മൂന്നാറില്‍ വീണ്ടും ഭൂമി കയ്യേറാന്‍ നീക്കം. പഴയമൂന്നാറില്‍ കയ്യേറാന്‍ ശ്രമിച്ച സര്‍ക്കാര്‍ ഭൂമി റവന്യൂ ഉദ്യോഗസ്ഥര്‍ തിരിച്ചുപിടിച്ചു. കയ്യേറ്റം തടയാന്‍ നടപടി ശക്തമാക്കുമെന്ന് ദേവികുളം സബ്കലക്ടര്‍ പറഞ്ഞു.

പഴയമൂന്നാറില്‍ പട്ടാപ്പകല്‍ ഭൂമി കയ്യേറാനുള്ള ശ്രമങ്ങളാണ് നടന്നത്. സര്‍ക്കാര്‍ ഭൂമി കാട് വെട്ടിത്തെളിച്ച് അതിര്‍ത്തി തിരിക്കുന്നതായുള്ള വിവരം ലഭിച്ചതോടെ റവന്യൂ ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തുകയായിരുന്നു. ഉദ്യോഗസ്ഥര്‍ എത്തിയതോടെ കയ്യേറ്റക്കാര്‍ ഓടി രക്ഷപ്പെട്ടു. കോടികള്‍ വിലമതിക്കുന്ന റോഡിനോട് ചേര്‍ന്ന സ്ഥലമാണ് കയ്യേറാന്‍ ശ്രമിച്ചത്.

മൂന്നാറിലെ കയ്യേറ്റങ്ങള്‍ സംബന്ധിച്ച പരാതികള്‍ വിശദമായി പഠിച്ചുവരികയാണെന്നും നടപടി ശക്തമാക്കുമെന്നും ദവികുളം സബ്കലക്ടര്‍ ഡോ. രേണുരാജ് പറഞ്ഞു. മൂന്നാറിലെ ഭൂമി കയ്യേറ്റവുമായി ബന്ധപ്പെട്ട കേസുകള്‍ സമയബന്ധിതമായി തീര്‍പ്പാകാത്തതിന്റെ മറവിലാണ് ഭൂമാഫിയ വീണ്ടും സജീവമാകുന്നതെന്നാണ് ആരോപണം.