍ ബിജെപിയില്‍ ചേരാന്‍ സന്നദ്ധത അറിയിച്ചതായി പ്രതിപക്ഷനേതാവ് ഗോപാല്‍ ഭാര്‍ഗവ അവകാശപ്പെട്ടിരുന്നു. അതിനാല്‍ കമല്‍നാഥ് സര്‍ക്കാരിന് ഭൂരിപക്ഷമില്ലെന്നും നിയമസഭാ സമ്മേളനം വിളിച്ചുചേര്‍ക്കണമെന്നും ഗോപാല്‍ ഭാര്‍ഗവ ഗവര്‍ണറോട് ആവശ്യപ്പെട്ടിരുന്നു.

മധ്യപ്രദേശില്‍ കഴിഞ്ഞ 15 വര്‍ഷം അധികാരത്തിലിരുന്ന ബിജെപിയെ 2018 നവംബറിലാണ് കോണ്‍ഗ്രസ് താഴെയിറക്കിയത്.

230 അംഗ നിയമസഭയില്‍ കോണ്‍ഗ്രസിന് 113 സീറ്റാണ് ഇപ്പോഴുള്ളത്. ബിഎസ്പിയുടെ രണ്ടും എസ്പിയും ഒന്നും നാല് സ്വതന്ത്രരും ഉള്‍പ്പെടെ 120 അംഗങ്ങളുടെ പിന്തുണയാണ് കമല്‍ നാഥ് സര്‍ക്കാരിനുള്ളത്. കേവലഭൂരിപക്ഷത്തിനു 116 സീറ്റാണ് വേണ്ടത്.
പ്രതിപക്ഷകക്ഷിയായ ബിജെപിക്ക് 109 സീറ്റാണുള്ളത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here